കൊച്ചി: ഭാഷാ പണ്ഡിതൻ, അദ്ധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, ഭാരതീയ ചിന്തകൻ, ഗ്രന്ഥകാരൻ, സംഘാടകൻ എന്നീ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രൊഫ. തുറവൂർ വിശ്വംഭരൻ വിടപറഞ്ഞിട്ട് ഒൻപത് വർഷം പിന്നിടുന്നു.
മഹാഭാരതപര്യടനം: ഭാരത ദർശനം, പുനർവായന എന്ന വിശിഷ്ടമായ ഗ്രന്ഥത്തിലൂടെയും, ഭാരത ദർശനം എന്ന പ്രഭാഷണ പരമ്പരയിലൂടെയും മഹാഭാരതത്തിന്റെ ദർശനവും ധാർമിക ജീവിത പാഠങ്ങളും തുറവൂർ വിശ്വംഭരൻ പകർന്നു നൽകി.
വിശ്വസംവാദകേന്ദ്രം അധ്യക്ഷൻ, തപസ്യ കലാസാഹിത്യ വേദി സംസ്ഥാന അധ്യക്ഷൻ, അമൃതഭാരതിയുടെ അമരക്കാരൻ, ജന്മഭൂമി മുഖ്യപത്രാധിപർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ള തുറവൂർ വിശ്വംഭരൻ 2017 ൽ ലോകത്തോട് വിട പറഞ്ഞെങ്കിലും അതിനോടകം വലിയ സാഹിത്യ, സാംസ്കാരിക, ദർശനിക സംഭാവനകൾ നൽകിയിരുന്നു.
തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് നാലിന് തൃപ്പൂണിത്തുറ എൻ.എം. ഹാളിൽ മഹാഭാരത സമീക്ഷയും അനുസ്മരണവും നടക്കും. ധർമ്മാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി എന്ന വിഷയത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് സംസ്കൃത വിഭാഗം മേധാവി ഡോ. ലക്ഷ്മി ശങ്കർ, ആധ്യാത്മിക പ്രഭാഷകൻ പീയൂഷ്. ജി, നേമം എൻഎസ്എസ് കോളജ് മലയാള വിഭാഗം അസി. പ്രൊഫസർ ഡോ. ലക്ഷ്മിദാസ്, പത്രപ്രവർത്തകനും സാഹിത്യകാരനുമായ കാവാലം ശശികുമാർ എന്നിവർ സംസാരിക്കും.
അനുസ്മരണ സഭയിൽ സാഹിത്യകാരനും തപസ്യ സംസ്ഥാന അധ്യക്ഷനുമായ വിജയകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ഉപാധ്യക്ഷൻ കെ.സി. സുധീർ ബാബു അനുസ്മരണ പ്രഭാഷണം നടത്തും. ആർഎൽവി ശ്രീനാഥ് നാന്ദിഗീതം ആലപിക്കും. വിശ്വംഭരൻ മാഷിനെക്കുറിച്ച് കവി മങ്കൊമ്പ് രചിച്ച കവിത അനവദ്യപ്രസാദ് അവതരിപ്പിക്കും. തപസ്യ സംസ്ഥാന സെക്രട്ടറി സതീഷ് ബാബു കെ, തൃപ്പൂണിത്തുറ കാര്യദർശി സുബ്ബു ചൊവ്വര എന്നിവർ സംസാരിക്കും.















