കൊച്ചി: പൂരം കലക്കല്‍ വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരിക്കെതിരെ നടക്കുന്നത് സംഘടിത ആക്രമണമെന്നും ഇതിനെ ചെറുക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു. യാതൊരു തെളിവുമില്ലാതെ നിയമസഭയില്‍ അംഗമല്ലാത്ത ഒരാളെ കുറിച്ച് പറയുമ്പോള്‍ വിഷയത്തില്‍ ഇടപെടാന്‍ സ്പീക്കറും തയ്യാറായില്ല. രേഖകളില്‍ നിന്ന് ഈ പരാമര്‍ശങ്ങള്‍ നീക്കണം.
കള്ളക്കടത്ത്- മയക്കുമരുന്ന് മാഫിയയെ സംരക്ഷിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രത്യേക താല്‍പര്യമുള്ളതായും ആര്‍.വി. ബാബു കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തൃശ്ശൂര്‍ പൂരം കലക്കിയത് ആര്‍എസ്എസും വത്സന്‍ തില്ലങ്കരിയുമാണെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രിമാരും പ്രതിപക്ഷ നേതാവും സംഘടിതമായി പറഞ്ഞിരുന്നു. വത്സന്‍ തില്ലങ്കരിയെ ലക്ഷ്യവെച്ചുള്ള ഇത്തരം നുണപ്രചാരണം ഹൈന്ദവ സമൂഹത്തെ തന്നെ അപമാനിക്കാന്‍ ലക്ഷ്യംവച്ചുള്ളതാണ്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് ഹിന്ദു ഏകീകരണം നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇത് തകര്‍ക്കുന്നതിനാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത് തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യത്തിന് തടസമാകുമെന്നുള്ള തിരിച്ചറിവാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കം നോക്കി നില്ക്കാനാകില്ല. നേതാക്കളെ വിവാദങ്ങളില്‍പ്പെടുത്തി വിശ്വാസം തകര്‍ത്ത് ഹൈന്ദവ ഏകീകരണം ഇല്ലാതാക്കാനാണ് ഇവരുടെ സംഘടിത ശ്രമം. ജമാത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ചാനല്‍ തുടങ്ങിവെച്ച നുണപ്രചരണമാണ് ഭരണ-പ്രതിപക്ഷ മുന്നണിയിലെ നേതാക്കള്‍ ഏറ്റെടുത്തിരിക്കുന്നത്. പൂരം വിവാദത്തില്‍ ഒരു അന്വേഷണ ഏജന്‍സിയും ആര്‍എസ്എസിനും വത്സന്‍ തില്ലങ്കരിക്കും പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ മതതീവ്രവാദത്തിന്റെ പിന്‍ബലമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂരം കലക്കാനുള്ള ശ്രമം വര്‍ഷങ്ങളായി നടക്കുന്നതാണ്. വിഷയത്തില്‍ ശരിയായ അന്വേഷണം നടക്കണം. വത്സന്‍ തില്ലങ്കേരിക്കെതിരെയുള്ള സംഘടിത ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി 15ന് നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ചും 17ന് തശ്ശൂരില്‍ പ്രതിഷേധ സമ്മേളനവും നടത്തും. ഇതിനൊപ്പം സ്പീക്കറേയും ഗവര്‍ണറേയും നേരില്‍ക്കണ്ട് വിഷയം ധരിപ്പിക്കുമെന്നും ബാബു പറഞ്ഞു.
സംസ്ഥാന ജന. സെക്രട്ടറി പി. സുധാകരന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.വി. ശിവന്‍, ക്യാപ്റ്റന്‍ സുന്ദരം, എറണാകുളം ജില്ലാ ജന. സെക്രട്ടറി ആ. ഭാ. ബിജു എന്നിവരും പങ്കെടുത്തു.
Discussion about this post