കോഴിക്കോട്: വഴിതെറ്റുന്ന കപ്പലുകള്‍ക്ക് ദിശ കാട്ടുന്ന ദീപസ്തംഭം പോലെ ഭാരതം ലോകരാജ്യങ്ങള്‍ക്ക് വഴികാട്ടിയാവുകയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ ഡോ. മന്‍മോഹന്‍ വൈദ്യ. കേസരിയുടെ അമൃതശതം പ്രഭാഷണ പരമ്പരയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടമെന്ന സാങ്കേതിക സംവിധാനത്തിനപ്പുറം ആത്മീയസത്തയുള്ള സാംസ്‌കാരികതയുടെ ആധാരമുള്ളതിനാലാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് ഭാരതം വ്യത്യസ്തമായിരിക്കുന്നതെന്ന് ഡോ. വൈദ്യ പറഞ്ഞു.
പതിനാറാം നൂറ്റാണ്ടുവരെ ലോകത്ത്, ഭാരതത്തിന്റെ ധനവിഹിതം 30 ശതമാനമായിരുന്നു. കയറ്റുമതി അധികവും ഇറക്കുമതി കുറവുമായിരുന്നു. ലോഹങ്ങള്‍, തുകല്‍, സുഗന്ധവസ്തുക്കള്‍, വസ്ത്രം തുടങ്ങിയവയാണ് ഭാരതം കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍, യുറോപ്യന്‍ അധിനിവേശത്തിനു ശേഷവും പിന്നീട് സ്വാതന്ത്ര്യാനന്തര ഭാരതവും മറ്റൊരു ഗതിയിലായി. പണ്ഡിറ്റ് നെഹ്‌റു ഭാരതവിരുദ്ധനായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യത്യസ്തമായതാണ് പ്രശ്‌നമായത്. നാനാത്വമല്ല, ഏകത്വത്തിന്റെ ആഘോഷ വൈവിധ്യമാണ് ഭാരതത്തില്‍. അത് തിരിച്ചറിയാന്‍ രാജ്യത്തെ നയിച്ചവര്‍ക്ക് ഏറെക്കാലം കഴിഞ്ഞില്ല. 2014 ന് ശേഷമാണ് പാശ്ചാത്യ വഴിയില്‍ നിന്ന് ഭരണപരമായി ശരിയായ വഴിയില്‍ നമ്മുടെ രാജ്യം മാറിയത്. അത് ഹിന്ദുത്വത്തിലേക്ക് മാറി; ഹിന്ദുത്വം മതമല്ല, ഇസവുമല്ല. മറിച്ച്, ധര്‍മ്മമാണ്, സംസ്‌കാരമാണ്, മന്‍മോഹന്‍ വൈദ്യ പറഞ്ഞു. മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള രാഷ്‌ട്രസേവാ പുരസ്‌കാരം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറത്തിന് അദ്ദേഹം സമര്‍പ്പിച്ചു. യുവമാധ്യമപ്രവര്‍ത്തകര്‍ക്കുള്ള രാഘവീയം പുരസ്‌കാരം മാതൃഭൂമി ഓണ്‍ലൈന്‍ കണ്ടന്റ് റൈറ്റര്‍ എ.യു. അമൃത ഏറ്റുവാങ്ങി.
പരിപാടിയില്‍ അഡ്വ. പി.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ എം. രാഘവന്‍ അനുസ് മരണം നടത്തി. ഷാജന്‍ സ്‌കറിയ, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, ഡോ. എന്‍.ആര്‍. മധു തുടങ്ങിയവര്‍ സംസാരിച്ചു. മുരളി പാറപ്പുറം മറുമൊഴി നല്‍കി. ഗായത്രി മധുസൂദന്റെ മോഹിനിയാട്ടം അരങ്ങേറി.
Discussion about this post