ഡോ. മൻമോഹൻ വൈദ്യ
ആർഎസ്എസ് അഖില ഭാരതീയ കാര്യകാരിണി സദസ്യൻ
ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഭാരതത്തെ ഒന്നാകെ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്തിരിക്കുന്നു.
2025 ഡിസംബറിലും 2026 ഫെബ്രുവരിയിലും ഞാന്‍ ബംഗാള്‍ സന്ദര്‍ശിച്ചിരുന്നു. അവിടെയുള്ള ഭൂരിഭാഗം ജനതയും മാറ്റം ആഗ്രഹിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു മാറ്റം യഥാര്‍ത്ഥത്തില്‍ സാധ്യമാകുമെന്ന് വളരെ കുറച്ചുപേര്‍ മാത്രമേ വിശ്വസിച്ചിരുന്നുള്ളൂ. മാറ്റം എന്നത് ഒരത്ഭുതത്തില്‍ കുറഞ്ഞതൊന്നുമല്ലെന്ന് തോന്നിപ്പിക്കുന്നതായിരുന്നു അവിടുത്തെ സാഹചര്യങ്ങള്‍. സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പിന് ആവശ്യമായ ഭയരഹിത അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു വെല്ലുവിളി. എന്നിട്ടും, തെരഞ്ഞെടുപ്പ് കമ്മിഷന്‍, സുപ്രീം കോടതി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാ സേനകള്‍ എന്നിവരുടെ സംയുക്ത ശ്രമങ്ങളിലൂടെ ഇത് സാധ്യമായി.
ഇത്തവണ ബംഗാളിലെ ജനങ്ങള്‍ അഭൂതപൂര്‍വമായ സംഖ്യയിലാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളില്‍ (2001, 2006, 2011, 2016, 2021) ശരാശരി വോട്ടിങ് ശതമാനം 79.22% ആയിരുന്നെങ്കില്‍, 2026-ല്‍ അത് 92.47% ആയി ഉയര്‍ന്നു. ഏതാണ്ട് 13 ശതമാനത്തിന്റെ വര്‍ധന. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പ്രതിഫലനവും ഈ ഫലത്തിലുണ്ട്. സമൂഹം ഈ തെരഞ്ഞെടുപ്പിനെ കണ്ടത് നിലനില്‍പ്പിന്റെ പോരാട്ടമായാണ്. സുരക്ഷാ സേനകള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഫലപ്രദമായി നിര്‍വ്വഹിച്ചു എന്നതും, ജനങ്ങള്‍ക്ക് തങ്ങളുടെ ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് ഉറപ്പ് ലഭിച്ചു എന്ന വസ്തുതകളും അവഗണിക്കാനാവില്ല.
2026 ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ വെച്ച് തീവ്ര ഇടതുപക്ഷ ചിന്താഗതിയുള്ള ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ ഞാന്‍ കണ്ടുമുട്ടി. മെയ് 29-ന് അവരുമായി വീണ്ടും സംസാരിച്ചു. തനിക്ക് പതിനെട്ട് വയസ്സുള്ളപ്പോഴാണ് ആദ്യമായി വോട്ട് രേഖപ്പെടുത്തിയതെന്നും, പിന്നീട് 2026 ലാണ് വോട്ട് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ അവര്‍ക്ക് 46 വയസ്സുണ്ട്. മാറ്റത്തിനായുള്ള തീവ്രമായ ആഗ്രഹവും മാറ്റം സാധ്യമാണെന്ന വിശ്വാസവുമായിരുന്നു ഈ വോട്ടിങ് ശതമാനത്തിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട പ്രേരണകള്‍.
