തിരുവനന്തപുരം: ഹിന്ദു രാഷ്ട്രം മതരാഷ്ട്രമല്ലെന്നും ധർമ്മമാണ് അതിൻ്റെ അടിത്തറയെന്നും ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. നമ്മുടേത് പുരാതന രാഷ്ട്രമാണ്. 1947 ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് ഇതൊരു രാഷ്ട്രമായതെന്ന് ചിലർ വാദിക്കുന്നു. പാശ്ചാത്യരുടെ ഭാഷയിലുള്ള നേഷനല്ല രാഷ്ട്രമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘ ശതാബ്ദിയുടെ ഭാഗമായി രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിൽ സംഘടിപ്പിച്ച ബ്ലൂമിങ് ഭാരത് : യങ് ഇൻ്റലക്ച്വൽ മീറ്റിൻ്റെ ഉദ്ഘാടന സഭയിൽ സംസാരിക്കുകയായിരുന്നു സർകാര്യവാഹ്.
കർണാടകത്തിൽ ജനിച്ച തനിക്ക് കേരളം അയൽനാടാണ്. എന്നിട്ടും രാഷ്ട്രത്തെക്കുറിച്ചുള്ള ആശയം വിദേശ ഭാഷയിൽ അവതരിപ്പിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. ലോകത്ത് മറ്റൊരു ഭാഷയിലും രാഷ്ട്രമെന്ന ആശയത്തെ, പാരമ്പര്യത്തെ, സംസ്കാരത്തെ, തത്വചിന്തയെ പൂർണമായി അവതരിപ്പിക്കാനാകില്ല. ഇന്ത്യയോ ഭാരതമോ തുടങ്ങിയ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് അങ്ങനെയാണ്. ഇൻഡസിൽ നിന്നാണ് ഇന്ത്യ ഉണ്ടാവുന്നത്. സിന്ധുവിനെയാണ് അവർ ഇൻഡസ് എന്ന് വിളിച്ചതെന്നും രണ്ടു പദങ്ങളും വലിയ അന്തരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്കൃതിയാണ് രാഷ്ട്രത്തിൻ്റെ അടിസ്ഥാനം. ഹിന്ദു എന്നതാണ് സംസ്കൃതിയുടെ പേര്. ബ്രിട്ടീഷ് രാജ് ഉള്ളപ്പോഴും ഇത് ഹിന്ദുരാഷ്ടമാണ്. അതിൻ്റെ ആത്മാവ് ആദ്ധ്യാത്മികമാണ്. ആവിഷ്കാരത്തിൽ വ്യത്യസ്തതകളുണ്ടാകാമെങ്കിലും സംസ്കൃതി ഒന്നാണ്. സംഗീതം കർണാടികോ ഹിന്ദുസ്ഥാനിയോ മറ്റേതെങ്കിലും ആകട്ടെ സപ്തസ്വരങ്ങളാണ് അടിസ്ഥാനം. രാധയും കൃഷ്ണനും ശിവനും പാർവതിയുമില്ലാതെ ഏത് നൃത്തരൂപമാണുള്ളത് ? ഭാരതം ഏകമാണെന്ന് അടയാളപ്പെടുത്താൻ ഉത്തര, ദക്ഷിണ ഭാഗങ്ങളെ ബന്ധിപ്പിച്ച രാമനെയും കിഴക്കും പടിഞ്ഞാറും ബന്ധിപ്പിച്ച കൃഷ്ണനെയും രാഷ്ട്രമാസകലം പ്രഭാവം ചെലുത്തിയ ശിവനെയും ഉദാഹരിച്ചത് സോഷ്യലിസ്റ്റ് നേതാവായ രാം മനോഹർ ലോഹ്യയാണ്. ചൈനീസ് കടന്നുകയറ്റക്കാലത്ത് രാജ്യസഭയിൽ ചൈനയ്ക്കെതിരെ രൂക്ഷമായി പ്രസംഗിച്ച ഡി എം കെ നേതാവ് അണ്ണാദുരൈയാണ് ഹിമാലയം ശിവൻ്റെ ഇരിപ്പിടമാണെന്ന് പറഞ്ഞത്. മധുരയിൽ നടത്തിയ പ്രസംഗത്തിൽ പണ്ഡിറ്റ് നെഹ്റുവാണ് തീർത്ഥയാത്രകൾ കൊണ്ട് ഭാരതത്തെ ഏകാത്മകമാക്കിയ പൂർവികരെ നമസ്കരിക്കുന്നു എന്ന് പറഞ്ഞത്. പന്ത്രണ്ട് ജ്യോതിർലിംഗങ്ങളും 52 ശക്തിപീഠങ്ങളും ശങ്കരാചാര്യർ സ്ഥാപിച്ച ചതുർമഠങ്ങളും രാഷ്ട്ര