അഡ്വ. കെ. രാംകുമാര്‍
ശ്രീമതി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് സ്വന്തം സ്ഥാനം നിലനിര്‍ത്താനും അധികാരം നഷ്ടപ്പെടാതിരിക്കാനുമായിരുന്നു. അവര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. എങ്കിലും സഞ്ജയ് ഗാന്ധി, സിദ്ധാര്‍ഥ് ശങ്കര്‍ റേ തുടങ്ങിയ ഒരു സംഘത്തിന്റെ കൈപ്പിടിയിലായിരുന്നു അവര്‍. തെറ്റുപറ്റിയെന്നു മനസിലായിട്ടും മുന്നോട്ടും പിന്നോട്ടും പോകാന്‍ പറ്റാത്ത ദുഃസ്ഥിതിയിലായിരുന്നു അവര്‍. അവസാനം വിദേശരാജ്യങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അത് അവസരമാക്കിയ ജനങ്ങള്‍ ചുട്ട മറുപടി കൊടുക്കുകയും ചെയ്തു. ആ തിരഞ്ഞെടുപ്പില്‍ പോലും സിപിഐ ഇന്ദിര ഗാന്ധിയുടെ കൂടെയായിരുന്നു. വെറുതെയല്ല ഒരുകാലത്ത് അഖിലലോക പാര്‍ട്ടിയെന്ന് അവകാശപ്പെട്ടിരുന്നവര്‍ ഇന്ന് കേരളത്തിന്റെ ചില കായലോരങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു പാര്‍ട്ടിയായി തരംതാണത്. സിപിഎമ്മിനും ഒരു പ്രാദേശിക പാര്‍ട്ടിയുടെ രൂപമേ ഇപ്പോഴുള്ളൂ.

അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസിനെ നിരോധിച്ചുകൊണ്ട് പ്രഖ്യാപനം ഇറങ്ങിയപ്പോള്‍ കേരള ഘടകം പിരിച്ചുവിട്ടതായി അന്ന് പ്രാന്തസംഘചാലക് ശ്രീ. എന്‍. ഗോവിന്ദ മേനോന്‍ പ്രഖ്യാപിച്ചു. എന്നിട്ടും അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന 26 മാസം അതിനെതിരായി പ്രതിഷേധിച്ചതും പ്രതിരോധം തീര്‍ത്തതും സംഘപ്രവര്‍ത്തകര്‍ മാത്രമായിരുന്നു. നക്‌സലൈറ്റുകള്‍ ചില അക്രമപ്രവര്‍ത്തനം വഴി എതിര്‍ത്തു എന്നത് ശരിയാണ്. പക്ഷേ ഫലപ്രദമായ പ്രതിരോധം സംഘസ്വയംസേവകരില്‍ നിന്നു മാത്രമായിരുന്നു. ഒരുപാട് നിരപരാധികളായ സ്വയംസേവകര്‍ ഭീകരമായ മര്‍ദനത്തിന് ഇരയാക്കപ്പെട്ടു. മരിച്ച വൈക്കം ഗോപകുമാറിനെപ്പോലെയുള്ളവര്‍ അതില്‍പ്പെടും. കഴിഞ്ഞദിവസങ്ങളില്‍ നടന്ന അടിയന്തരാവസ്ഥ പീഡനം അനുഭവിച്ചവരുടെ യോഗത്തില്‍ പലരും സംസാരിച്ചപ്പോഴാണ് പുറത്തറിയാത്ത പീഡനങ്ങള്‍ സ്വയംസേവകര്‍ അനുഭവിച്ചത് മനസിലായത്. അതില്‍ ഏറ്റവും പ്രത്യേകത ആരും പ്രേരിപ്പിക്കാതെയും പ്രലോഭിപ്പിക്കാതെയും സ്വന്തംനിലയ്ക്ക് വന്നവരായിരുന്നു ഭൂരിഭാഗം സ്വയംസേവകരും.
പോലീസ് എത്ര ക്രൂരമായിട്ടാണ് അവരെ നേരിടുന്നത് എന്നറിഞ്ഞുകൊണ്ടും കോടതികളില്‍ നിന്ന് കാര്യമായ നേട്ടം ഒന്നും ഉണ്ടാകാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. ഒന്ന്- കോടതികള്‍ തന്നെ പേടിച്ചു. രണ്ട്- മൗലികാവകാശങ്ങളൊക്കെ മരവിപ്പിച്ചിരുന്നു. എളമക്കരയിലെ കാര്യാലയവും മറ്റു കാര്യാലയങ്ങളും സീല്‍ ചെയ്ത് പിടിച്ചെടുക്കപ്പെട്ടു. എളമക്കര കാര്യാലയം സീല്‍ ചെയ്തത് തികച്ചും നിയമവിരുദ്ധമായിരുന്നു. ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ എടുത്ത നടപടികള്‍ സാധൂകരിക്കാന്‍ മുന്‍കാലപ്രാബല്യത്തോടുകൂടി സര്‍ക്കാരിന് വിജ്ഞാപനങ്ങള്‍ ഇറക്കേണ്ടി വന്നു. പക്ഷേ എന്നിട്ടും ഹൈക്കോടതി ഇടപെട്ടില്ല. പോലീസിന്റെ ഭീകരമായ രീതികള്‍ മനസിലാക്കിയിട്ടുകൂടി സിപിഎം തുടങ്ങിയ സംഘടനകള്‍ നിശബ്ദരായിരിക്കുകയായിരുന്നു. ഇഎംഎസിനെ പോലും അറസ്റ്റ് ചെയ്തില്ല. സിപിഐ നാണംകെട്ട രീതിയില്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ച് യൂത്ത് കോണ്‍ഗ്രസുകാരുടെ കൂടെ ചുമരെഴുത്തിനുകൂടി സഹായിച്ചു. ചുരുക്കത്തില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ചും പൗരസ്വാതന്ത്ര്യത്തെക്കുറിച്ചും എപ്പോഴും വാചാലരാകുന്ന കമ്മ്യൂണിസ്റ്റുകാരാണ് അടിയന്തരാവസ്ഥ നിലനിര്‍ത്താന്‍ കാര്യമായി സഹായിച്ചത്.

