ന്യൂദല്‍ഹി: ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മദിനമായ ഒക്ടോബര്‍ 31ന് നടക്കുന്ന റണ്‍ ഫോര്‍ യൂണിറ്റിയില്‍ ഭാഗമാകാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിന്റെ 127-ാം പതിപ്പില്‍ സംസാരിക്കവെയാണ് സര്‍ദാര്‍ പട്ടേലിനെ പ്രധാനമന്ത്രി അനുസ്മരിച്ചത്. സര്‍ദാര്‍ പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികം രാജ്യം മുഴുവന്‍ ആഘോഷിക്കുമെന്നും ഒക്ടോബര്‍ 31നായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം അന്ന് നടക്കുന്ന ഏകതാ ദിന പരേഡിന് സാക്ഷ്യം വഹിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥി, അഭിഭാഷകന്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാഘട്ട ങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച മഹാനായിരുന്നു പട്ടേല്‍. നിയമരംഗത്ത് കൂടുതല്‍ അംഗീകാരം നേടാമായിരുന്നുവെങ്കിലും അദ്ദേഹം ഗാന്ധിജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്റെ ജീവിതം പൂര്‍ണ്ണമായും സ്വാതന്ത്ര്യ പ്രസ്ഥാനത്തിനായി സമര്‍പ്പിക്കുകയായിരുന്നു. ഖേഡ സത്യാഗ്രഹം മുതല്‍ ബോര്‍സാദ് സത്യാഗ്രഹം വരെയുള്ള നിരവധി സമരങ്ങളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഓര്‍മ്മിക്കപ്പെടുന്നു. അഹമ്മദാബാദ് മുനിസിപ്പാലിറ്റിയുടെ തലവനായിരുന്ന കാലം ചരിത്രപരമായിരുന്നു. ശുചിത്വത്തിനും സദ്ഭരണത്തിന് അദ്ദേഹം മുന്‍തൂക്കം നല്‍കി. ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ നിലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് നാം എപ്പോഴും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി അദ്ദേഹം സമാനതകളില്ലാത്ത ശ്രമങ്ങള്‍ നടത്തി. ഒക്ടോബര്‍ 31ന് രാജ്യമെമ്പാടും നടക്കുന്ന റണ്‍ ഫോര്‍ യൂണിറ്റിയില്‍ ഒന്നിച്ച് പങ്കെടുക്കണം. ഇത് യുവാക്കളെ ബോധവല്‍ക്കരിക്കാനുള്ള അവസരമായി മാറണം. റണ്‍ ഫോര്‍ യൂണിറ്റി ഐക്യത്തെ ശക്തിപ്പെടുത്തും. ഭാരതത്തിന്റെ ഐക്യത്തിന് നേതൃത്വം നല്‍കിയ ആ മഹാനായ വ്യക്തിക്ക് നാം നല്‍കുന്ന ആത്മാര്‍ത്ഥമായ ശ്രദ്ധാഞ്ജലിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.














Discussion about this post