കോഴിക്കോട്: നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്കാരം ചലച്ചിത്ര സംവിധായകന് ജയരാജിന് സമര്‍പ്പിച്ചു. കോഴിക്കോട് കേസരി ഭവനില്‍ നടന്ന ചടങ്ങില്‍ തിരക്കഥാകൃത്തും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് പുരസ്കാരം സമര്‍പ്പിച്ചത്. ജയരാജിന് പുരസ്കാരം സമ്മാനിക്കാനായത് തന്റെ ഭാഗ്യമായി കരുതുന്നതായി കൈതപ്രം പറഞ്ഞു. തന്നെ ഗാനരചയിതാവും തിരക്കഥാകൃത്തും സംഗീത സംവിധായകനും എല്ലാം ആക്കിയത് ജയരാജ് ആണ്. ഇരുവരും തമ്മിലുള്ള നീണ്ടകാലത്തെ അടുപ്പം ഇന്ന് പെരുങ്കളിയാട്ടത്തില്‍ എത്തിനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാളിദാസന്റെ ശാകുന്തളം അടിസ്ഥാനമാക്കി ചിത്രമൊരുക്കുമെന്ന് പുരസ്കാരം സ്വീകരിച്ചശേഷം ജയരാജ് പറഞ്ഞു. നവരസങ്ങളില്‍ ശൃംഗാരം ഒഴികെയുള്ള എല്ലാഭാവങ്ങളും പ്രമേയമാക്കി ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ശൃംഗാരം മാത്രമാണ് ഇല്ലാതിരുന്നത്. ജീവിതത്തില്‍ സംഭവിച്ചതിനെയെല്ലാം ഒരു നിയോഗമായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുരസ്കാരം തന്റെ ഉത്തരവാദിത്തം ഉയര്‍ത്തിയിരിക്കുകയാണ്. നമ്മുടെ സാംസ്കാരിക മൂല്ല്യങ്ങളെ അടുത്ത തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഇതാണ് ഏറ്റവും മഹത്തായ സംസ്കാരമെന്ന് ലോകം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടിയും നവരാത്രി സര്‍ഗ്ഗോത്സവ സമിതി അദ്ധ്യക്ഷയുമായ വിധുബാല അദ്ധ്യക്ഷയായി. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു, പുരസ്കാര നിര്‍ണയസമിതി അംഗം ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്, സര്‍ഗ്ഗോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ കെ. സുനീഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