ഏറെക്കാലമായി ബംഗാളിലെ തെരഞ്ഞെടുപ്പ് ചരിത്രം ആക്രമണങ്ങളുടേതാണ്. അത്തരമൊരു പശ്ചാത്തലത്തില്‍, ഈ തെരഞ്ഞെടുപ്പ് താരതമ്യേന സമാധാനപരമായിരുന്നു. ഇതിന്റെ ക്രെഡിറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൂടി അവകാശപ്പെട്ടതാണ്. അതുകൊണ്ടാണ് ജനം ഭയരഹിതരായി വോട്ട് രേഖപ്പെടുത്തിയത്. ഇത് കേവലം ബിജെപിയുടെ മാത്രം വിജയമല്ല. ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെയും ഹിന്ദുത്വ ചിന്താഗതിയുടെയും മഹത്തായ വിജയം ബംഗാള്‍ ജനത ഉറപ്പാക്കിയതാണ്. ബംഗാളിന്റെ ആത്മാവ് വീണ്ടും ഉണര്‍ന്നിരിക്കുന്നു. ആത്മീയവും ദേശീയവുമായ നവോത്ഥാനത്തിന് തുടക്കം കുറിച്ച ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദന്‍, ബങ്കിം ചന്ദ്ര ചതോപാധ്യായ, രവീന്ദ്രനാഥ ടാഗോര്‍, ജഗദീഷ് ചന്ദ്ര ബോസ്, ബിപിന്‍ ചന്ദ്ര പാല്‍ തുടങ്ങിയവരുടേയും മറ്റനേകം മഹാരഥന്മാരുടെയും ആ ബംഗാളിന്റേയും വിജയമാണിത്.
1905-ല്‍ ബ്രിട്ടീഷ് ഭരണകൂടം നിര്‍ദ്ദേശിച്ച ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന പ്രതിരോധമാണ് ഈ നിമിഷം ഞാന്‍ ഓര്‍ക്കുന്നത്. അന്ന് ‘വന്ദേമാതരം’ എന്ന അലയടിക്കുന്ന മുദ്രാവാക്യത്തോടൊപ്പം, അദമ്യമായ ഊര്‍ജ്ജത്തിന്റെയും അഭൂതപൂര്‍വമായ ഐക്യത്തിന്റെയും ശക്തമായ ദേശീയ ബോധത്തിന്റെയും ഉദയത്തിന് ബംഗാള്‍ സാക്ഷ്യം വഹിച്ചു. ആ ഉണര്‍വിന്റെ ശക്തിയാലാണ് 1911-ല്‍ ബംഗാള്‍ വിഭജന നിര്‍ദ്ദേശം പിന്‍വലിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. മാത്രമല്ല, തങ്ങളുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ദല്‍ഹിയിലേക്ക് മാറ്റാനും അവര്‍ നിര്‍ബന്ധിതരായി. ഈ ദര്‍ശനത്തിലൂടെ നോക്കുമ്പോള്‍, ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഭാരതത്തിന്റെ ആത്മീയ പാരമ്പര്യവും ഹിന്ദുത്വ ആശയവും കൈവരിച്ച വിജയത്തെ ബംഗാളിന്റെ ‘വന്ദേമാതരമുഹൂര്‍ത്തം’ എന്ന് വിശേഷിപ്പിക്കാം.
1875-ല്‍ ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച ‘ആനന്ദമഠം’ എന്ന നോവലില്‍ ഉള്ളതാണ് വന്ദേമാതര ഗീതം. 1896-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോറാണ് ഇത് ആദ്യമായി ആലപിച്ചത്. അതിനുശേഷം, 1905-ല്‍ ബംഗാള്‍ വിഭജിക്കാനുള്ള ബ്രിട്ടീഷ് നിര്‍ദ്ദേശത്തിനെതിരെയുള്ള പ്രക്ഷോഭത്തിനിടയില്‍, ബംഗാളിലെ ജനങ്ങള്‍ ‘വന്ദേമാതര’ത്തെ സ്വാതന്ത്ര്യ സമരത്തിന്റെ പോരാട്ട മന്ത്രമായി സ്വീകരിച്ചു. നിര്‍ദ്ദിഷ്ട ബംഗാള്‍ വിഭജനത്തിനെതിരെ രാജ്യം ഒന്നടങ്കം രംഗത്തുവന്നു. ലാല്‍-ബാല്‍-പാല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകന്‍, ബിപിന്‍ ചന്ദ്ര പാല്‍ എന്നിവരെ തങ്ങളുടെ നേതാക്കളായി ജനം അംഗീകരിച്ചു. ‘വന്ദേമാതരം’ ആലപിക്കുന്നത് തന്നെ ജനങ്ങളില്‍ അദമ്യമായ ഊര്‍ജ്ജവും ദേശീയ ബോധവും നിറച്ചു. എണ്ണമറ്റ വിപ്ലവകാരികള്‍ ‘വന്ദേമാതരം’ ആലപിച്ചുകൊണ്ട് തങ്ങളുടെ ജീവന്‍ രാഷ്ട്രത്തിനായി ബലിനല്‍കി. പുഞ്ചിരിയോടെ അവര്‍ തൂക്കുമരങ്ങളെ ആശ്ലേഷിച്ചു.
