ലഖ്‌നൗ ( യു പി ): ഹിന്ദു സമൂഹം സംഘടിതവും ശക്തവുമാകണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്.
അനൈക്യമാണ് വിവേചനത്തിന് കാരണം. നാമെല്ലാവരും ഒരേ മാതൃരാജ്യത്തിൻ്റെ മക്കളാണ്. നാമെല്ലാവരും ഒന്നാണ്. വിവേചനം നമുക്കിടയിയിൽ കാലക്രമേണ ശീലമായി പരിണമിച്ചു വന്നതാണ്. അത് തുടച്ചുനീക്കപ്പെടണം, സർസംഘചാലക് പറഞ്ഞു. സംഘ ശതാബ്ദിയുടെ ഭാഗമായി നിരാല നഗർ സരസ്വതി ശിശുമന്ദിറിൽ സംഘടിപ്പിച്ച സാമാജിക സദ്ഭാവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധർമ്മം ഒരുമയുടെ ദർശനമാണ് മുന്നോട്ടു വയ്ക്കുന്നത്. എതിർക്കുന്നവരെ ഇല്ലാതാക്കണമെന്നത് നമ്മുടെ ആശയമല്ല. സത്യം ഒന്നേയുള്ളൂ എന്നറിയുകയും അനുഭവിക്കുകയും ചെയ്താൽ വിവേചനത്തിൻ്റെ പ്രശ്നമേ ഉദിക്കുന്നില്ല.
മാതൃത്വമാണ് കുടുംബത്തിന്റെ അടിത്തറയെന്ന് സർസംഘചാലക് പറഞ്ഞു. നമ്മുടെ പാരമ്പര്യത്തിൽ, പുരുഷന്മാർക്ക് സമ്പാദിക്കാനുള്ള അവകാശമുണ്ടായിരുന്നു, എന്നാൽ എങ്ങനെ ചെലവഴിക്കണമെന്ന് അമ്മമാർ തീരുമാനിച്ചു. വിവാഹശേഷം എത്തിച്ചേരുന്ന വീട്ടിലെ എല്ലാവരെയും സ്വന്തമെന്ന് കാണാൻ കഴിയുന്നത് മാതൃഭാവമുള്ളതുകൊണ്ടാണ്. സ്ത്രീകളെ ദുർബലരല്ല. അവർ ധീരരും യോദ്ധാക്കളുമാണ്. സ്ത്രീകളെയും ‘ പ്രകൃതിയെയും നമ്മൾ സങ്കൽപ്പിക്കുന്നത് ശക്തി എന്ന നിലയിലാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

എല്ലാവരും നിയമങ്ങൾ അനുസരിക്കണം. നിയമം തെറ്റാണെങ്കിൽ, അത് മാറ്റാൻ വഴിയുണ്ട്. സംഘർഷത്തിന്റെ ഉറവിടമായി ജാതി മാറരുത്. എല്ലാവരും നമ്മുടേതാണെന്ന തോന്നൽ മനസ്സിൽ ഉണ്ടായിരിക്കണം. സംഘർഷത്തിലൂടെയല്ല, സമന്വയത്തിലൂടെയാണ് ലോകം പുരോഗമിക്കുന്നത്. ഒരാളെ അടിച്ചമർത്തി മറ്റൊരാളെ ഉയർത്താനാവില്ല.
ഹിന്ദുക്കളുടെ ജനസംഖ്യാ ശതമാനം കുറയുന്നത് ആശങ്കാജനകമാണ്. അത്യാഗ്രഹവും ബലപ്രയോഗവും മൂലമുള്ള മതപരിവർത്തനം തടയണം. ഒപ്പം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്തണം. ശരാശരി മൂന്ന് കുട്ടികളിൽ താഴെ മാത്രമുള്ള ഒരു സമൂഹം ഭാവിയിൽ അവസാനിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. വിവാഹത്തിന്റെ ലക്ഷ്യം ആഗ്രഹങ്ങളുടെ പൂർത്തീകരണമല്ല,ഈ ലോകത്തെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ്. ഈ ചിന്ത നമ്മളിൽ കർത്തവ്യബോധം വളർത്തുന്നു, അദ്ദേഹം പറഞ്ഞു.
സമീപഭാവിയിൽ ഭാരതം ലോകത്തെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ഭാരതത്തിൻ്റെ പക്കലുണ്ട്. അതേസമയം
നമുക്കെതിരെ ആസൂത്രിതമായി നടക്കുന്ന വൈദേശിക കരുനീക്കങ്ങളെ കരുതിയിരിക്കണം.അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ചിലർ നമ്മളിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നു. പരസ്പരം അവിശ്വാസം വളർത്താനുള്ള അത്തരം നീക്കങ്ങളെ ജാഗ്രതയോടെ കാണണം, മോഹൻ ഭാഗവത് പറഞ്ഞു.
സിഖ്, ബുദ്ധ, ജൈന സമൂഹങ്ങൾ രാമകൃഷ്ണ മിഷൻ, ഇസ്‌കോൺ, ജയ് ഗുരുദേവ്, ശിവശാന്തി ആശ്രമം, ആർട്ട് ഓഫ് ലിവിംഗ്, സന്ത് നിരങ്കരി ആശ്രമം, സന്ത് കൃപാൽ ആശ്രമം, കബീർ മിഷൻ, ഗോരക്ഷപീഠം, ആര്യസമാജം, സന്ത് രവിദാസ് പീഠം, വിദ്യാനികേതൻ ആശ്രമം, ദിവ്യാനന്ദ് പീഠം, ദിവ്യാനന്ദ ആശ്രമം തുടങ്ങി വിവിധ സമ്പ്രദായങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.


















Discussion about this post