ന്യൂഡൽഹി: ഭാരതത്തിന്റെ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ഭാഗമായി ആളില്ലാ പേടകം അടുത്ത വർഷം മാർച്ചിൽ വിക്ഷേപിക്കും. ‘ഗഗൻയാൻ ജി1 മിഷൻ’, എന്ന വിശേഷിപ്പിക്കുന്ന പേടകം, ശ്രീഹരിക്കോട്ടയിൽ നിന്നാണ് ബഹിരാകാശത്തേക്ക് കുതിച്ചുയരുക.
ദൗത്യത്തിന്റെ മുഴുവൻ സമയ നിരീക്ഷണത്തിനായി പെസഫിക്ക് – അറ്റ്ലാന്റിക്ക് സമുദ്രങ്ങളിൽ ഐഎസ്ആർഒ ശാസ്ത്രൻമാരെ വ്യന്യസിക്കും. പ്രത്യേക കപ്പലുകളിലായിരിക്കും നിരീക്ഷണ കേന്ദ്രങ്ങൾ ഒരുക്കുക. 2025 മാർച്ച് 1 നും 2025 ഓഗസ്റ്റ് 31 നും ഇടയിലായിരിക്കും വിക്ഷേപണമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അത്യാഹിത ഘട്ടങ്ങളിൽ ബഹിരാകാശയാത്രികരെ രക്ഷിക്കാൻ ഉപയോഗിക്കാവുന്ന ക്രൂ എസ്കേപ്പ് സിസ്റ്റം ( crew escape system) പരീക്ഷിക്കാനാണ് ആദ്യത്തെ ദൗത്യത്തിലൂടെ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതിന്റെ വിജയം ഗഗൻയാന്റെ ആളില്ലാ ദൗത്യത്തിന് വേഗത കൂട്ടും.
ദിവസങ്ങൾക്ക് മുമ്പ് ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ഐഎസ്ആർഒയും ഓസ്ട്രേലിയൻ സ്പേസ് ഏജൻസിയുമായി (ASA) നിർണായക കരാറിൽ ഒപ്പുവെച്ചിരുന്നു. ദൗത്യത്തിന് ശേഷം ഗഗനസഞ്ചാരികളെ ഇറക്കുന്നത് ഇന്ത്യാ മഹാസമുദ്രത്തിലായിരിക്കും. പ്രസ്തുത ദൗത്യം പൂർത്തിയാക്കാനാണ് ഓസ്ട്രേലിയൻ സ്പേസ് ഏജൻസിയുടെ സഹായം തേടിയത്.
ഇന്ത്യ ലോ എർത്ത് ഓർബിറ്റിലേക്ക് ആദ്യമായി സ്വന്തം പേടകത്തിൽ മനുഷ്യനെ അയക്കുന്ന പദ്ധതിയാണ് ഗഗൻയാൻ. ബഹിരാകാശത്തേക്ക് മൂന്ന് ക്രൂ അംഗങ്ങളെയാവും ഗഗൻയാൻ പേടകത്തിൽ ഭാരതം അയക്കുക. സംഘത്തെ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച ശേഷം സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഗഗൻയാൻ ദൗത്യത്തിൻറെ പ്രാഥമിക ലക്ഷ്യം.
Discussion about this post