തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ തീരുമാനിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ വീട്ടിലെത്തി അഭിനന്ദിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്.
എബിവിപി സംസ്ഥാന സമിതി അംഗീകരിച്ച പ്രമേയത്തെക്കുറിച്ചും പൊതുവിദ്യാഭ്യാസ മേഖലയിലെ മറ്റ് പ്രശ്‌നങ്ങളും പ്രതിനിധി സംഘം മന്ത്രിയുമായി ചര്‍ച്ചചെയ്തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി.എസ്. അഭിനന്ദ്, സംസ്ഥാനസമിതി അംഗം ഗോകുല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സില്‍ കേരളം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പിന്നോട്ടുപോയി. 1000ല്‍ 594 പോയിന്റ് മാത്രമാണ് കേരളം നേടിയത്. 875 സര്‍ക്കാര്‍ സ്‌കൂളുകളൊഴികെ 1157 വിദ്യാലയങ്ങള്‍ ഫിറ്റ്‌നസ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. 25,000ല്‍ പരം അദ്ധ്യാപകര്‍ക്ക് അഞ്ച് വര്‍ഷമായി നിയമനം ലഭിക്കാത്ത സാഹചര്യമുണ്ട്. ഭിന്നശേഷി സംവരണം പൂര്‍ത്തിയാകാത്തതിനാല്‍ ഭിന്നശേഷിക്കാര്‍ അല്ലാത്ത 16,000 അദ്ധ്യാപകര്‍ക്ക് ജോലി സ്ഥിരപ്പെടുന്നില്ല. എക്‌സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് 1411 സ്‌കൂളുകളില്‍ മദ്യവും മയക്കുമരുന്നും ലഭ്യമാകുന്നു. എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികളില്‍ 32 ശതമാനവും ലഹരി ഉപയോഗിക്കുന്നുവെന്നും എക്‌സൈസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വിദ്യാലയങ്ങളെ ലഹരിമുക്തമാക്കാനും കാര്യക്ഷമമായ നടപടികള്‍ കൈക്കൊള്ളണമെന്നും എബിവിപി ആവശ്യപ്പെട്ടു.
Discussion about this post