ബംഗാള്‍ വിഭജിക്കാനുള്ള ബ്രിട്ടീഷ് നീക്കത്തിനെതിരെയുള്ള പോരാട്ടത്തില്‍ ‘വന്ദേമാതര’ത്തിന്റെ പങ്ക് നിസ്തുലമാണ്. 1905 ഒക്ടോബര്‍ 16ന് കൊല്‍ക്കത്തയില്‍ നടന്ന രക്ഷാബന്ധന്‍ ആഘോഷം ചരിത്രപരവും പ്രാധാന്യമുള്ളതുമായിരുന്നു. സാധാരണയായി രക്ഷാബന്ധന്‍ മഹോത്സവം ശ്രാവണ മാസത്തിലെ പൗര്‍ണമി ദിനമാണ് ആചരിക്കാറുള്ളത്. അതായത് ആഗസ്ത് മാസം. എന്നാല്‍, ബംഗാള്‍ വിഭജനത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 16-ന് കൊല്‍ക്കത്തയിലുടനീളമുള്ള ഹിന്ദു-മുസ്ലിം ജനത പവിത്രമായ ഗംഗാനദിയില്‍ സ്‌നാനം ചെയ്യുകയും പരസ്പരം കൈകളില്‍ രാഖി അണിയിക്കുകയും ചെയ്തു. ഈ പട്ടുനൂല്‍ നമ്മെ പരസ്പരം ബന്ധിപ്പിക്കുന്നത് പോലെ തന്നെ ബംഗാളിനെ അവിഭക്തമായി നിലനിര്‍ത്തുമെന്നും ഒരിക്കലും വിഭജിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പ്രതിജ്ഞയെടുത്തു.
അരവിന്ദ മഹര്‍ഷിയാണ് ‘വന്ദേമാതര’ത്തെ സ്വാതന്ത്ര്യത്തിന്റെ മന്ത്രമെന്ന് ആദ്യമായി വിശേഷിപ്പിച്ചത്. ദേശീയ ബോധം ഉണര്‍ത്താന്‍ അദ്ദേഹം ‘വന്ദേമാതരം’ എന്ന പേരില്‍ ഒരു പ്രതിവാര പത്രം പ്രസിദ്ധീകരിച്ചു. 1907-ല്‍ ജര്‍മ്മനിയിലെ മണ്ണില്‍ മാഡം ഭിക്കാജി കാമ ഉയര്‍ത്തിയ സ്വതന്ത്ര ഭാരതത്തിന്റെ പതാകയില്‍ ‘വന്ദേമാതരം’ എന്ന മന്ത്രാക്ഷരം ജ്വലിച്ചുനിന്നു. അന്നുമുതല്‍ ‘വന്ദേമാതരം’ സ്വാതന്ത്ര്യത്തിന്റെ ഗീതമായും, ദേശഭക്തിയുടെ പ്രചോദന ഗാനമായും, വിപ്ലവകാരികളുടെ ചേതനാ മന്ത്രമായും മാറി.
‘വന്ദേമാതരം’ ആളിക്കത്തിച്ച വിപ്ലവാഗ്‌നിയില്‍ ഭയചകിതരായ ബ്രിട്ടീഷ് സര്‍ക്കാര്‍ 1906 ഏപ്രിലില്‍ ഇത് പരസ്യമായി ആലപിക്കുന്നത് നിരോധിച്ചു. എന്നാല്‍, ഈ അടിച്ചമര്‍ത്തല്‍ ബംഗാളിലെ ജനങ്ങളില്‍ കൂടുതല്‍ ആവേശവും ഊര്‍ജ്ജവും പകര്‍ന്നു. ഒടുവില്‍, ബംഗാള്‍ വിഭജനമെന്ന തങ്ങളുടെ പ്രമേയം പിന്‍വലിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം നിര്‍ബന്ധിതരായി.
ഈ ഊര്‍ജ്ജവും ആവേശവും ബംഗാളില്‍ മാത്രം ഒതുങ്ങിനിന്നില്ല. ഈ ഉണര്‍വിന്റെ ജ്വാല രാജ്യം മുഴുവന്‍ വ്യാപിച്ചു. 1907-ല്‍ നാഗ്പൂരില്‍ വെച്ച്, പില്‍ക്കാലത്ത് സംഘത്തിന്റെ സ്ഥാപകനായ, അന്നത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഡോ. ഹെഡ്‌ഗേവാര്‍ പരസ്യമായി ‘വന്ദേമാതരം’ ആലപിച്ചു. സ്‌കൂള്‍ അധികൃതരുടെ കോപത്തിന് ഇരയായി. അദ്ദേഹത്തെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.
