ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ കർഷകർ നടത്തിയ ഡൽഹി ചലോ മാർച്ചിനു പിന്നിൽ ഖാലിസ്ഥാൻ തീവ്രവാദികളാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ. അദ്ദേഹം വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഖാലിസ്ഥാൻ തീവ്രവാദികളുടെ കൃത്യമായ ഇടപെടൽ കർഷകരുടെ ഡൽഹി ചലോ മാർച്ചിനു പിന്നിലുണ്ടെന്നും പ്രശ്നമുണ്ടാക്കിയത് പഞ്ചാബിൽ നിന്നും എത്തിയവരാണെന്നും അദ്ദേഹം വ്യക്തമാക്കി. “സമരമാരംഭിച്ചത് പഞ്ചാബിൽ നിന്നാണ്. സമരവുമായി ചില രാഷ്ട്രീയ പാർട്ടികൾക്കും യൂണിയനുകൾക്കും ബന്ധമുണ്ട്. ഹരിയാനയിൽ നിന്നുള്ള കർഷകർ സമരത്തിൽ പങ്കെടുത്തിട്ടില്ല. അതിന് ഞാൻ അവരെ അഭിനന്ദിക്കുകയാണ്. തങ്ങളുടെ ഡ്യൂട്ടി കൃത്യമായി ചെയ്തതിന് ഹരിയാന പോലീസിനേയും അഭിനന്ദിക്കുന്നു”- മനോഹർ ലാൽ ഘട്ടർ കൂട്ടിച്ചേർത്തു.
ഹരിയാന അതിർത്തിയായ അംബാലയിൽ വെച്ച് ഡൽഹിയിലേക്ക് പുറപ്പെട്ട പഞ്ചാബിൽ നിന്നുള്ള കർഷകരെ പോലീസ് തടഞ്ഞിരുന്നു. ഇതേ തുടർന്ന് പോലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. സംഘർഷത്തിനിടെ കർഷകർ ട്രാക്ടറുകൾ ഉപയോഗിച്ച് പോലീസ് ബാരിക്കേഡുകൾ നശിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Discussion about this post