രജനി സുരേഷ്
(സാഹിത്യകാരി, അധ്യാപിക)
“ഓണോ ഹോ… ആർപ്പോ ഹോ …. പൂവേ പൊലി… പൂവേ പൊലി. “
തിരുവോണത്തിനു മുന്നോടിയായി മഹാബലി മന്നനെ എഴുന്നള്ളിക്കുന്ന ഓണം കൊണ്ടുവരവ് പാലക്കാട് ജില്ലയിലെ ഓണാഘോഷച്ചടങ്ങുകളിൽ എന്നും പുതുമ നിറഞ്ഞതായിരുന്നു.
ഉത്രാട ദിവസം രാത്രിയിലാണ് അഞ്ചംഗ സംഘം വീടുവീടാന്തരം കയറിയിറങ്ങി
മാതേവരെ എഴുന്നള്ളിക്കുന്ന ചടങ്ങ് നടത്തിപ്പോന്നിരുന്നത്.
പാലക്കാട് ജില്ലയിൽ കവളപ്പാറയ്ക്കടുത്ത് ത്രാങ്ങാലി ഗ്രാമത്തിലെ ജനങ്ങൾക്ക് പൊന്നോണം അടുക്കുമ്പോൾ മറക്കുവാൻ കഴിയാത്തവരാണ് അയ്യപ്പനും കുറുമ്പയും ,ചെമ്പനും കാളിയും. തിരുവോണത്തലേന്ന്അവരുടെ പൂവിളികൾ ആ ഗ്രാമം ഇന്നും കേൾക്കുന്നുണ്ടായിരിക്കാം.
രണ്ട് കുടുംബങ്ങളും അവർക്കവകാശപ്പെട്ട തറവാടുകളിലെത്തി തിരുവോണത്തെ വരവേൽക്കുന്നു .തറവാട്ടിലെ അംഗങ്ങളുടെ പേരു ചൊല്ലി വിളിച്ച് ചെണ്ട കൊട്ടി പാടുന്നു.
മാവേലിത്തമ്പുരാനെ എഴുന്നള്ളിച്ച് ഓണം വരവേറ്റു കഴിഞ്ഞാൽ വലിയമ്മമ്മയും ചെറിയമ്മമ്മയും അയ്യപ്പനും കുറുമ്പയ്ക്കും അരി, നേന്ത്രപ്പഴം, പപ്പടം, പൈസ, മുണ്ട് എന്നിവ സമ്മാനിക്കും.
അത്തം ദിവസം തന്നെ കുറുമ്പയും അയ്യപ്പനും തറവാട്ടിലെ ചാണകം മെഴുകിയ നടുമുറ്റത്ത് ഓലക്കുട കൊണ്ടുവന്നു വയ്ക്കുമായിരുന്നു. അവർക്ക് ഓണത്തിന് ഊണരി കൊടുക്കേണ്ട ചുമതലയും തറവാട്ടുകാർക്കുണ്ട്.ഉത്രാടം രാത്രിയിൽ അയ്യപ്പനും കുറുമ്പയും എത്തുന്നതിനു മുൻപേ പഴം നുറുക്കിയിട്ട പൂവടയുണ്ടാക്കും. ആ പൂവട രാവിലെ മാതേവർക്ക് നിവേദിച്ചു കഴിഞ്ഞാൽ , തുടർന്ന് അടുത്തുള്ള മനകളിൽ കൈക്കൊട്ടിക്കളി അരങ്ങേറും.എല്ലാ തറവാടുകളിൽ നിന്നും സ്ത്രീകൾ കൈക്കൊട്ടിക്കളിയിൽ പങ്കു ചേരും.
ഓലക്കുടയ്ക്കടുത്തു തന്നെ ഞങ്ങൾ കുട്ടികൾ പൂത്തറയിൽ പൂക്കളമൊരുക്കും. തലേന്ന് വൈകുന്നേരം താളിൻ്റിലയിൽ നുള്ളിയിട്ട പൂക്കൾ പിറ്റേന്ന് വിടർന്നിട്ടുണ്ടാകും.
പുലർച്ചയ്ക്ക് നീളിക്കണ്ടത്തിൻ്റെയും നടുക്കണ്ടത്തിൻ്റെയും വരമ്പത്തുള്ള തുമ്പപൂ നുള്ളിയെടുക്കും .
ഓണക്കാലങ്ങളിൽ അമ്മമ്മയുടെ കണ്ണുവെട്ടിച്ച്, അതിർത്തി ലംഘിച്ച് ഞങ്ങൾ കാടുപിടിച്ചു കിടക്കുന്ന കിഴക്കേത്തൊടിയിൽ എത്തിപ്പെടുമായിരുന്നു. ഓണപ്പുല്ലുകൾക്കിടയിലൂടെയുള്ള നടത്തം. കണ്ണഞ്ചിപ്പോകുന്ന വർണപ്രപഞ്ചമാണവിടം. ഈ ഓണം
കേറാ മൂലേല് ഇത്രേം പൂക്കളോ! എന്ന് അതിശയപ്പെട്ടിട്ടുണ്ട്.
നടുമുറ്റത്ത് അരിമാവുകൊണ്ട് അണിയുമ്പോഴും മാതേവരുടെ മീതെ തൊടുകുറി ചാർത്തുമ്പോഴും ഈർക്കിലിയിൽ ചെമ്പരത്തിപ്പൂക്കൾ കോർത്ത് മാതേരിനു ചുറ്റും പൂക്കുടകൾ തീർക്കുമ്പോഴും എല്ലാം ഞങ്ങൾ കുട്ടികൾ പൂവിളികളുയർത്തും.
നയനാനന്ദകരവും കർണ്ണാനന്ദകരവും മാനസികോല്ലാസം ലഭിച്ചിരുന്നതുമായ ആ ചിങ്ങനിലാവൊളി പരത്തിയ പൊന്നോണ നാളുകളെ മനസ്സുകൊണ്ട് ഇന്നും ആശ്ലേഷിക്കാറുണ്ട്.
ഇന്നിൻ്റെ ഓണാഘോഷങ്ങളുടെ വർണപ്പൊലിമയിൽ ആഹ്ലാദിക്കുമ്പോഴും എൻ്റെ ഓർമകൾ തറവാട്ടിലെ ചക്കരമാവിൻ കൊമ്പത്ത് ഊയലാടുവാൻ ഏറെ കൊതിക്കും
Discussion about this post