പ്രയാഗ്രാജ്(ഉത്തര്‍ പ്രദേശ്): മതംമാറുന്നവര്‍ പട്ടികജാതി, വര്‍ഗ സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യുന്ന കേസുകള്‍ അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും നിര്‍ദേശം നല്കി. അത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് ജസ്റ്റിസ് പ്രവീണ്‍ കുമാര്‍ ഗിരി ചൂണ്ടിക്കാട്ടി. പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ വിഷയങ്ങളില്‍ സമഗ്ര പരിശോധന വേണമെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോടും ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയോടും കോടതി ഉത്തരവിട്ടു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ അഡീഷണല്‍ ചീഫ് സെക്രട്ടറിയോ വിഷയം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കണം. നിയമം അക്ഷരംപ്രതി നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. സാമൂഹ്യക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും സമാനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
1950-ലെ ഭരണഘടന (പട്ടികജാതി) ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബൗദ്ധവിഭാഗങ്ങളില്‍ പെടാത്ത വ്യക്തിയെ പട്ടികജാതി അംഗമായി കണക്കാക്കില്ലെന്ന് ജസ്റ്റിസ് പ്രവീണ്‍ കുമാര്‍ ഗിരി പ്രസ്താവിച്ചു. ജാതി അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങള്‍ നേടുന്നതിനായി മാത്രം മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ഭരണഘടനയെ വഞ്ചിക്കുന്നതാണെന്ന സുപ്രീം കോടതി വിധിന്യായം അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്തുമതത്തില്‍ ജാതി വിവേചനമില്ലെന്നും അതുകൊണ്ടുതന്നെ മതംമാറി ക്രിസ്ത്യാനിയാകുന്ന ഒരാള്‍ പട്ടികജാതി ആനുകൂല്യങ്ങള്‍ക്കുള്ള അടിസ്ഥാനം നഷ്ടപ്പെടുത്തുന്നുവെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധിയും പരാമര്‍ശിച്ചു. ക്രിസ്തുമതപ്രചാരണത്തിന്റെ ഭാഗമായി ഹിന്ദുദേവതകളെ അധിക്ഷേപിച്ചു എന്ന കേസില്‍ ആരോപണവിധേയനായ ജിതേന്ദ്ര സാഹ്നി എന്നയാള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
മൂന്ന് മാസത്തിനുള്ളില്‍ ഹര്‍ജിക്കാരന്റെ മതപരമായ ബന്ധം അന്വേഷിക്കാനും വ്യാജരേഖ ചമച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും മഹാരാജ്ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റിനോട് കോടതി ഉത്തരവിട്ടു.

















Discussion about this post