ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിന്നും ശ്രീജിത്ത് നരിപ്പറ്റ 📝
പനാജി: ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ ഇതിഹാസ ഗായികമാരായ ലതാ മങ്കേഷ്കർ, ആശാ ഭോസ്ലെ, എസ്. ജാനകി എന്നിവർക്കുള്ള ഹൃദ്യമായ ആദരമായി 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള . “Lata Mangeshkar Talk: A Voice That Echoes Through Memories of Asha Bhosle and S. Janaki” എന്ന വിഷയത്തിലായിരുന്നു സെഷൻ സംഘടിപ്പിച്ചത്. സുഹാസിനി മണിരത്നം മോഡറേറ്ററായ ചർച്ച സാധാരണ അഭിമുഖങ്ങളുടെ ഔപചാരികതകൾക്കപ്പുറം പഴയകാല ഓർമ്മകളുടെയും അനശ്വര ഈണങ്ങളുടെയും ഒത്തുചേരലായി മാറി. വേദിയിൽ സംസാരിക്കാൻ തനിക്ക് ചെറിയൊരു പരിഭ്രമമുണ്ടെങ്കിലും പ്രിയ സുഹൃത്ത് സുഹാസിനി ഒപ്പമുള്ളതിനാൽ അത് മാറുമെന്ന് പറഞ്ഞുകൊണ്ടാണ് ചിത്ര സംസാരിച്ചു തുടങ്ങിയത്. തന്റെ സംഗീത യാത്രയിൽ മൂന്ന് അനശ്വരഗായികമാർ ചെലുത്തിയ സ്വാധീനം ചിത്ര വേദിയിൽ ഓർത്തെടുത്തു. ലതാ മങ്കേഷ്കറുടെ ഭക്തിഗാനങ്ങളിലെ അഗാധമായ വൈകാരികത തന്നിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ചിത്ര പറഞ്ഞു.
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെയും ഭാവങ്ങളിലൂടെയും സംഗീത ലോകത്ത് സ്വന്തം വ്യക്തിത്വം സ്ഥാപിച്ച ഗായികയാണ് ആശാ ഭോസ്ലെയെന്ന് ചിത്ര വിശേഷിപ്പിച്ചു. ആശാ ഭോസ്ലെയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ ഉച്ച സ്ഥായിയിൽ പാടുന്നതിനെക്കുറിച്ച് അവർ തന്നോട് വാത്സല്യത്തോടെ ചോദിച്ചതും ചിത്ര പങ്കുവെച്ചു. ആദ്യകാലത്ത് സംഗീത സംവിധായകരോട് മറുത്തൊന്നും പറയാൻ പറ്റാത്ത കാലമായിരുന്നെന്നും പിന്നീട് ആശാജി പറഞ്ഞ കാര്യങ്ങൾ പാടുമ്പോൾ ശ്രദ്ധിക്കുമായിരുന്നെന്നും ചിത്ര കൂട്ടിച്ചേർത്തു.

എസ്. ജാനകിയുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും അമ്മയെപ്പോലെയാണ് ജാനകിയമ്മയെ താൻ കാണുന്നതെന്നും ചിത്ര പറഞ്ഞു. ജാനകിയമ്മയുടെ വീട്ടിൽ വെച്ച് അവർ സ്വന്തം കൈകൊണ്ട് ഭക്ഷണം വാരിത്തന്നതും, തനിക്ക് കഴിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന എരിവുള്ള ഭക്ഷണം പോലും ഉരുളയായി വായിൽ വച്ച് തരുമ്പോൾ താൻ കഴിക്കുമായിരുന്നെന്നും ചിത്ര ഓർത്തെടുത്തു. സംഗീതത്തിനപ്പുറം അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ചിത്രയുടെ വാക്കുകൾ.
ചടങ്ങിനിടെ സുഹാസിനി ചിത്രയ്ക്ക് മുന്നിൽ നടത്തിയ രസകരമായ സംഗീത ക്വിസ്സ് സദസിനെ വിസ്മയിപ്പിച്ചു. പശ്ചാത്തല സംഗീതമോ ശബ്ദമോ ഇല്ലാതെ സ്ക്രീനിൽ കാണിച്ച അഞ്ച് സിനിമാ രംഗങ്ങളിലെയും ഗാനങ്ങൾ, അഭിനേതാക്കളുടെ ചുണ്ടനക്കത്തിൽ നിന്നുതന്നെ ചിത്ര കൃത്യമായി തിരിച്ചറിയുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്തത് സദസ്സിന് കൗതുകമായി.പരിപാടിയുടെ അവസാന ഭാഗത്ത് ഇരുവരും ചേർന്ന് ഗാനങ്ങൾ ആലപിച്ചു. സുഹാസിനിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘സിന്ധു ഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേൻ പഠിപ്പറിയേൻ’ എന്ന ഗാനം ചിത്ര ആലപിച്ചപ്പോൾ സുഹാസിനിയും ഒപ്പം ചേർന്നു. ഞാൻ പാടുന്ന പാട്ടിന് അനുസരിച്ച് അഭിനയിക്കണമെന്ന് ചിത്ര മുന്നോട്ട് വച്ച “ചലഞ്ച് “സുഹാസിനി ഏറ്റെടുത്തതോടെസദസിൽ കയ്യടികളുകയർന്നു.തീർത്തും വ്യത്യസ്തവും രസകരവുമായി സംഗീതവും ഓർമകളും കോർത്തിണക്കിയാണ് സുഹാസിനി മണി രത്നം കെ.എസ് ചിത്രയിലൂടെ മൂന്ന് ഇതിഹാസ ഗായികമാർക്ക് ആദരമൊരുക്കിയത്.














