വെളുപ്പിന് 5.30 മണിക്ക് എഴുന്നേറ്റ് ഫോൺ നോക്കുമ്പോൾ ആദ്യ വാർത്ത പുരുഷേട്ടൻ യാത്രയായി എന്നായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി പുരുഷേട്ടന് അൽപ്പം അസുഖം കൂടുതലാണെന്നും ശുചീന്ദ്രയിൽ പോയി സാധിക്കുമെങ്കിൽ കാണാമെന്നുമുള്ള വിവരങ്ങൾ കിട്ടിയിരുന്നു. പക്ഷേ ഒന്ന് കാണാനൊത്തില്ല. അഖില ഭാരതീയ ബൈoക്കുമായി ബന്ധപ്പെട്ട് യാത്രയിൽ ആയിരുന്നു. ഞാൻ 66 ൽ ജനിച്ചു. പുരുഷേട്ടൻ 67ൽ പ്രചാരകനായി. എൻ്റെ വയസ്സും പുരുഷേട്ടൻ്റെ പ്രചാരക വയസ്സും ഏതാണ്ട് സമാനം. പുരുഷേട്ടനുമായി ഇരിങ്ങാലക്കുട ജില്ലാ പ്രചാരകനായിരിക്കുന്ന കാലം മുതലുള്ള പരിചയമാണ്. എൻ്റെ വീട്ടിലും പുരുഷേട്ടന് വലിയ സ്വാധീനമായിരുന്നു. മുത്തച്ഛനും മുത്തശ്ശിയും ജീവിച്ചിരുന്ന കാലം മുതലുള്ള ബന്ധങ്ങൾ. ഒരാൾ വന്നാൽ താമസിക്കാനോ പ്രാഥമികകാര്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യങ്ങളോ ഒന്നും ഇല്ലാതിരുന്ന കാലത്ത് എത്രയോ തവണ പുരുഷേട്ടൻ വീട്ടിൽ വന്ന് താമസിച്ചിട്ടുണ്ട്. ഈ ബന്ധം കാരണം 1990 ൽ 24 -ാമത്തെ വയസ്സിൽ എന്നെ പ്രചാരകനാക്കാനും പുരുഷേട്ടന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോൾ മിക്കവാറും ഒരു ഫോൺ വരും. അവിടെയുണ്ടോ.
വന്നാൽ ഒരു ഗോതമ്പു ദോശ കിട്ടുമോ….. മധുരമില്ലാത്ത ഒരു കാപ്പി കിട്ടിയാൽ സന്തോഷം. അഥവാ ഞാൻ യാത്രയിലാണെങ്കിൽ വീട്ടിൽ അനിയനായ പ്രവീൺ ഉണ്ടാകും. വേണ്ടകാര്യങ്ങൾ ചെയ്തു കൊടുക്കും. അവനും പുരുഷേട്ടനെ വലിയ ഇഷ്ടമാണ്. എൻ്റെ വീട്ടിൽ വരാൻ പുരുഷേട്ടന് ഞാൻ വേണമെന്നൊന്നുമില്ല.വീട്ടിൽ അമ്മക്കും കൊച്ചമ്മക്കുമൊക്കെ പുരുഷേട്ടനെ വലിയ കാര്യമായിരുന്നു. എൻ്റെ മരിച്ചു പോയ അനിയൻ ഗിരീഷിനും പുരുഷേട്ടൻ എന്നാൽ ജീവനായിരുന്നു. ഇന്ന് രാവിലെ പുരുഷേട്ടൻ മരിച്ചു എന്ന വിവരം വീട്ടിൽ പറയുമ്പോൾ അമ്മയുടെയും കൊച്ചമ്മയുടേയും മുഖം മ്ലാനമാകുന്നത് ഞാൻ കണ്ടു. ഏതാണ്ട് 40 വർഷക്കാലത്തെ പുരുഷേട്ടനുമായുള്ള ബന്ധത്തിന് വിട…… ഇതാണ് പുരുഷേട്ടൻ.
ബന്ധങ്ങൾ കാത്തുസൂക്ഷിച്ച …
പലരുടേയും ഹൃദയത്തിൽ ഇടം നേടിയ …..പഴയകാല പ്രവർത്തകരുടെ ആരാധനാപാത്രമായ…. സാധാരണക്കാരിലെ ഒരസാധാരണക്കാരൻ.
