ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്കിനുള്ളിൽ അതിരുകളില്ലാതെ സ്പന്ദിക്കുന്ന ഒരു ഏകലോകം നിലനിൽക്കുന്നുണ്ട്. അതാണ് ‘പ്രഭാതത്തിന്റെ നഗരം’ എന്നർത്ഥമുള്ള ഓറോവില്ലേ എന്ന വിശ്വനഗരം. ലോകത്തെങ്ങും നടന്നു വരുന്ന വർഗ്ഗ വർണ്ണ ദേശീയതാ വിവേചനങ്ങൾക്കെതിരായി ലോകത്തെങ്ങുമുള്ള എല്ലാ മനുഷ്യർക്കും സ്വതന്ത്രമായി ജീവിക്കുന്നതിനും അവരവരുടെ അഭിരുചികളെ പരിപോഷിപ്പിച്ചു കൊണ്ട് സമൂഹത്തിന്റെ ഊടും പാവുമാകുവാനും സാധിക്കുന്ന ഒരിടമാണ് പോണ്ടിച്ചേരിയിലുള്ള ഓറോവില്ലേ. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ 124 രാജ്യങ്ങളുടെ കൂട്ടായ്മയിൽ അയ്യായിരം ഏക്കർ വരുന്ന ഈ മരുസ്ഥലം വാങ്ങുകയായിരുന്നു. അത്രയും രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ അന്നുണ്ടായിരുന്ന 24 സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരപ്പെട്ട മണ്ണ് പ്രതീകാത്മകമായി ഇവിടെ നിക്ഷേപിക്കപ്പെട്ടു. ഇനി ഈ പ്രദേശത്തിന് അവകാശവാദമുന്നയിക്കാൻ ഒരു രാജ്യത്തിനും കഴിയുകയില്ലത്രേ.
1968ൽ ഉത്‌ഘാടനം നിർവ്വഹിക്കപ്പെടുമ്പോൾ ഒരേയൊരു അരയാൽ വൃക്ഷം മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഓറോവില്ലേ സസ്യ ശ്യാമളമാണ്. നിബിഡമായ ഒരു നന്ദനോദ്യാനമാണ്. ഇന്ന് എൺപത്തിയെട്ട് രാജ്യങ്ങളിൽ നിന്നായി ഏകദേശം നാലായിരത്തോളം പേർ അവിടെ ജീവിക്കുന്നു. ആത്മപ്രകാശനത്തിലും കലാപ്രവർത്തനങ്ങളിലും മുഴുകി ആത്മീയതയുടെ തനതും പുതുതുമായ പന്ഥാവുകളിൽ സ്വച്ഛന്ദം സഞ്ചരിക്കുന്നു.
കർശനമായ സാമൂഹ്യ നിയമ വ്യവസ്ഥകൾ അവിടെ നിലനിൽക്കുന്നില്ല. പക്ഷെ ആ നഗരത്തിലെ ക്രൈം റേറ്റാകട്ടെ പൂജ്യമാണ്. സമ്പ്രദായിക രീതിയിലുള്ള വിദ്യാഭ്യാസമല്ല ഇവിടെ നല്കിപ്പോരുന്നത്. അവരവരുടെ അഭിരുചികൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസം ആരംഭിക്കുന്നതാകട്ടെ ഏഴ് വയസ്സ് മുതലാണ്.
ചെയ്യുന്ന ജോലി എന്തുമായിക്കൊള്ളട്ടെ ഓറോവില്ലേ അതിന്റെ പൗരന്മാർക്ക് നിയതമായൊരു ജീവനാംശം നല്കിപ്പോരുന്നു. ഒരു ഡോക്റ്റർ ആയിരുന്നാലും യോഗാചാര്യൻ ആയിരുന്നാലും അടിസ്ഥാന ജോലികൾ നിർവ്വഹിക്കുന്നവരായാലും വേതനം തുല്യമായിരിക്കും. ധ്യാനത്തോടൊപ്പം ജൈവ കൃഷി മുതൽ കമ്പ്യൂട്ടർ മേഖലിയിൽ വരെ ഓറോവിയൻസ് ജോലികൾ നോക്കിവരുന്നു. പുനർനിർമ്മിക്കാൻ സാധിക്കുന്ന ഊർജ്ജസ്രോതസ്സുകളെ കണ്ടെത്തിക്കൊണ്ട് പ്രകൃതിയുടെ സ്വാഭാവികതയെ ഭഞ്ജിക്കാതെ വളരെ മന്ദഗതിയിൽ ജീവിതം അവിടെ ഒഴുകിക്കൊണ്ടിരിക്കുന്നു.
ഇത്രയും വായിച്ച് ഓടിപ്പോയി അവിടെ ചേരുവാൻ ആർക്കും സാധിക്കില്ല. അതിനായി ഒരാൾക്ക് ആദ്യം ആ ടൗൺഷിപ്പിൽ അങ്ങോട്ട് വേതനം നല്‌കി സേവനം അനുഷ്ടിക്കേണ്ടി വരും. ഒരു നിശ്ചിത കാലത്തിനു ശേഷം അനുയോജ്യരാണന്നു കണ്ടാൽ മാത്രം നാം ആ വ്യവസ്ഥയിലേക്ക് അബ്സോർബ് ചെയ്യപ്പെടുന്നു. തുടർന്ന് നമുക്ക് സ്ഥലവും മറ്റ് സൗകര്യങ്ങളും അനുവദിക്കപ്പെടുന്നു. നാം അപ്രകാരം ആ പ്രഭാത നഗരത്തിലെ വിശ്വപൗരനായി മാറുന്നു.
ഇന്ത്യ സൃഷ്ട്ടിച്ച മഹാശയന്മാരിൽ ഒരാളായ മഹർഷി അരവിന്ദന്റെ ശിഷ്യയും spiritual collaboratorഉം ആയിരുന്ന അമ്മ എന്നറിയപ്പെട്ട മീര അല്ഫാസ്സയുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് ഓറോവില്ല. ‘യത്ര വിശ്വം ഭവത്യേക നീഡം’ എന്ന സനാതനമായ ധർമ്മ ചിന്ത ഇവിടെയുള്ള ഓരോ അണുവിലും സ്പന്ദിക്കുന്നു. ‘വസുധൈവ കുടുംബകം’ എന്ന വൈദിക ദർശനം തന്നെയാണ് പുതിയ കാലത്ത് ഏകലോകം എന്ന പേരിൽ പല മഹാത്മാക്കളും വിഭാവനം ചെയ്തത്. അപ്രകാരം ചിന്തിച്ച മഹത്തുക്കൾ കേരളത്തിലുമുണ്ടായിരുന്നു. എന്നാൽ ഇന്ന് ജാതിബോധവും സനാതനധർമ്മ വിരോധവും മാത്രം കൈമുതലക്കിയിട്ടുള്ള അവരുടെ പല വക്താക്കൾക്കും വായ്ത്താരികൾക്കപ്പുറം ഏകലോകത്തിന്റെ വിളുമ്പിൽ പോലും എത്തിപ്പിടിക്കാനാകുന്നില്ല എന്നതാണ് ഒരു വിരോധാഭാസം. അവിടെയാണ് ഓറോവില്ലേ എന്ന പ്രഭാതനഗരം സദാ ഉദിച്ചു നില്ക്കുന്നത്. കാലത്തെ നോക്കി പുഞ്ചിരിക്കുന്നത്.
Discussion about this post