ഭാരതത്തിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളിൽ പ്രമുഖനും ഭാരത സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അടിത്തറ പാകിയവരിൽ ഒരാളുമായിരുന്നു സുരേന്ദ്രനാഥ് ബാനർജി (1848 നവംബർ 10 – 1925 ഓഗസ്റ്റ് 6). രാഷ്ട്രീയ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ മാനിച്ച് ‘രാഷ്ട്രഗുരു’ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. കൊൽക്കത്തയിൽ ജനിച്ച അദ്ദേഹം കൊൽക്കത്ത സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം ഇന്ത്യൻ സിവിൽ സർവീസ് (ICS) പരീക്ഷ വിജയിച്ചെങ്കിലും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വിവേചനം കാരണം ജോലി നഷ്ടപ്പെടുകയുണ്ടായി. തുടർന്ന് ഇംഗ്ലണ്ടിൽ പോയി നിയമപഠനം പൂർത്തിയാക്കി തിരിച്ചെത്തി.
ഭാരതത്തിൽ രാഷ്ട്രീയ ബോധം വളർത്തുന്നതിനായി 1876 ജൂലൈ 26-ന് അദ്ദേഹം ‘ഇന്ത്യൻ നാഷണൽ അസ്സോസിയേഷൻ’ എന്ന സംഘടന സ്ഥാപിച്ചു. ഈ സംഘടന പിൽക്കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ലയിക്കുകയുണ്ടായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം 1895-ലെ പൂനെ സമ്മേളനത്തിലും 1902-ലെ അഹമ്മദാബാദ് സമ്മേളനത്തിലും കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സിവിൽ സർവീസിൽ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം കൽക്കട്ടയിലെ റിപ്പൺ കോളേജ് (ഇപ്പോൾ സുരേന്ദ്രനാഥ് കോളേജ്) സ്ഥാപിക്കുകയും ‘ദി ബെംഗാളി’ എന്ന പത്രത്തിന്റെ എഡിറ്ററായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്തു.1905യിൽ ബ്രിട്ടീഷുകാർ ബംഗാൾ വിഭജിച്ചപ്പോൾ അതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാനികളിൽ ഒരാളായിരുന്നു സുരേന്ദ്രനാഥ് ബാനർജി. എങ്കിലും ബ്രിട്ടീഷ് സർക്കാരിന്റെ ഭരണപരിഷ്കാരങ്ങളെ അനുകൂലിച്ചിരുന്ന ഒരു മിതവാദ നേതാവായിരുന്നു അദ്ദേഹം.
രാഷ്ട്രീയ രംഗത്തെ സേവനങ്ങൾ മാനിച്ച് ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് ‘സർ’ പദവി നൽകി ആദരിച്ചിട്ടുണ്ട്. ‘എ നേഷൻ ഇൻ മേക്കിംഗ്’ എന്നത് അദ്ദേഹത്തിന്റെ ആത്മകഥയാണ്.



















Discussion about this post