പുരുഷേട്ടൻ പൗരുഷത്തിൻ്റെയും കാർക്കശ്യത്തിൻ്റെയും അതേ സമയം നിശ്ചയദാർഢ്യത്തിൻ്റെയും പ്രതീകമായിരുന്നു. സംഘർഷം മുറ്റിനിൽക്കുന്ന കാലഘട്ടങ്ങളിൽ പ്രത്യേകിച്ചും തൃശ്ശിവപേരൂർ ജില്ലയിലെ തീരദേശ മേഖലയിൽ എല്ലാം ആശ്വാസത്തിൻ്റെ സാന്ത്വനത്തിൻ്റെ തുരുത്തായി പുരുഷേട്ടൻ ഉണ്ടാവുമായിരുന്നു. അധികാരപ്പെട്ട സ്ഥാനങ്ങളിൽ കടന്നു ചെന്ന് സംഘർഷങ്ങൾ ലഘൂകരിക്കാനും അതേ സമയം നമുക്ക് ന്യായമായി ലഭിക്കേണ്ട നീതി പിടിച്ചു വാങ്ങുവാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അദ്ദേഹം ആരെയും ആകർഷിക്കുന്ന ബൗദ്ധിക് നടത്തുന്ന ഒരാളായിരുന്നില്ല…… പക്ഷേ പറയുന്ന കാര്യത്തിൽ ഹൃദയത്തിൽ നിന്ന് വരുന്ന ആത്മാംശ മുണ്ടാവുമായിരുന്നു. അദ്ദേഹത്തിൻ്റെ ചില സന്ദർഭങ്ങളിലെ സംസാരം നമുക്ക് മനസ്സിലാവില്ല….. പക്ഷേ അതിൽ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും കാമ്പുണ്ടാവും.അദ്ദേഹത്തിൻ്റെ എഴുത്താകട്ടെ നമുക്ക് വായിച്ചെടുക്കാൻ ബുദ്ധിമുട്ടാണ് . എന്നാൽ ആ അക്ഷരങ്ങളിൽ ആശയാദർശങ്ങളുണ്ടാകും. പുരുഷേട്ടൻ എറണാകുളം വിഭാഗ് പ്രചാരകനായി പ്രവർത്തിക്കുമ്പോൾ ഞാൻ പെരുമ്പാവൂരിൽ താലൂക്ക് പ്രചാരകനാണ്. ഒരിക്കൽ രണ്ട് ഡയറിയുമായി വന്നു. ഇതിൽ ഒന്ന് ഹരിക്ക്. ഒരെണ്ണത്തിൽ റിപ്പോർട്ട് എഴുതണം. ഡയറിയിൽ കോളമെല്ലാം വരച്ച് പുരുഷേട്ടന് വിഭാഗിലെ ഓരോ താലൂക്കിൻ്റെയും റിപ്പോർട്ട് എഴുതേണ്ട ഉത്തരവാദിത്വം അങ്ങനെ എന്നിൽ നിക്ഷിപ്തം. പെരുമ്പാവൂരിൽ നിന്ന് മാറുന്നതുവരെ ഇത് തുടർന്നു. 99 ൽ എനിക്ക് പുരുഷേട്ടൻ തന്ന ഒരു ഡയറി കഴിഞ്ഞ 25 വർഷമായി എൻ്റെ മേശപ്പുറത്ത് ഇതാ ഇപ്പോഴും ഇരിക്കുന്നു.
കാലം കടന്നുപോകുമ്പോൾ നമ്മെ നാമാക്കിയ …… ചേർത്തുപിടിച്ച…… സ്നേഹം തന്ന….. സംഘം എന്തെന്ന് പഠിപ്പിച്ച പ്രചാരകനല്ലെങ്കിലും അതേപോലെ പ്രവർത്തിക്കാൻ ആത്മ പ്രേരണയേകുന്ന ഓരോരുത്തരായി വിടപറയുന്നു…… പുരുഷേട്ടന് ഒരു പിടി കണ്ണുനീർ പൂക്കൾ ……..
Discussion about this post