മഥുര: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ഉത്തരവ് മാനിച്ച് ഉച്ചഭാഷിണി ഒഴിവാക്കി ശ്രീകൃഷ്ണജന്മസ്ഥാന്‍ ക്ഷേത്രം. ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെ പതിവ് മംഗളാരതിച്ചടങ്ങോടെ ഉച്ചഭാഷിണി ഉപയോഗം അവസാനിപ്പിച്ചതായി ക്ഷേത്രഭരണത്തിന് നേതൃത്വം നല്കുന്ന സേവാ സന്‍സ്ഥാന്‍ സെക്രട്ടറി കപില്‍ ശര്‍മ്മ അറിയിച്ചു. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലാകരുതെന്നും ഉച്ചഭാഷിണികള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കൃഷ്ണജന്മസ്ഥാന്‍ അധികൃതര്‍ സ്വമേധയാ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. അതേസമയം നഗരത്തിലെ മോസ്‌കുകള്‍ക്കും ഈ നിയമം ബാധകമാക്കണമെന്നും അവര്‍ ബാങ്ക് വിളിക്കുന്നതിനും മറ്റും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും സേവാസന്‍സ്ഥാന്‍ അധികൃതര്‍ അറിയിച്ചു.
സേവാസന്‍സ്ഥാന്‍റെ എല്ലാ ചുമതലക്കാരുമായും കൂടിയാലോചിച്ചെടുത്ത തീരുമാനമാണിതെന്ന് കപില്‍ ശര്‍മ്മ പറഞ്ഞു. എല്ലാ ആരാധനാലയങ്ങള്‍ക്കും കൃത്യമായ സന്ദേശവും മാതൃകയും നല്കാനാണ് കൃഷ്ണജന്മസ്ഥാന്‍ ക്ഷേത്രത്തില്‍നിന്നുതന്നെ ഇത്തരമൊരു നടപടി ആരംഭിക്കുന്നത്. ഉച്ചഭാഷിണി ഉപയോഗം ആരംഭിച്ചതിനുശേഷം ക്ഷേത്രത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് അത് ചടങ്ങുകളില്‍ ഉപയോഗിക്കാതിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ കൃഷ്ണജന്മസ്ഥാനില്‍ പുലര്‍ച്ചെ 5.30ന് നടക്കുന്ന മംഗളാരതി നാടിനാകെ പ്രഭാതഭേരി എന്ന നിലയിലാണ് നടന്നുപോരുന്നത്.
അനുമതിയില്ലാതെ ഒരു സ്ഥാപനത്തിലും ഉച്ചഭാഷിണികള്‍ പുതിയതായി സ്ഥാപിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നവര്‍ ശബ്ദം കെട്ടിടങ്ങള്‍ക്ക് പുറത്തേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. ഹനുമദ്ജയന്തി ആഘോഷങ്ങളുടെ അവസരത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ഏറെ ഒച്ചപ്പാടുണ്ടാക്കി. നിര്‍ദേശം ലംഘിച്ച് മഥുരയിലെ ഒരു മസ്ജിദില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചത് പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു.
Discussion about this post