ന്യൂദല്‍ഹി: രാജ്യത്തിന്റെ സുരക്ഷാസേനാംഗങ്ങളുടെ ജീവന് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ണായക ചുവടുവെപ്പുമായി ഭാരതം. പുല്‍വാമ പോലുള്ള ആക്രമണങ്ങള്‍ തടയുന്നതിനാണ് ആദ്യ തദ്ദേശീയ കവചിത സൈനിക വാഹനം പുറത്തിറക്കുന്നത്. ഒരേസമയം 28 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ ആര്‍മേര്‍ഡ് ട്രൂപ്പ് ട്രാന്സ്പോര്ട്ടര് അശോക് ലെയ്ലാന്‍ഡാണ് നിര്‍മ്മിക്കുന്നത്. ബുള്ളറ്റ് പ്രൂഫും, ബ്ലാസ്റ്റ് പ്രൂഫുമാണ് വാഹനം.
4ഃ4 പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച വാഹനത്തില്‍ റണ്‍-ഫ്ലാറ്റ് ടയര്‍, പാന്‍-ടില്‍റ്റ്-സൂം ക്യാമറകള്‍, 360 ഡിഗ്രി കറങ്ങുന്ന ഗണ്‍ ടററ്റ്, കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സംവിധാനം എന്നിവയുണ്ട്.
നിലവില്‍ 187.24 കോടി രൂപയ്ക്ക് 124 വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 109 എണ്ണം സിആര്‍പിഎഫിനും, 15 എണ്ണം ബിഎസ്എഫിനും ലഭിക്കും.
ജമ്മു-കശ്മീര്‍ ഉള്‍പ്പെടെയുള്ള അതീവ സുരക്ഷാ മേഖലകളിലാണ് ഈ വാഹനങ്ങള്‍ വിന്യസിക്കുക. 2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണമാണ് ഇത്തരമൊരു സുരക്ഷാ സംവിധാനത്തിന്റെ ആവശ്യകതയിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. അന്ന് ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു വരിച്ചിരുന്നു.
സാധാരണ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സൈനികര്‍ നേരിടുന്ന അപകടസാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കവചിത വാഹനത്തിന്റെ രൂപകല്പന.













