ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്): രാജ്യത്തിന്റെ വിധി രൂപപ്പെടുത്തുന്നതില്‍ സമൂഹം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമൂഹത്തിന്റെ സംഘടനയും രാഷ്ട്രത്തിന്റെ ഉന്നമനവുമാണ് സംഘത്തിന്റെ ഏക പ്രചോദനം. രാജ്യം വളര്‍ന്നത് സംഘത്താലല്ല, സമൂഹം മൂലമാണെന്ന് ചരിത്രം രേഖപ്പെടുത്തണമെന്നതാണ് സംഘം ആഗ്രഹിക്കുന്നത്, സര്‍സംഘചാലക് പറഞ്ഞു. സമൂഹം ശക്തമാണെങ്കില്‍, രാജ്യത്തിന്റെ പ്രതിരോധവും ശക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി നിംബുവാല ഗാര്‍ഹി കാന്റിലെ ഹിമാലയന്‍ കള്‍ച്ചറല്‍ സെന്ററില്‍ മുന്‍ സൈനികോദ്യോഗസ്ഥരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ സംഘടിത ശക്തി ഓരോ പൗരനെയും ശാക്തീകരിക്കുന്നു, അതുകൊണ്ടാണ് സമൂഹത്തിന്റെ നേതൃത്വം സദ്ഗുണസമ്പന്നരും അച്ചടക്കമുള്ളവരുമായിരിക്കേണ്ടത് അനിവാര്യമാകുന്നത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ വിപ്ലവ പ്രസ്ഥാനങ്ങള്‍ വരെയുള്ള പാരമ്പര്യം നമ്മുടെ ധീരമായ പോരാട്ടത്തിന്റെ ചരിത്രമാണ് പറയുന്നത്. ആ പോരാട്ടത്തിന്റെ ജ്വാല ഒരിക്കലും അണഞ്ഞുപോയിട്ടില്ല. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കുക എന്നത് പക്വമായ ദേശീയ ബോധത്തിന്റെ അടയാളമാണ്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാര്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ നിര്‍ഭയമായ പങ്ക് വഹിച്ച ദേശഭക്തനായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യക്തികളെ എല്ലാ അര്‍ത്ഥത്തിലും ശാക്തീകരിക്കുകയാണ് സംഘം ചെയ്യുന്നത്. അതിലൂടെ മാത്രമേ ഈ രാഷ്ട്രം ശക്തമാകൂ. തെരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല, വ്യക്തിനിര്‍മ്മാണമാണ് സംഘത്തിന്റെ ഒരേയൊരു പ്രവര്‍ത്തനമെന്ന് സര്‍സംഘചാലക് പറഞ്ഞു.
അഗ്‌നിവീര്‍ പദ്ധതി ഒരു പരീക്ഷണമാണെന്ന് ചോദ്യത്തിന് മറുപടിയായി മോഹന്‍ ഭാഗവത് പറഞ്ഞു. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തലിനും പരിഷ്‌കരണത്തിനുമുള്ള സാധ്യത പരിഗണിക്കേണ്ടതുണ്ട്. നേപ്പാളും ബംഗ്ലാദേശുമടക്കമുള്ള പ്രദേശങ്ങള്‍ ചരിത്രപരമായി ഒരേ സാംസ്‌കാരിക ഭൂപ്രകൃതിയുടെ ഭാഗമാണ്. കശ്മീര്‍ നമ്മുടെ അവിഭാജ്യ ഘടകമാണ്, ഇതിന്റെയെല്ലാം പേരില്‍ തുടരുന്ന ഭാരത വിരുദ്ധ പ്രചാരണങ്ങളെ ചെറുക്കാന്‍ ജാഗ്രത്തും ഉറച്ചതുമായ ഒരു നയം ആവശ്യമാണെന്ന് സര്‍സംഘചാലക് പറഞ്ഞു.ഹിന്ദു ചിന്ത എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്; ആര്‍ക്കും യാതൊരു മാറ്റവുമില്ലാതെ ഹിന്ദു സമൂഹത്തില്‍ ചേരാം. ക്ഷേത്രങ്ങള്‍, ജലസ്രോതസ്സുകള്‍, ശ്മശാനങ്ങള്‍ തുടങ്ങിയ പൊതുവിഭവങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കും ഒരുപോലെ തുറന്നിടണം.സോഷ്യല്‍ മീഡിയയിലടക്കം ശത്രുത പരത്തുന്നതിന് പകരം സംവാദത്തിന്റെയും അര്‍ത്ഥവത്തായ സംഭാഷണത്തിന്റെയും പാരമ്പര്യം പുനരുജ്ജീവിപ്പിക്കണം. കുട്ടികളില്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക, വരുമാനത്തില്‍ നിന്ന് സമ്പാദിക്കുക, സമൂഹത്തിനായി പങ്കിടുക എന്നിവയാണ് രാഷ്ട്രനിര്‍മ്മാണത്തിന്റെ യഥാര്‍ത്ഥ അടിത്തറ. സ്വാര്‍ത്ഥതയ്ക്ക് മുകളില്‍ ഉയരാനും ജീവകാരുണ്യത്തില്‍ സന്തോഷം കണ്ടെത്താനുമുള്ള പ്രവണത ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ മുഖമുദ്രയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുസിവില്‍ നിയമം ദേശീയ ഐക്യത്തിനുള്ള ഒരു പ്രധാന ഉപകരണമാണ്. അത് സാമൂഹിക സംഘര്‍ഷങ്ങള്‍ കുറയ്ക്കും. അതിര്‍ത്തികളില്‍ പോരാടുന്ന സൈനികര്‍ക്ക് മാത്രമല്ല, സമൂഹത്തിലെല്ലാവരിലും സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഭാവം ഒരുപോലെ ആവശ്യമാണെന്നും സംഘത്തിന്റെ സേവന പദ്ധതികളില്‍ പങ്കുചേരണമെന്നും അദ്ദേഹം സദസിനോട് ആഹ്വാനം ചെയ്തു.റിട്ട. മേജര്‍ ജനറല്‍ ഗുലാബ് സിംഗ് റാവത്ത്, കേണല്‍ കോഠിയാല്‍, കേണല്‍ മായങ്ക് എന്നിവര്‍ സര്‍സംഘചാലകനെ ഷാളും പരമ്പരാഗത തലപ്പാവും അണിയിച്ച് ആദരിച്ചു.

















Discussion about this post