സംസ്കൃതിയെ ആണ് പ്രകടമാക്കുന്നത്. വന്ദേ മാതരം എഴുതിയ ബങ്കിം ചന്ദ്രൻ ഭാരതത്തെ സരസ്വതിയെന്നും ലക്ഷ്മിയെന്നും ദുർഗയെന്നും വിളിച്ചത് അറിവിൻ്റെയും സമ്പത്തിൻ്റെയും കരുത്തിൻ്റെയും ഉപമകളായാണ്. ഇതൊന്നും മതപരമല്ല. റിട്ട. ജസ്റ്റിസ് മുഹമ്മദ് കരിം ഛഗ്ല താൻ സാംസ്കാരിക ഹിന്ദുവാണെന്ന് പ്രഖ്യാപിച്ചത് അതുകൊണ്ടാണ്. ഇന്തോനേഷ്യ മതം മാറിയിട്ടുണ്ട്, പക്ഷേ പൂർവികരെ മാറ്റിയില്ല. അവർക്ക് രാമായണം പ്രിയപ്പെട്ടതാണ്, ഹിന്ദു എന്നത് ധാർമ്മികവും സാംസ്കാരികവുമായ ഒരു മൂല്യവ്യവസ്ഥയാണ്,അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ നിരവധി സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ആപ്തവാക്യമായി സ്വീകരിച്ചത് ധർമ്മ രാജ്യത്തിൻ്റെ മന്ത്രങ്ങളാണ്. സുപ്രീം കോടതിയിൽ അത് യതോ ധർമ്മസ്തതോ ജയം: എന്നാണെങ്കിൽ പഴയ പാർലമെൻ്റ് മന്ദിരത്തിൽ സ്പീക്കറുടെ ഇരിപ്പിടത്തിന് പുറകിൽ എഴുതിയിരുന്നത് ധർമ്മചക്രപ്രവർത്തനായ എന്നാണ്.
ഭാഷ മനുഷ്യന്റെ ഏറ്റവും മഹത്തായ ആസ്തിയാണെന്ന് സർകാര്യവാഹ് പറഞ്ഞു. എന്നാൽ ഭാഷയെ രാഷ്ട്രീയവത്കരിക്കുകയും ഭിന്നതകൾക്ക് ഉപകരണമാക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. സംഘം അധികാരത്തെ പിൻ പറ്റിയല്ല വളരുന്നതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
നാക് ഡയറക്ടർ ഡോ. ഗണേശൻ കണ്ണൻബിരാൻ, കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ, എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസി ഡോ. സിസ തോമസ്, ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ എന്നിവർ പങ്കെടുത്തു.
പാ . സന്തോഷ് വിവർത്തനം ചെയ്ത സംഘവും സ്വാതന്ത്ര്യ സമരവും, അധിനിവേശവും പ്രതിരോധവും: ആയിരം വർഷത്തെ പോരാട്ട ചരിത്രം, രാഷ്ട്ര പരിവർത്തനം പഞ്ചപരിവർത്തനത്തിലൂടെ എന്നീ പുസ്തകങ്ങൾ ദത്താത്രേയ ഹൊസബാളെ പ്രകാശനം ചെയ്തു.
തുടർന്നുള്ള സെഷനുകളിൽ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു , മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ് എന്നിവർ സംസാരിച്ചു. പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ സ്വാഗതവും ഡോ. വൈശാഖ് സദാശിവൻ നന്ദിയും പറഞ്ഞു കലാലയ വിദ്യാർത്ഥി പ്രമുഖ് സി ഐ. വിപിൻ കുമാർ തുടർപ്രവർത്തനങ്ങൾ വിശദീകരിച്ചു. അഞ്ജന പ്രേംകുമാർ അവതാരകയായി.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള യുവ ഗവേഷകരും പി എച്ച് ഡി സ്കോളർമാരുമാണ് പരിപാടിയിൽ പങ്കെടുത്തത്.























Discussion about this post