തിരുവനന്തപുരം : ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹമെന്നു എ.ബി.വി.പി പ്രസ്താവിച്ചു. ഡോ കെ എസ് അനിൽകുമാർ ചട്ടവിരുദ്ധമായ നിയമനത്തിലൂടെ രജിസ്ട്രാറായത് സിപിഎം ന്റെ ഇംഗിതങ്ങൾ നടപ്പിലാക്കാൻ വേണ്ടിയാണെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് പറഞ്ഞു. ചാൻസലറായ ഗവർണർ പങ്കെടുക്കുന്ന പരിപാടിയാണ് രജിസ്ട്രാർ ഇടതുപക്ഷ നേതാക്കളുടെയും സംഘടനയുടെയും നിർദേശം മൂലം അലങ്കോലപ്പെടുത്തിയത്. സെനെറ്റ് ഹാളിന് പുറത്ത് എസ് എഫ് ഐ, കെ എസ് യു ഉൾപ്പെടെയുള്ളവർ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ഇടതുപക്ഷ സംഘടനകളുടെ ചട്ടുകമായാണ് കെ എസ് അനിൽകുമാർ പ്രവർത്തിച്ചത്. സിപിഎം ന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഡോ. കെ.എസ് അനിൽകുമാറിനെ രജിസ്ട്രാറായി നിയമിച്ചത്. ഇദ്ദേഹത്തിന്റെ നിയമനം ചട്ടങ്ങൾ ലംഘിച്ചുള്ളതാണ്.
2021ൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ ആയിരിക്കെയാണ് സി.പി.എം നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റ് അദ്ദേഹത്തെ യൂണിവേഴ്സിറ്റി രജിസ്ട്രാറായി നിയമിക്കുന്നത്. കേരള സർവകലാശാല സ്റ്റാറ്റ്യൂട്ട് അനുസരിച്ച് എയ്ഡഡ് കോളേജുകളിൽ നിന്നുള്ള അധ്യാപകരെ സർവ്വകലാശാല രജിസ്ട്രാറായി നിയമിക്കാനാവില്ല. കോളേജുകളിലെ അധ്യാപക നിയമനത്തിൽ പോലും സർക്കാരിന് ഇടപെടാനാവില്ല. ദേവസ്വം ബോർഡ് കോളേജിലെ അധ്യാപകരുടെ നിയമന അധികാരി മാനേജരായ ദേവസ്വം ബോർഡ് പ്രസിഡൻ്റാണ്.സർവ്വകലാശാല സ്റ്റാറ്റ്യൂട്ട് നിയമനം സംബന്ധിച്ച് വിശദമാക്കുന്ന നാലാം പാരഗ്രാഫിൽ ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥന്റെ നിയമനാധികാരം സംസ്ഥാന സർക്കാരിലോ കേന്ദ്രസർക്കാരിലോ നിക്ഷിപ്തമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രസ്തുത ചട്ടം കാറ്റിൽ പറത്തി 2020 ൽ മാത്രം പ്രിൻസിപ്പലായി സ്ഥാനക്കയറ്റം കിട്ടിയ ഡോ. കെ.എസ് അനിൽ കുമാറിനെ 2021 ൽ യൂണിവേഴ്സിറ്റി രജിസ്ട്രാരുടെ തസ്തികയിൽ നിയമിച്ചത് സി.പി.എം അധ്യാപക സംഘടനയുടെ നേതാവായതു കൊണ്ടു മാത്രമാണ്.
ചാൻസിലറോട് അനാദരവ് കാണിച്ചതിൽ രജിസ്ട്രാറെ സസ്പെന്റ് ചെയ്ത വിസി യുടെ നടപടി നിയമവിരുദ്ധമാണെന്ന ഇടതുപക്ഷത്തിന്റെ വാദം തെറ്റാണ്. Chapter III Section 10(13) of the Kerala University Act പ്രകാരം academic council അല്ലെങ്കിൽ syndicate session ൽ അല്ലാതെയിരിക്കുന്ന സമയം പ്രസ്തുത ബോഡികളിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം വിസി ക്ക് പ്രയോഗിക്കാവുന്നതാണ്. ആ അധികാരമാണ് ഇപ്പോൾ പ്രയോഗിച്ചിരിക്കുന്നത്.
നിലവിലെ സസ്പെൻഷനോടൊപ്പം നിയമനം പുനപരിശോധിച്ച് അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കണം എന്ന് എബിവിപി ആവശ്യപ്പെട്ടു.
Discussion about this post