ഭാരതം കണ്ട പ്രഗൽഭനായ വാഗ്മി, സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിൽ പ്രശസ്തനാണ് ബിപിൻ ചന്ദ്രപാൽ. ലാൽ ബാൽ പാൽ ത്രയത്തിലെ മൂന്നാമനാണ് ബിപിൻ ചന്ദ്ര പാൽ. ദേശഭക്തിയുടെ പ്രവാചകൻ എന്നാണ് അരവിന്ദ ഘോഷ് ബിപിൻ ചന്ദ്രപാലിനെ വിശേഷിപ്പിച്ചത്. പൂർണ്ണസ്വരാജ് എന്ന ആശയം കോൺഗ്രസ്സിനേക്കാൾ മുമ്പ് സ്വീകരിച്ച ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
ബംഗാൾ വിഭജനകാലത്ത് വിദേശ ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ച് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചു. തൊട്ടുകൂടായ്മക്കെതിരേയും, സതി എന്ന ആചാരത്തിനെതിരേയും സന്ധിയില്ലാ സമരത്തിലേർപ്പെട്ടു. പാവങ്ങളുടേയും തൊഴിലാളികളുടേയും ക്ഷേമത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം ഉഴിഞ്ഞുവച്ചത്. ഭാരത നവോത്ഥാനത്തിന്റെ നേതാക്കളിലൊരാൾ എന്ന രീതിയിലും ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. സ്വാതന്ത്ര്യസമരത്തിൽ ബാൽ-ലാൽ-പാൽ ത്രയം എന്നറിയപ്പെട്ട ബാലഗംഗാധര തിലകൻ, ലാലാ ലജ്പത്‌റായ്, ബിപിൻ ചന്ദ്രപാൽ എന്നിവർ അണികൾക്ക് ആവേശം പകരുകയും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറുകയും ചെയ്‌തു. സി.ആർ.ദാസുമായുണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അദ്ദേഹം കോൺഗ്രസ്സിൽ നിന്നും വീണ്ടും രാജിവെച്ചു. ബംഗാൾ പ്രൊവിൻഷ്യൽ കോൺഗ്രസ്സ് കമ്മിറ്റിയിൽ നിന്നും, കൂടാതെ, ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയിൽ നിന്നും തന്റെ അംഗത്വം അദ്ദേഹം പിൻവലിച്ചു. 1923 ൽ കൽക്കട്ടയിൽ ഒരു സ്വതന്ത്രനായി മത്സരിച്ചു നിയമസഭയിലെത്തി. ഏതാണ്ട് മൂന്നുവർഷക്കാലം താൻ പ്രതിനിധീകരിക്കുന്നു പ്രദേശത്തെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ അദ്ദേഹം പരിശ്രമിച്ചു. ഇക്കാലമത്രയും പ്രതിപക്ഷത്തായിരുന്നു ബിപിൻ.
അക്കാലത്ത് വിധവാവിവാഹം സമൂഹത്തിൽ നിഷിദ്ധമായിരുന്നു. എതിർപ്പുകളെ വകവെയ്‌ക്കാതെ ഒരു വിധവയെ ബിപിൻ ചന്ദ്രപാൽ വിവാഹം ചെയ്‌തു. അനാചാരങ്ങൾക്കെതിരായി ജനങ്ങളെ ബോധവാന്മാരാക്കാൻ അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ പോയി പ്രസംഗിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.ഇംഗ്ലണ്ടിൽ അദ്ദേഹം നടത്തിയ സ്വരാജ് പത്രം ഭാരതത്തിൽ നിരോധിച്ചിരുന്നു.
അരവിന്ദഘോഷിനെതിരെ സാക്ഷി പറയില്ല എന്നു പറഞ്ഞതിന് അദ്ദേഹത്തെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിച്ചു.
സ്വരാജിനു വേണ്ടി നിരന്തരം വാദിച്ച ആ സ്വാതന്ത്ര്യ സമര സേനാനി 1932 ൽ മരിച്ചു.
Discussion about this post