പാലക്കാട്: മലമ്പുഴ മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും, കൊട്ടേക്കാട് കുന്നംകാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ കൊന്ന കേസിലെ പ്രതികള്‍ സിപിഎം ബന്ധം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഞങ്ങള്‍ സിപിഎമ്മുകാരാണെന്ന് കഴിഞ്ഞ ദിവസം പ്രതി അനീഷ് കോടതിയിലെത്തിച്ചപ്പോള്‍ വിളിച്ചു പറഞ്ഞിരുന്നു. ഇന്നലെ ഏഴാം പ്രതി ശിവരാജനും കോടതിയിലെത്തിച്ചപ്പോള്‍ താന്‍ സിപിഎമ്മുകാരനാണെന്ന് മാധ്യമങ്ങളോടു പറഞ്ഞു.
എന്നാല്‍ സിപിഎം ഭീഷണിക്കു വഴങ്ങി പ്രതികള്‍ ബിജെപി അനുഭാവികള്‍ എന്നു രേഖപ്പെടുത്തിയ കസ്റ്റഡി അപേക്ഷയാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ് വരെ തള്ളിക്കളഞ്ഞ ആരോപണമാണ് സിപിമ്മിന്റെ സമ്മര്‍ദ്ദനത്തിന് വഴങ്ങി അന്വേഷണസംഘം കസ്റ്റഡി അപേക്ഷിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് വരുത്തിതീര്‍ക്കാന്‍ സിപിഎം ജില്ലാ നേതൃത്വവും പോലീസും ശ്രമിക്കുന്നതിനിടെയാണ് പ്രതികളുടെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തല്‍.
പോലീസ് ഇടുപ്പില്‍ ചവിട്ടിയെന്നും മര്‍ദ്ദിച്ചെന്നും ശിവരാജന്‍ മജിസ്ട്രേറ്റിന് മുന്നില്‍ പറഞ്ഞു. തുടര്‍ന്ന് മജിസ്ട്രേറ്റിന്‍റെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ പരിശോധനക്ക് കൊണ്ടുപോവുകയും ഇതിന്‍റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കോടതിയില്‍ നിന്നും തിരിച്ചുകൊണ്ടുപോകുന്നതിനിടെയാണ് തന്നെ പോലീസ് മര്‍ദ്ദിച്ചെന്നും പലകാര്യങ്ങളും പറയാന്‍ നിര്‍ബന്ധിച്ചെന്നും കസ്റ്റഡിയിലുള്ള സഹോദരന്‍റെ പേര് പറയാന്‍ നിര്‍ബന്ധിക്കുകയാണെന്നും ശിവരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിഷ്ണു,സുനീഷ്, ശിവരാജന്‍,സതീഷ് എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ ആലത്തൂര്‍ ജയിലിലേക്ക് മാറ്റി. ആദ്യം അറസ്റ്റിലായ നവീന്‍, അനീഷ്,ശബരീഷ്, സുജീഷ് എന്നിവരെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു.
Discussion about this post