തിരുവനന്തപുരം: ദേവസ്വം ക്ഷേത്രങ്ങളുടെ ഭൂമി പൊതു ശൗചാലയങ്ങൾ നിർമിക്കുന്നതിനായി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം ക്ഷേത്രങ്ങളുടെ സ്വതന്ത്ര ഭരണാവകാശത്തിലും ആചാരപരമായ സവിശേഷതകളിലും അനാവശ്യമായി കൈകടത്തുന്നതാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി വി.എസ്. രാമസ്വാമിയും പ്രസ്താവനയിൽ പറഞ്ഞു. പൊതുജനാവശ്യത്തിന്റെ പേരിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉപയോഗിച്ച് ക്ഷേത്രഭൂമി കൈവശപ്പെടുത്താനുള്ള നീക്കം സർക്കാർ ഉടൻ പിൻവലിക്കണം.
പൊതു ശൗചാലയങ്ങൾ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വമാണ്. ക്ഷേത്രഭൂമി പൊതു ആവശ്യങ്ങൾക്കായി യഥേഷ്ടം വിനിയോഗിക്കാവുന്ന സർക്കാർ സ്വത്തല്ല. അതിന് മതപരവും ആചാരപരവും ഭരണപരവുമായ സവിശേഷതകളുമുണ്ട്. മതേതരത്വം ഉയർത്തിപ്പിടിക്കുന്ന സർക്കാർ, പൊതു ശൗചാലയങ്ങൾ നിർമിക്കുന്നതിന് ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമിടുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കണം. ക്ഷേത്രങ്ങളോട് ഭൂമി ആവശ്യപ്പെടുന്ന അതേ സമീപനം മറ്റു മതസ്ഥാപനങ്ങളോടും സ്വീകരിക്കുമോയെന്ന് സർക്കാർ വിശദീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.