അതിനുശേഷം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എല്ലാ വാര്‍ഷിക സമ്മേളനങ്ങളിലും ‘വന്ദേമാതരം’ പൂര്‍ണ്ണമായും ആലപിക്കുന്നത് തുടര്‍ന്നു. രവീന്ദ്രനാഥ ടാഗോര്‍, പണ്ഡിറ്റ് വിഷ്ണു ദിഗംബര്‍ പലൂസ്‌കര്‍, ഓംകാര്‍നാഥ് ഠാക്കൂര്‍ തുടങ്ങിയ പ്രമുഖ സംഗീതജ്ഞര്‍ ഇതിന് ശബ്ദം നല്‍കി. ഹിന്ദുവാകട്ടെ, മുസ്ലിമാകട്ടെ എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ ജീവശ്വാസമായി ഇത് ആലപിച്ചു.
എന്നാല്‍, 1921-ന് ശേഷം, ബ്രിട്ടന്റെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന്റെ സ്വാധീനത്തില്‍, കോണ്‍ഗ്രസിനുള്ളില്‍ വര്‍ഗീയ ശക്തികള്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി. തല്‍ഫലമായി, ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയും ‘വന്ദേമാതര’ത്തെ വര്‍ഗീയമെന്ന് മുദ്രകുത്തി എതിര്‍ക്കുകയും ചെയ്യുന്ന പ്രവണതകള്‍ ഉയര്‍ന്നുവന്നു. 1920 വരെ സ്വാതന്ത്ര്യ സമരത്തിന്റെ ജീവമന്ത്രമായി കണക്കാക്കപ്പെട്ടിരുന്ന അതേ ഗാനം 1923-ന് ശേഷം വര്‍ഗീയമെന്ന് വിളിക്കപ്പെടാന്‍ തുടങ്ങി. ഭാരത വിഭജനത്തിന്റെ വിത്തുകള്‍ മുളച്ചു തുടങ്ങിയത് ഈ ഘട്ടം മുതലാണ്.
‘ഭാരതീയ ദര്‍ശനമനുസരിച്ച് മനുഷ്യന്‍ എന്നത് കേവലം ഒരു ഭൗതിക ദേഹം മാത്രമല്ല; മറിച്ച് ശരീരം, പ്രാണന്‍, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയടങ്ങുന്ന പഞ്ചകോശങ്ങളായുള്ള ഒരു അസ്തിത്വമാണ്. ഇതേ രീതിയിലാണ് ‘വന്ദേമാതരം’ ഭാരതത്തിന്റെ പൂര്‍ണ്ണരൂപത്തെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഇതിലെ ആദ്യ ചരണം ഭാരതമണ്ണിനെയും, രണ്ടാമത്തേത് ഇവിടുത്തെ ജനതയെയും വര്‍ണ്ണിക്കുന്നു. തുടര്‍ന്നുള്ള ചരണങ്ങള്‍ ഭാരതത്തിന്റെ മനസ്സ്, ബുദ്ധി, പ്രാണന്‍, ആത്മീയ ബോധം എന്നിവയെയാണ് ആവിഷ്‌കരിക്കുന്നത്.’
‘തുമി വിദ്യ, തുമി ധര്‍മ്മ’, ഇവിടെ ‘വിദ്യ’ എന്നത് മോക്ഷത്തിലേക്ക് വഴി കാണിച്ചുതരുന്ന ഭാരതത്തിന്റെ ആത്മീയ ജ്ഞാനത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ ‘ധര്‍മ്മം’ എന്നത് മതമല്ല. ‘ഞാന്‍’ എന്ന വ്യക്തികേന്ദ്രീകൃതമായ ഭാവത്തെ ലഘൂകരിച്ച്, ‘നമ്മള്‍’ എന്ന കൂട്ടായ്മയുടെ മനോഭാവത്തെ വികസിപ്പിക്കുകയും, ഈ സമൂഹം നമ്മുടേതാണെന്ന ബോധ്യത്തോടെ അതിനായി തിരികെ സമര്‍പ്പിക്കുകയും ചെയ്യുക എന്ന അര്‍ത്ഥമാണ് ധര്‍മ്മത്തിനുള്ളത്. തങ്ങള്‍ ചെയ്യുന്ന അധ്വാനത്തിന്റെ ഫലം സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രമായി മാറ്റിവെക്കാതെ, സമൂഹത്തിന്റെ നന്മയ്ക്കായി തിരികെ നല്‍കുമ്പോള്‍, ആ സമൂഹം സാമൂഹിക മൂലധനം ആര്‍ജ്ജിക്കുമെന്നും, കൂടുതല്‍ സമൃദ്ധവും സഫലവുമായിത്തീരുമെന്നും, അതിലൂടെ അവിടുത്തെ ഓരോ വ്യക്തിക്കും ഉന്നതിയുണ്ടാകുമെന്നുമായിരുന്നു ഭഗിനി നിവേദിതയുടെ നിരീക്ഷണം. ഇതാണ് യഥാര്‍ത്ഥ ‘ധര്‍മ്മം’.’
അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം ഭാരതത്തിന്റെ നേതൃത്വം ലോക്സഭയ്ക്കായി ”ധര്‍മ്മചക്ര പ്രവര്‍ത്തനായ”, രാജ്യസഭയ്ക്കായി ”സത്യം വദ, ധര്‍മ്മം ചര”, സുപ്രീം കോടതിക്കായി ”യതോ ധര്‍മ്മസ്തതോ ജയ” തുടങ്ങിയ ദര്‍ശനങ്ങള്‍ ബോധപൂര്‍വ്വം സ്വീകരിച്ചത്. ദേശീയ പതാകയില്‍ ധര്‍മ്മചക്രം ഉള്‍പ്പെടുത്തുകയും ചെയ്തത്. ഈ വിദ്യയും ഈ ധര്‍മ്മവും ഭാരതമാതാവിന്റെ ഹൃദയത്തിലാണ് വസിക്കുന്നതെന്ന് പറയപ്പെടുന്നു. അവ ഭാരതത്തിന്റെ ജീവശക്തി തന്നെയാണ്.
ഭാരത് മാത എന്നത് ശക്തിയുടെ ദേവിയായ ദുര്‍ഗ്ഗ, ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി, ജ്ഞാന ദേവതയായ സരസ്വതി എന്നിവരുടെ സംയുക്ത രൂപമാണ്. ഇതാണ് ഭാരതം. ഈയൊരു കാരണത്താല്‍ തന്നെയാണ് 1905 മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനങ്ങളില്‍ ‘വന്ദേമാതരം’ പൂര്‍ണ്ണമായും ആലപിക്കുന്നത് തുടര്‍ന്നത്. ഈ സമ്പൂര്‍ണ്ണ കൃതി ആലപിക്കാന്‍ ഏകദേശം മൂന്ന് മിനിറ്റ് എടുക്കും. അങ്ങനെയെങ്കില്‍, ഈ ദര്‍ശനത്തില്‍ എവിടെയാണ് വര്‍ഗീയതയുള്ളത്?
പിന്നീട്, ഭിന്നിപ്പുണ്ടാക്കുന്ന വര്‍ഗീയ ശക്തികളുടെ സ്വാധീനത്താല്‍, ഇതിനെതിരെയുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി – ഈ പ്രവണത ഏതെങ്കിലും ഒരു രൂപത്തില്‍ ഇന്നും തുടരുന്നു. ഇതില്‍ വര്‍ഗീയത കാണുന്നവര്‍ ഭാരതത്തിന്റെ ആത്മീയ പൈതൃകത്തെയും പാരമ്പര്യങ്ങളെയും കുറിച്ചുള്ള തങ്ങളുടെ അജ്ഞതയാണ് പ്രകടിപ്പിക്കുന്നത്. അല്ലെങ്കില്‍, ഒരു കാലത്ത് ബ്രിട്ടീഷ് ഭരണത്തെ സേവിക്കുകയും ഇന്ന് ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിഘടനവാദ ശക്തികളുടെ ഭാഗമോ അല്ലെങ്കില്‍ അവരുടെ കൈകളിലെ അറിവില്ലാത്ത ഉപകരണങ്ങളോ ആണ് അവര്‍.
