അഹമ്മദാബാദ്: ഭാരതത്തെ സ്വയംപര്യാപ്തമാക്കാൻ സമൂഹം സ്വദേശി സമ്പദ് മാതൃകകൾ സ്വീകരിക്കണമെന്ന് ആർ എസ് എസ് . സമൃദ്ധമായ പ്രകൃതിവിഭവങ്ങളും വിപുലമായ മനുഷ്യശക്തിയും സംരംഭകത്വശേഷിയുംഉള്ള ഭാരതത്തിന് ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് കർണാ വതിയിൽ സമാപിച്ച അഖിലഭാരതീയ പ്രതിനിധി സഭ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
തൊഴിൽ, ഉപജീവന മേഖലകളിൽ കൊവിഡ് സൃഷ്ടിച്ച ആഘാതം മറികടക്കാൻ സമൂഹം പുതിയ അവസരങ്ങൾ തുറന്നു. തൊഴിൽ മേഖലയിലെ വെല്ലുവിളി ലഘൂകരിക്കുന്നതിന് ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ മുഴുവൻ സമൂഹവും സജീവമായ പങ്ക് വഹിക്കേണ്ടതുണ്ടെന്ന് പ്രതിനിധി സഭ അഭിപ്രായപ്പെടുന്നു.
പരിസ്ഥിതി സൗഹൃദവും മനുഷ്യകേന്ദ്രിതവുമായ തൊഴിലുകൾക്ക് പ്രാധാന്യം നല്കുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തമാകണം. അത് വികേന്ദ്രീകരണത്തിനും ആനുകൂല്യങ്ങളുടെ തുല്യ വിതരണത്തിനും ഊന്നൽ നൽകുന്നതാകണം. മൈക്രോ സ്കെയിൽ, ചെറുകിട, കാർഷിക അധിഷ്ഠിത വ്യവസായങ്ങൾ വർധിക്കണം .ഭാരതീയ സാമ്പത്തിക മാതൃകയ്ക്ക് ഊന്നൽ നൽകണം , പ്രമേയം അഭിപ്രായപ്പെടുന്നു. അസംഘടിത മേഖലയിലെയും സ്ത്രീകളുടെ തൊഴിൽ സംരംഭങ്ങൾ ശക്തമാകണം. സമ്പദ്‌വ്യവസ്ഥയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടതുണ്ട്. സാമൂഹിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ പുതിയ സാങ്കേതിക വിദ്യകൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ അത്യന്താപേക്ഷിതമാണ്.
ഈ രീതികളെ അടിസ്ഥാനമാക്കി നിരവധി വിജയകരമായ തൊഴിൽ മാതൃകകൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടെന്നത് ശ്രദ്ധേയമാണ്. പ്രാദേശികമായ സവിശേഷതകൾ, ആവശ്യങ്ങൾ എന്നിവ കണക്കിലെടുത്താണ് അത്തരം മാതൃകകൾ ഉയരുന്നത്. മൂല്യവർധിത ഉൽപന്നങ്ങൾ, സഹകരണ മേഖല, പ്രാദേശിക ഉത്പന്നങ്ങളുടെ നേരിട്ടുള്ള വിപണനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ സംരംഭകർ, വ്യവസായികൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങി നിരവധി പരിശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കരകൗശലവസ്തുക്കൾ, ഭക്ഷ്യ സംസ്കരണം, വീട്ടിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ, കുടുംബ സംരംഭങ്ങൾ തുടങ്ങിയ അനുഭവങ്ങൾ പരസ്പരം പങ്കുവെച്ച് ആവശ്യമുള്ള ഇടങ്ങളിൽ അവ പ്രാവർത്തികമാക്കണം. വിദ്യാഭ്യാസ, വ്യാവസായിക സ്ഥാപനങ്ങൾ തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളിൽ വലിയ സംഭാവന ചെയ്തിട്ടുണ്ട്. ദുർബലരും നിരാലംബരുമായവർ ഉൾപ്പെടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് സുസ്ഥിരമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ എല്ലാ വിജയഗാഥകളെയും പ്രതിനിധി സഭ അഭിനന്ദിക്കുന്നു. സമൂഹത്തിൽ ‘സ്വദേശി, സ്വാശ്രയത്വ മനോഭാവം വളർത്തിയെടുക്കാൻ ഈ സംരംഭങ്ങൾക്ക് കഴിയും.
ഉയർന്ന തൊഴിൽ സാധ്യതയുള്ള ഉത്പാദന മേഖല ശക്തിപ്പെടുത്തേണ്ടതുണ്ട്, അത് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. യുവാക്കളെ, തൊഴിൽ തേടുന്ന മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരാൻ അവരെ ബോധവൽക്കരിക്കുകയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും വേണം. സമാനമായ സംരംഭകത്വ മനോഭാവം സ്ത്രീകൾ, ഗ്രാമീണർ വനവാസികൾ തുടങ്ങിയവരിലും വളർത്തിയെടുക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വിചക്ഷണർ, വ്യവസായ, സാമൂഹിക നേതാക്കൾ, സംഘടനകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവർക്ക് ഈ ലക്ഷ്യത്തിൽ ഫലപ്രദമായ പങ്കാളിത്തം ഉണ്ടായിരിക്കും. അതിനായി സർക്കാരും മറ്റ് സംവിധാനങ്ങളും ഒത്തുചേർന്ന് പരിശ്രമിക്കണം.
അതിവേഗം മാറുന്ന ആഗോള സാമ്പത്തിക, സാങ്കേതിക സാഹചര്യങ്ങളുടെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ഒരു സമൂഹമെന്ന നിലയിൽ നമ്മൾ പുതിയ വഴികൾ തേടുകയാണ്. വളർന്നുവരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും കയറ്റുമതി സാധ്യതകളും ഉള്ള തൊഴിലവസരങ്ങളുടെയും സംരംഭകത്വത്തിന്റെയും അവസരങ്ങൾ സൂക്ഷ്മമായി അന്വേഷിക്കണം. ജോലിക്ക് മുമ്പും ശേഷവും മനുഷ്യശക്തി പരിശീലനം, സ്റ്റാർട്ടപ്പുകൾക്കുള്ള പ്രചോദനം, ഹരിത സാങ്കേതിക സംരംഭങ്ങൾ തുടങ്ങിയവയിൽ നാം സ്വയം ഏർപ്പെടണം.
സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരവും സമഗ്രവുമായ വികസനം കൈവരിക്കുന്നതിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഭാരത കേന്ദ്രീകൃത മാതൃകകളിൽ പ്രവർത്തിക്കാൻ പ്രതിനിധി സഭ ആഹ്വാനം ചെയ്തു. വിവിധ തൊഴിൽ അവസരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുഴുവൻ ശ്രമങ്ങളെയും ഉത്തേജിപ്പിക്കുന്ന, ആരോഗ്യകരമായ തൊഴിൽ സംസ്കാരം സ്ഥാപിക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും പ്രതിനിധി സഭ അഭ്യർത്ഥിച്ചു. അതു വഴി ലോക സാമ്പത്തിക രംഗത്ത് ഭാരതത്തിന് അതിന്റെ ശരിയായ സ്ഥാനം തിരികെ ലഭിക്കും.
Discussion about this post