ന്യൂഡൽഹി: പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ ചാർജ് ഡി-അഫയേർസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ. ജമ്മുകശ്മീരിലെ ലൈൻ ഓഫ് കണ്ട്രോളിൽ പ്രകോപനങ്ങളൊന്നുമില്ലാതെ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പാക് നയതന്ത്രജ്ഞനെ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിട്ടുള്ളത്.
ആക്രമണം നടത്താൻ രാജ്യം ദീപാവലി ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന സമയം തന്നെ പാകിസ്ഥാൻ തിരഞ്ഞെടുത്തത് ജമ്മുകശ്മീരിലെ ക്രമസമാധാനം തകർക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, സംഭവത്തിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് അതിർത്തിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
നിയന്ത്രണരേഖയിലെ ഉറി, നൗകം, തങ്‌ദാർ, ദവാർ ഉൾപ്പെടെയുള്ള മേഖലകളിലാണ് നവംബർ 13ന് പാകിസ്ഥാന്റെ ആക്രമണമുണ്ടായത്. പാകിസ്ഥാന്റെ ഈ അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. ഇന്ത്യൻ മിസൈലുകളും റോക്കറ്റുകളും ജമ്മുകശ്മീരിലെ ബാരാമുള്ള, കുപ്‌വാര, ബന്ദിപ്പോറ ജില്ലകളിലെ ഉറി, നൗകം, തങ്‌ദാർ, കേരൻ, ഗുരസ് എന്നിവിടങ്ങളിലെ പാക് ബങ്കറുകൾ തകർത്തു തരിപ്പണമാക്കി. ഇതിന്റെ വീഡിയോ സൈന്യം പുറത്തു വിട്ടിരുന്നു.
Discussion about this post