കൊച്ചി: അരനൂറ്റാണ്ട് കാലത്തെ തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ കലാസാഹിത്യ വേദിയെന്ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അഭിപ്രായപ്പെട്ടു.
അക്ഷര സപര്യയും കലാ തപസുമാണ് തപസ്യയെ നയിക്കുന്നത്. സമൂഹത്തിന്റെ പരിവര്‍ത്തനം ഭരണാധികാരത്തിലൂടെ മാത്രം പൂര്‍ണമാവില്ല. അതിന് ആശയ പരിവര്‍ത്തനം ഉണ്ടാവണം. ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരണം. ഇതിന് ഭാരതത്തിന്റെ പാരമ്പര്യത്തിലേക്കും അടിസ്ഥാന പ്രമാണങ്ങളിലേക്കും പോകേണ്ടതുണ്ട്. തപസ്യയുടെ ഭാഗത്തുനിന്നുള്ള ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ സംസ്‌കാരം കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമായിരുന്നുവെന്നും അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലത്ത് അത് തിരിച്ചുപിടിക്കണമെന്ന ആഗ്രഹത്തോടെയാണ് തപസ്യ ആരംഭിച്ചതെന്നും, വര്‍ത്തമാനകാലത്ത് തപസ്യ എങ്ങനെയൊക്കെ മുന്നോട്ട് പോകണമെന്ന് ആലോചിക്കേണ്ടതുണ്ടെന്നും പ്രൊഫ. ഹരിദാസ് പറഞ്ഞു.
‘ഭാരതത്തിന്റെ കരുത്ത് സംസ്‌കാരത്തില്‍’: വെണ്ണല മോഹന്‍
സംസ്‌കാരത്തിന്റെ അതിവിശാലമായ ഭൂമികയിലാണ് ഭാരതം നിലകൊള്ളുന്നതെന്നും, ഇത് അംഗീകരിക്കുന്നതാണ് ഏതൊരു പ്രസ്ഥാനത്തിന്റെയും കരുത്തെന്നും അക്ഷരോത്സവം ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗതപ്രസംഗത്തില്‍ തപസ്യ എറണാകുളം ജില്ലാ അധ്യക്ഷനും എഴുത്തുകാരനുമായ വെണ്ണല മോഹന്‍ അഭിപ്രായപ്പെട്ടു.
ആക്രമണങ്ങളുടെയും അധിനിവേശങ്ങളുടെയും ചരിത്രം ഭാരതത്തിനുണ്ട്. എന്നാല്‍ രാഷ്‌ട്രീയത്തിന്റെയും ഭരണത്തിന്റെയും മാറിമറിയലുകള്‍ ഈ നാടിന്റെ സംസ്‌കാരത്തെ ബാധിക്കാന്‍ പാടില്ല. ഇങ്ങനെ സംഭവിക്കാതെ നോക്കാനുള്ള ഉത്തരവാദിത്വം പ്രസ്ഥാനങ്ങള്‍ക്കുണ്ട്, അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനവും സമാപനവും ഒരേ ജില്ലയില്‍
തപസ്യ കലാസാഹിത്യ വേദിയുടെ സുവര്‍ണ ജൂബിലി ഉദ്ഘാടനവും സമാപനവും ഒരേ ജില്ലയിലാണെന്നത് ശ്രദ്ധേയമാണെന്ന് സംസ്‌കാര്‍ഭാരതി ദേശീയ സമിതിയംഗം കെ. ലക്ഷ്മിനാരായണന്‍ അക്ഷരോത്സവത്തിന്റെ ഉദ്ഘാടന സഭയില്‍ സ്വാഗതം ആശംസിച്ചുകൊണ്ട് പറഞ്ഞു.
തപസ്യ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ നടന്നത് എറണാകുളം ജില്ലയിലാണ്. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ഇന്നിപ്പോള്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സമാപനവും അക്ഷരോത്സവത്തിന്റെ രൂപത്തില്‍ അതേ ജില്ലയില്‍ നടക്കുകയാണ്. പ്രശസ്ത സംഗീതജ്ഞന്‍ മൈസൂര്‍ മഞ്ജുനാഥനെ പോലെയും, മഹാഭാരതത്തിലെ ശ്രീകൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിച്ച, കോടാനുകോടി ജനങ്ങളുടെ മനസില്‍ ഇടം നേടിയ നിതീഷ് ഭരദ്വാജിനെപോലെയുമുള്ളവര്‍ നയിക്കുന്ന സംസ്‌കാര്‍ഭാരതി എന്ന സംഘടനയുമായി ചേര്‍ന്നാണ് തപസ്യ പ്രവര്‍ത്തിക്കുന്നതെന്നും ലക്ഷ്മി നാരായണന്‍ ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയപാര്‍ട്ടികളുടെയും ഭരണകൂടങ്ങളുടെയും പിന്തുണയില്ലാതെ കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരേയൊരു സംഘടനയാണ് തപസ്യയെന്ന് ആശംസാ പ്രസംഗത്തില്‍ തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.















Discussion about this post