എന്നിട്ടും ‘വന്ദേമാതരം’ ഭാരതത്തിന്റെ ആത്മാവിനെത്തന്നെ ഉണര്‍ത്തി. അത് ദേശീയ ബോധം ജ്വലിപ്പിക്കുകയും ഓരോ ഹൃദയത്തിലും സ്വാതന്ത്ര്യത്തിന്റെ ആവേശം ആളിക്കത്തിക്കുകയും ചെയ്തു. കൃത്യമായി ഈ കാരണം കൊണ്ടാണ് ബംഗാള്‍ വിഭജനത്തിനെതിരെ ഇത്ര വലിയ ജനരോഷം ഉയര്‍ന്നതും ഒടുവില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തങ്ങളുടെ നിര്‍ദ്ദേശം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായതും. ഈയടുത്തായി, ഭാരത സര്‍ക്കാര്‍ ‘വന്ദേമാതര’ത്തിന് വലിയ പ്രാധാന്യം നല്‍കുകയും അതിന്റെ പൂര്‍ണ്ണ രൂപം ആലപിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഉചിതവും പ്രശംസനീയവുമാണ്.
2026-ലെ ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ 1905-നും 1911-നും ഇടയില്‍ ബംഗാളിന്റെ സവിശേഷതയായിരുന്ന ഉണര്‍വ്, ദൃഢനിശ്ചയം, ദേശീയ ബോധം, നിര്‍ണ്ണായക പ്രവര്‍ത്തനം എന്നിവയുടെ ഓര്‍മ്മകളെ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. ഭാഷാപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ബംഗാളിനെ വേര്‍പെടുത്താനുള്ള ശ്രമങ്ങളെ ഈ തെരഞ്ഞെടുപ്പ് തകര്‍ത്തു കളഞ്ഞു. ബംഗാളി ഭാഷ വ്യത്യസ്തമാണെങ്കിലും, അതിന്റെ അസ്തിത്വം ഭാരതത്തിന്റെ ആത്മീയ അസ്തിത്വത്തില്‍ നിന്ന് വേറിട്ടതല്ല; മറിച്ച്, അത് അതിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ആ സത്യം വീണ്ടും അടിവരയിട്ടു ഉറപ്പിച്ചിരിക്കുന്നു.
1905-ല്‍ ഭാരതത്തിന്റെ ദേശീയ സ്വത്വത്തെ തകര്‍ക്കാന്‍ ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളും ജിഹാദി തീവ്രവാദികളും എങ്ങനെ ഒന്നിച്ച് പ്രവര്‍ത്തിച്ചുവോ, അതുപോലെ തന്നെ 2026-ല്‍ വിവേകശൂന്യരായ രാഷ്ട്രീയക്കാരും ജിഹാദികളും കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളും ഒത്തുചേര്‍ന്ന് ബംഗാളിന് ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ശ്രമിക്കുകയായിരുന്നു.
1905 ലും 2026 ലും ബംഗാളിലെ ഹിന്ദുക്കള്‍ തങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഒരു പ്രതിസന്ധിയെയാണ് അഭിമുഖീകരിച്ചത്. ശ്രീരാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും ശ്രീ അരവിന്ദനും രവീന്ദ്രനാഥ ടാഗോറും അമരമാക്കിയ ആ പഴയ ബംഗാളിന്റെ ചൈതന്യവും സ്വത്വവും വീണ്ടുമൊരിക്കല്‍ക്കൂടി തേജോമയമായിരിക്കുന്നു. ഭാരതത്തിന്റെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, സംയോജിതവും, ആത്മീയവുമായ ജീവിത തത്വശാസ്ത്രമായ ഭാരതത്തിന്റെ ഹിന്ദുത്വം ഒരിക്കല്‍ കൂടി വ്യക്തവും ശക്തവുമായ ആവിഷ്‌കാരം കണ്ടെത്തിയിരിക്കുന്നു.
ഈ ഫലം സാധ്യമാക്കിയ എല്ലാ സര്‍ക്കാര്‍-ഭരണ ഉദ്യോഗസ്ഥര്‍ക്കും, ഭയരഹിതമായി വോട്ട് രേഖപ്പെടുത്തി ധീരതയും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ബംഗാളിലെ സ്ത്രീപുരുഷന്മാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ജനാധിപത്യത്തോടുള്ള അവരുടെ പ്രതിബദ്ധതയും മാറ്റത്തിനായുള്ള അവരുടെ ആഗ്രഹവുമാണ് ഈ ചരിത്രപരമായ വിജയത്തിന് കാരണമായത്. ഇത് ബംഗാളിന്റെ ‘വന്ദേമാതര ധന്യമുഹൂര്‍ത്തം’ തന്നെയാണ്.


















Discussion about this post