തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്നാട് ഗവർണറായി സ്ഥലംമാറ്റപ്പെട്ട രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പിൻഗാമിയായാണ് മാഥൂർ ചുമതലയേറ്റത്.
നേരത്തെ സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥൂറിനെയാണ് കേരളത്തിന്റെ പുതിയ ഗവർണറായി നിയമിച്ചത്. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജനപ്രതിനിധികൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങിന്റെ നേതൃത്വത്തിൽ മന്ത്രിമാരുൾപ്പെടെ 75 അംഗ സംഘവും ചടങ്ങിനെത്തി. അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചടങ്ങിൽ പങ്കെടുത്തില്ല.
നിശ്ശബ്ദമായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഭാരത രാഷ്ട്രീയത്തിലെ നിര്‍ണ്ണായക വഴിത്തിരിവുകള്‍ക്ക് പിന്നില്‍ കരുത്തുറ്റ തന്ത്രങ്ങള്‍ മെനഞ്ഞ നേതാവാണ് ഒ.പി. മാഥൂര്‍. ആര്‍എസ്എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച് ബിജെപിയുടെ മുന്‍നിര സംഘാടകനായും രാജ്യസഭാ എംപിയായും ഒടുവില്‍ സിക്കിം ഗവര്‍ണറായും നിയോഗിക്കപ്പെട്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിത യാത്ര ഭാരത രാഷ്ട്രീയത്തിലെ സുപ്രധാന അധ്യായമാണ്. ആര്‍ഭാടങ്ങളില്ലാത്ത ജീവിതരീതിയും ശാന്തമായ ഇടപെടലുകളുമാണ് മാഥൂറിന്റെ മുഖമുദ്ര. വിരുദ്ധ ചേരികളിലുള്ള നേതാക്കളെ ഒരുമിപ്പിച്ചു നിര്‍ത്താനും തര്‍ക്കങ്ങള്‍ പരിഹരിക്കാനും അദ്ദേഹത്തിനുള്ള കഴിവ് പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
1952 ജനുവരി 2ന് രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലിയിലാണ് ഓം പ്രകാശ് മാഥൂറിന്റെ ജനനം. രാജസ്ഥാന് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം പൂര്‍ണ്ണസമയ പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അച്ചടക്കമുള്ള പ്രവര്‍ത്തനശൈലിയില്‍ വളര്‍ന്ന അദ്ദേഹം ദീര്‍ഘകാലം പ്രചാരകനായി പ്രവര്‍ത്തിച്ചു. രാജസ്ഥാന്റെ വിവിധ ഗ്രാമീണ മേഖലകളില്‍ താഴെത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ മാഥൂര്‍ മുഖ്യപങ്ക് വഹിച്ചു. പിന്നീട് ആര്‍എസ്എസില്‍ നിന്ന് ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് നിയോഗിക്കപ്പെട്ട അദ്ദേഹം സംഘടനാ സെക്രട്ടറി ഉള്‍പ്പെടെയുള്ള സുപ്രധാന പദവികള്‍ വഹിച്ചു.
ഗുജറാത്തിലെ പാര്‍ട്ടി ഇന്‍ചാര്‍ജ് ആയി പ്രവര്‍ത്തിച്ച കാലഘട്ടം അദ്ദേഹത്തിന്റെ സംഘടനാ പാടവത്തിന് അടിവരയിട്ടു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനത്തിലും തെരഞ്ഞെടുപ്പ് വിജയങ്ങളിലും മാഥൂറിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. നരേന്ദ്ര മോദിയുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ള നേതാവാണ് മാഥൂര്‍.














