ബീജിങ്: ചൈനയുടെ സൈനിക ഭീഷണി വര്‍ധിക്കുന്നതിനിടെ തായ്‌വാനുമായി കൈകോര്‍ക്കാനൊരുങ്ങി യൂറോപ്പ്. ബീജങിന്‍റെ ഭീഷണികളെ വകവയ്ക്കാതെ യൂറോപ്യന്‍ പാര്‍ലമെന്റിന്‍റെ ആദ്യ പ്രതിനിധി സംഘം തായ്‌വാനിലെത്തി. പ്രതിസന്ധിയില്‍ തായ്‌വാന്‍ ഒറ്റയ്ക്കല്ലെന്ന സന്ദേശം നല്‍കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് പ്രതിനിധിസംഘത്തെ നയിക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റിലെ ഫ്രഞ്ച് അംഗം റാഫേല്‍ ഗ്ലക്സ്മാന്‍ തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്വെനിനോട് പറഞ്ഞു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ സ്വേച്ഛാധിപത്യ നിലപാടുകള്‍കൊണ്ട് ഇതര രാജ്യങ്ങള്‍ക്കിടയില്‍ അവിശ്വാസം സൃഷ്ടിച്ചിരിക്കുകയാണെന്ന് യൂറോപ്യന്‍ പ്രതിനിധിസംഘത്തെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി യൂറോപ്യന്‍ നിയമനിര്‍മ്മാതാക്കള്‍ ചൈനയുമായുള്ള നിക്ഷേപ കരാറും തടഞ്ഞിട്ടുണ്ട്. ചൈനയും യൂറോപ്പും തങ്ങളുടെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതിന് കമ്പനികള്‍ക്കായി ഉണ്ടാക്കിയ ദീര്‍ഘകാലത്തെ കരാറാണ് റദ്ദാക്കപ്പെട്ടത്.
സിന്‍ജിയാങ്ങിലെ ഉയ്ഗൂര്‍ മുസ്ലിങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ കടുത്ത എതിര്‍പ്പാണ് ചൈന നേരിടുന്നത്. അതേസമയം ‘ഇന്‍ഡോ-പസഫിക്കിലെ പങ്കാളിയും ജനാധിപത്യ സഖ്യകക്ഷിയുമായ’ തായ്വാനുമായി ശക്തമായ ബന്ധം ആവശ്യപ്പെടുന്ന പ്രമേയത്തെ യൂറോപ്യന്‍ പാര്‍ലമെന്റും പിന്തുണച്ചു. ചൈനയുടെ തെക്കുകിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന24 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ഒരു ജനാധിപത്യ രാജ്യമാണ് തായ്വാന്‍. ഏഴു പതിറ്റാണ്ടിലേറെയായി വെവ്വേറെ ഭരിച്ചിട്ടും, ‘തായ്വാന്‍ സ്വാതന്ത്ര്യം’ എന്നാല്‍ യുദ്ധമാണെന്നാണ് ചൈനയുടെ ഭീഷണി.
തായ്വാനുമായുള്ള പുനരേകീകരണം പൂര്‍ത്തിയാക്കുമെന്ന് പ്രതിജ്ഞയെടുത്ത ചൈനീസ് പ്രസിഡന്റ് ദ്വീപിന് ഔപചാരിക സ്വാതന്ത്ര്യത്തിനുള്ള ഏതൊരു ശ്രമവും തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post