ന്യൂദല്‍ഹി: ഭാരതത്തിന്റെ ഭാവി കെട്ടിപ്പടുക്കാന്‍ അമേരിക്കയില്‍ താമസിക്കുന്ന ഭാരതവംശജരായ എല്ലാ പ്രൊഫഷണലുകളും തിരിച്ചുവരണമെന്ന് അഭ്യര്‍ത്ഥിച്ച് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു. അമേരിക്കയിലെ പ്രൊഫഷണലുകള്‍ക്കുള്ള തുറന്നകത്തെന്ന രീതിയില്‍ അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 37 വര്‍ഷം മുമ്പ് ഞാന്‍ ചെയ്തതുപോലെ പണമല്ലാതെ, മറിച്ച് നല്ല വിദ്യാഭ്യാസവും ഭാരതീയ സാംസ്‌കാരിക പൈതൃകവുമായാണ് നിങ്ങള്‍ അമേരിക്കയില്‍ എത്തിയത്. നിങ്ങള്‍ മികച്ച വിജയം നേടി. അമേരിക്ക നിങ്ങള്‍ക്ക് നല്ലതായിരുന്നു. അതിനായി നമ്മള്‍ നന്ദിയുള്ളവരായിരിക്കണം, നന്ദിയാണ് നമ്മുടെ ഭാരതീയ രീതി. എന്നിരുന്നാലും ഇന്ന്, അമേരിക്കക്കാരില്‍ വലിയൊരു വിഭാഗം ഭാരതീയര്‍ അമേരിക്കന്‍ ജോലികള്‍ കവര്‍ന്നെടുക്കുന്നു എന്നും അമേരിക്കയിലെ നമ്മുടെ വിജയം അന്യായമായി നേടിയെടുത്തതാണെന്നും വിശ്വസിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പ് ഇത് പരിഹരിക്കുമെന്ന് നിങ്ങള്‍ കരുതിയേക്കാം.
പക്ഷേ നിങ്ങളുടെ തെരഞ്ഞെടുപ്പ് നമ്മുടെ ഭാരതീയ നാഗരികതയെ വെറുക്കുന്ന ആളുകളും സ്വന്തം നാഗരികതയെ തന്നെ വെറുക്കുന്ന ആളുകളോ തമ്മിലായിരിക്കും. അതായത് തീവ്ര വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള പോരാട്ടം. അതിന്റെ വെറും കാഴ്ചക്കാരാണ് നിങ്ങള്‍, അദ്ദേഹം പറഞ്ഞു.
അതേസമയം ഇപ്പോള്‍ സത്യമായിരിക്കുന്നതും ഭാവിയില്‍ സത്യമാകുന്നതുമായ ഒരു കാര്യമുണ്ട്. ലോകമെമ്പാടും ഭാരതീയര്‍ക്ക് ലഭിക്കുന്ന ബഹുമാനം ഭാരതത്തിന്റെ തന്നെ ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. ഭാരതം ദരിദ്രമായി തുടരുകയാണെങ്കില്‍, ഇടതുപക്ഷം നമുക്ക് സഹതാപത്തോടെ ധാര്‍മ്മിക പ്രഭാഷണങ്ങള്‍ നല്‍കും. തീവ്ര വലതുപക്ഷം അവഹേളനത്തോടെ വ്യത്യസ്തമായ ധാര്‍മിക പ്രഭാഷണങ്ങള്‍ നല്‍കും. ഇവ രണ്ടിനുമിടയില്‍ നമ്മള്‍ ആശയക്കുഴപ്പത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ധ്യമാണ് സമൃദ്ധിയുടെയും ആദരവിന്റെയും അടിസ്ഥാന സ്രോതസ്സ്. ആ വൈദഗ്ധ്യം കൈവരിക്കാന്‍ ആവശ്യമായ മസ്തിഷ്‌ക ശക്തി ഭാരതത്തിലുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ആ കഴിവിന്റെ വലിയൊരു ഭാഗം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു. ഭാരതത്തില്‍ ആ വൈദഗ്ധ്യം വികസിപ്പിക്കുമ്പോള്‍ നമ്മുടെ നാഗരിക ശക്തി സ്വയം വളരും.
നിങ്ങളില്‍ പലര്‍ക്കും ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും, ദയവായി വീട്ടിലേക്ക് മടങ്ങുക. ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്. നമ്മുടെ വിശാലമായ യുവ ജനതയെ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ വര്‍ഷങ്ങളായി നിങ്ങള്‍ നേടിയ സാങ്കേതിക നേതൃത്വം ആവശ്യമാണ്. ഒരു സന്നദ്ധസേവന മസസ്സോടെ നമുക്ക് അത് ചെയ്യാമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
















Discussion about this post