ന്യൂദല്‍ഹി: ശ്രീ റാം മന്ദിര്‍ അയോദ്ധ്യ പ്രസാദ് എന്ന ലേബലില്‍ മധുരപലഹാരങ്ങള്‍ ലിസ്റ്റുചെയ്യാനും വില്‍ക്കാനും അനുവദിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ആമസോണ്‍ സെല്ലര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) ഒരു ലക്ഷം രൂപ പിഴ ചുമത്തി. ശ്രീ റാം മന്ദിര്‍ അയോദ്ധ്യ പ്രസാദ് എന്ന പ്രയോഗം അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രസാദമെന്ന് ഭക്തരെ തെറ്റിദ്ധരിപ്പിക്കുമെന്ന് സിസിപിഎ നിരീക്ഷിച്ചു.
ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ അനുമതിയില്ലാതെ, ഈ വാചകം വാണിജ്യപരമായി ഉപയോഗിക്കുന്നത് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യാപാര രീതി മാത്രമല്ല, കോടിക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വാസങ്ങളെ അപമാനിക്കുന്നതുമാണ്. 2024 ജനുവരി 22 ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുമ്പാണ് ശ്രീറാം മന്ദിര്‍ അയോദ്ധ്യ പ്രസാദ്’ എന്ന വ്യാജ ഉത്പന്നങ്ങള്‍ ആമസോണില്‍ ലിസ്റ്റ് ചെയ്തത്, സിസിപിഎ ചൂണ്ടിക്കാട്ടി.














