നാഗ്പൂര്‍: ആര്‍എസ്എസ് തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന് നാഗ്പൂരില്‍ തുടക്കം. രേഷിംബാഗ് ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതി ഭവന്‍ പരിസരത്ത് മഹര്‍ഷി വ്യാസസഭാഗൃഹത്തില്‍ വര്‍ഗിന് ഔപചാരികമായ തുടക്കമായി. സമര്‍പ്പണത്തിനുള്ള സാധനയാണ് സംഘശിക്ഷാവര്‍ഗില്‍ നടക്കുന്നതെന്ന് ഉദ്ഘാടനസഭയില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് അഖിലഭാരതീയ വ്യവസ്ഥാ പ്രമുഖ് മങ്കേഷ് ഭേന്ദേ പറഞ്ഞു.
സംഘമെന്ന ആശയം മുള പൊട്ടിയത് ഈ നാഗ്പൂരിലാണ്. അതുകൊണ്ടുതന്നെ സംഘശിക്ഷാവര്‍ഗ് സ്വയംസേവകരെ സംബന്ധിച്ച് സാധനയും തീര്‍ത്ഥാടനവുമാണെന്ന് അദ്ദേഹം പറഞ്ഞു. 1927ല്‍ മൊഹിതേവാഡയില്‍ നടന്ന ആദ്യത്തെ സംഘശിക്ഷാ വര്‍ഗില്‍ നാല്പത് ദിവസത്തെ പരിശീലനത്തില്‍ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പതിനേഴ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ആര്‍എസ്എസ് നിരോധനം, അടിയന്തരാവസ്ഥ, കഴിഞ്ഞ രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ എന്നീ അവസരങ്ങളിലൊഴികെ എല്ലാ വര്‍ഷവും സംഘശിക്ഷാ വര്‍ഗ് നടന്നു.
വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ നിന്നെത്തിയവര്‍ ഈ വര്‍ഗില്‍ 25 ദിവസം ഒരുമിച്ച് ഒരു കുടുംബത്തിലെന്ന പോലെ കഴിയും. ഒരു രാഷ്ട്രത്തിന്‍റെ ഭാഗമെന്ന ഭാവം വിവിധതകള്‍ക്കിടയിലും ജീവിതത്തിലൂടെ അവര്‍ നേടിയെടുക്കും. മനസ്സിനെ സജ്ജമാക്കലാണ് പ്രധാനമെന്ന് മങ്കേഷ് ഭേന്ദേ പറഞ്ഞു.
96 ശിക്ഷകര്‍ക്കൊപ്പം രാജ്യത്തുടനീളമുള്ള 735 പേര്‍ വര്‍ഗില്‍ പങ്കെടുക്കുന്നു. ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് സുരേഷ് ജോഷി, വര്‍ഗ് സര്‍വാധികാരി അശോക് പാണ്‌ഡെ എന്നിവരും ഉദ്ഘാടനസഭയില്‍ പങ്കെടുത്തു. വര്‍ഗ് ജൂണ്‍ രണ്ടിന് സമാപിക്കും. മേയ് 21ന് പഥസഞ്ചലനം നടത്തും.
Discussion about this post