ഉഡുപ്പി: ഹിന്ദുസമൂഹത്തോടുള്ള അനാദരവ് വച്ച് പൊറുപ്പിക്കരുതെന്ന് ഉഡുപ്പി ശ്രീകൃഷ്ണമഠത്തിലെ ആചാര്യന്‍ ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍. മഠം സന്ദര്‍ശിച്ച് സ്വാമികളുടെ അനുഗ്രഹം തേടിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന് ശ്രീകൃഷ്ണഗീതാനുഗ്രഹ പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഭഗവദ് ഗീതയെക്കുറിച്ച് സാധാരണക്കാര്‍ക്ക് ആഴത്തിലുള്ള അറിവ് പകരുന്നതിനായി മഠം രൂപകല്‍പ്പന ചെയ്ത അനുഭവ മണ്ഡപം സര്‍സംഘചാലക് ഉദ്ഘാടനം ചെയ്തു.
ഈ യുഗത്തിന്റെ ശക്തിയാണ് രാഷ്ട്രീയ സ്വയംസേവകസംഘമെന്നും അതിനെ നയിക്കുന്ന മോഹന്‍ ഭാഗവതിന് ഉടുപ്പി ശ്രീകൃഷ്ണമഠം ഹിന്ദു സാമ്രാട്ട്’ എന്ന പദവി നല്‍കി ആദരിക്കുകയാണെന്നും ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ശതാബ്ദിയില്‍ സാമൂഹിക സൗഹാര്‍ദ്ദം വളര്‍ത്തുന്നതില്‍ സംഘടന മുന്നോട്ടുവയ്ക്കുന്ന ദര്‍ശനങ്ങള്‍ മഹത്തരമാണ്. ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ മുതല്‍ ഡോ. മോഹന്‍ ഭാഗവത് വരെയുള്ളവരുടെ ദീര്‍ഘവീക്ഷണവും സമര്‍പ്പണവുമാണ് സംഘത്തിന്റെ സ്ഥായിയായ വിജയത്തിന് കാരണം അദ്ദേഹം പറഞ്ഞു.
ഭഗവദ്ഗീത നിത്യജീവിതത്തിന് വഴികാട്ടിയാണെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. പരിതസ്ഥിതികളെ കൂസാതെ കര്‍മ്മം ചെയ്യാനാണ് ഗീത പഠിപ്പിച്ചത്. മുന്നില്‍ യുദ്ധമാണ്. അത് ചെയ്യുകയാണ് യുദ്ധമുഖത്ത് നില്‍ക്കുന്നവന്റെ കര്‍ത്തവ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉഡുപ്പി മഠം ആരംഭിച്ച ഗീതാ ശിലാലേഖന ധ്യാന്‍ മന്ദിറും വാദിരാജ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും അദ്ദേഹം സന്ദര്‍ശിച്ചു. ശ്രീസുശീന്ദ്ര സ്വാമി, സഹസര്‍കാര്യവാഹ് സി.ആര്‍, മുകുന്ദ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.
Discussion about this post