ലോകകപ്പിന്റെയും വിശ്വം വിറപ്പിക്കുന്ന പ്രീമിയർ ലീഗുകളുടെയും ആവേശക്കാഴ്ചകൾ … കോപ്പയും യുവേഫയുമടക്കം രാത്രി പകലാക്കി കണ്ണും കാതും കൂർപ്പിച്ച് ഹൃദയം കളിക്കളമാക്കി കാത്തിരുന്ന യുദ്ധങ്ങൾ … പെലെ മുതൽ മെസി വരെയുള്ളവർ നെയിം സ്ലിപ്പുകൾ തൊട്ട് സ്വീകരണമുറി വരെ അലങ്കരിക്കുന്ന ആരാധക വിഭ്രമങ്ങൾ ….. അതിനിടയിൽ …. അതിനിടയിൽ എന്ത് സാഫ് എന്ന് കളിയാക്കിയവരും സഹതപിച്ചവരുമുണ്ട് …. ഓരോ ലോക കപ്പ് വേളയിലും ബൂട്ടിടാതെ ഒളിമ്പിക്സ് കളിച്ച പഴയ പൗരുഷത്തിന്റെ വീര്യം പറഞ്ഞ് ആശ്വസിക്കുന്നവരുണ്ട്…. അതിനപ്പുറം അതിനപ്പുറം …..
സ്വാതന്ത്ര്യത്തിന്റെ സുവർണജയന്തിയിൽ ഇൻഡ്യൻ ഇൻഡിപെൻഡൻസ് കപ്പ് ജയിച്ചത് നമ്മളായിരുന്നു. സി.വി. പാപ്പച്ചന്റെ ഗോളിൽ ലങ്കയെ വീഴ്ത്തിയായിരുന്നു അത്. ഇപ്പുറത്ത് അതേ ദിവസം ക്രിക്കറ്റിൽ ഇൻഡ്യൻ ഇൻഡിപെൻഡൻസ് കപ്പ് നമ്മൾ പാകിസ്ഥാന് അടിയറ വച്ചു. അടുത്ത ദിവസത്തെ പത്രങ്ങൾ സയീദ് അൻവറിന്റെ മാരക പ്രഹരത്തിന് വാഴ്ത്തുപാട്ട് ഒരുക്കുമ്പോൾ പാപ്പച്ചനും ഫുട്ബോൾ നേട്ടത്തിനും നല്കിയത് മൂന്ന് കോളം ഇടം മാത്രം.
ലോർഡ്സിൽ സൗരവ് ഗാംഗുലി അരങ്ങേറ്റത്തിൽ സെഞ്ചുറി കുറിച്ച ആവേശപ്പകലിൽ കൊച്ചിയിലുണ്ടായിരുന്നു ഇന്ത്യൻ ഫുട്ബോൾ നായകൻ കൃഷ്ണേന്ദു റോയ് …. നമ്മുടെ ഫുട്ബോളിന് മുന്നേറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് കൃഷ്ണേന്ദു നല്കിയ മറുപടി ഇന്നലെ കളത്തിലിറങ്ങിയ സൗരവിനെ ലോകമറിഞ്ഞു , പതിനഞ്ച് കൊല്ലത്തിലേറെയായി ഈ പന്തിന് പിന്നാലെ ഓടിയ കൃഷ്ണേന്ദുവിനെ ആരറിഞ്ഞു എന്ന ചോദ്യമായിരുന്നു ….
കാലം മാറുകയാണ് ….
സാഫ് നമുക്കിന്ന് ലോകകപ്പ് ആണ് ….. മുപ്പത്തെട്ടുകാരനായ സുനിൽ ഛേത്രി മുതൽ മെയ് കണ്ണാക്കി വല കാത്ത ഗുർ പ്രീത് സിങ്ങ് സന്ധു വരെ …. ആ പതിനൊന്ന് പേർ ഉയരുന്ന ഇന്ത്യയുടെ കൊടിപ്പടമാകുന്നു …. മെസിക്കും റൊണാൾഡോയ്ക്കും പിന്നിൽ ഗോളെണ്ണപ്പട്ടികയിൽ മൂന്നാമനായുണ്ട് ഛേത്രി…. പ്രകടനമാണെന്റെ പ്രായമെന്ന് ഉറക്കെ പറഞ്ഞവൻ …. ലോകം കൊതിക്കുന്ന ഫിനിഷർ …. സെക്കന്തരാബാദിൽ പിറന്ന് സിക്കിമിൽ വളർന്ന് ആരവങ്ങൾക്കെതിരെ നീന്തിത്തുടിച്ചവൻ…. നിശ്ശബ്ദ ഗാലറികളെ തീ പിടിപ്പിച്ചവൻ…..
സാഫ് പുതിയതല്ല …. പക്ഷേ ഛേത്രിയുടെ പട പുതിയതാണ്…. പൊരുതിയല്ലാതെ അവർ വീണിട്ടില്ല. ജയിക്കാനായല്ലാതെ അവർ പൊരുതിയിട്ടുമില്ല …..ഇന്നലെ ബംഗളുരു സ്റ്റേഡിയത്തിൽ തിരമാല പോലെ ഉയർന്ന വന്ദേമാതര ധ്വനികളിൽ, ഇന്ത്യാ ഇന്ത്യ എന്ന ആർപ്പുവിളികളിൽ പുതിയ ഇന്ത്യയുണ്ട് ….
നീരജ് ചോപ്രയുടെ സുവർണ വേൽത്തിളക്കത്തിൽ ഈ കുതിപ്പ് അവസാനിക്കില്ല….
ബംഗാളിലെ , കേരളത്തിലെ , ഗോവയിലെയൊക്കെ കളിക്കമ്പക്കാരുടെ ആവേശക്കാഴ്ചകൾക്ക് ഇനി ആകാശപ്പൊക്കമുണ്ട് …. ലെബനനും കുവൈറ്റും ഇപ്പോൾ അതിന് സാക്ഷ്യം പറയും …..
സന്ധുവിനെ പോലെ ഒരു ഗോൾകീപ്പർ, ജിങ്കനെ പോലെ ഒരു ഡിഫൻഡർ, സഹലിനെ , ചാങ്തെയെ , ഉദാന്തയെ , മഹേഷ് നരോമിനെ പോലെയുള്ള പോരാളികൾ … ഛേത്രിയെ പോലെയൊരു നായകൻ ….
മുന്നിൽ കുതിച്ചവരുടെ കുളമ്പൊച്ചകൾക്ക് ഇനി വിജയികളുടെ കാഹളമെന്ന് വിശേഷണം-… നമ്മൾ മുന്നോട്ടാണ് …
ഫിഫയുടെ പട്ടികയിൽ ഇന്ത്യ മുന്നോട്ടു കുതിക്കുകയാണ് …..
പരമവൈഭവ ഭാരതം
പുനരാനയിക്കുകയാണ് നാം
Discussion about this post