സിപിഐ മന്ത്രിമാര്‍ കരുണാകരന്റെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. ശ്രീ ജയറാം പടിക്കലിന് കക്കയം ക്യാമ്പ് നടത്താന്‍ കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന്റെ സ്ഥലം സൗകര്യപ്രദമാക്കിക്കൊടുത്തത് അന്ന് വിദ്യുച്ഛക്തി മന്ത്രിയായിരുന്ന സി. അച്യുത മേനോന്റെ അറിവില്ലാതെ സാധ്യമല്ല. അപ്പോള്‍ രാജനടക്കം നിരവധി നിരപരാധികളായ ചെറുപ്പക്കാരെ അവിടെ കൊണ്ടുപോകുന്നത് അച്യുതമേനോനടക്കമുള്ളവര്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും ദുഃഖം പേറി നടക്കുന്ന രാജന്റെ പിതാവ് പ്രൊഫ. ഈച്ചരവാര്യരെ പാടെ അവഗണിച്ചു. പണ്ട് ഒളിവില്‍ താമസിക്കുമ്പോള്‍ അച്യുതമേനോനടക്കമുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയ ആള്‍ മകനെപ്പറ്റി പരിവേദനം പറയാന്‍ പോയപ്പോള്‍ നിങ്ങളുടെ മകനെ അന്വേഷിച്ച് ഒരു തോര്‍ത്തുമുണ്ടും തോളത്തിട്ട് ഞാനിറങ്ങണോ എന്ന ധിക്കാരപരമായാണ് സംസാരിച്ചത്. എ.കെ. ഗോപാലനും സി. വിശ്വനാഥ മേനോനും മാത്രമാണ് ആ പിതാവിന് എന്തെങ്കിലും ആശ്വാസം നല്‍കിയത്.
അടിയന്തരാവസ്ഥ കഴിഞ്ഞ് രാജന്‍ കേസ് ഹൈക്കോടതിയില്‍ ജനശ്രദ്ധയാകര്‍ഷിച്ച് ഊര്‍ജിതമായി നടക്കുമ്പോള്‍ സിപിഎം അതില്‍ നിന്ന് പരമാവധി മുതലെടുപ്പ് നടത്താന്‍ പരിശ്രമം നടത്തി. തങ്ങളാണ് കേസ് നടത്തിപ്പിനും അതിന്റെ വിജയത്തിനും കാരണമെന്ന് ആഘോഷപൂര്‍വം കൊണ്ടാടുകയായിരുന്നു സിപിഎം. സിപിഎം നടത്തുന്ന വിവിധ യോഗങ്ങള്‍ക്കും ചടങ്ങുകള്‍ക്കും പ്രൊഫ. ഈച്ചരവാര്യരെ പലപ്പോഴും ക്ഷണിച്ചിരുന്നു. എനിക്കും ക്ഷണം കിട്ടിയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലാതിരുന്നതുകൊണ്ട് ഞാന്‍ പങ്കെടുത്തില്ല. പ്രത്യേകിച്ചും ഞാനന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റായിരുന്നു. പ്രൊഫ. വാര്യര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തിയ എല്ലാ വ്യവഹാരങ്ങളും പരാജയപ്പെട്ടു. പക്ഷേ പ്രൊഫ. വാര്യര്‍ തനിച്ചു നല്‍കിയ എല്ലാ കേസുകളും വിജയിച്ചു, സുപ്രീംകോടതിയിലടക്കം. കോഴിക്കോട് കോടതി നഷ്ടപരിഹാരത്തുക വിധിച്ചപ്പോള്‍ അതിനെതിരെ അപ്പീല്‍ കൊടുക്കേണ്ട എന്ന് ശ്രീ. നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് ഏക അപവാദം. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥന്മാരും ശ്രീ. കരുണാകരനും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെട്ടു.

ചുരുക്കത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി എല്ലാം മറന്ന് പ്രതിബദ്ധതയോടുകൂടി രാജ്യത്തെ രക്ഷിക്കാന്‍ മുന്നോട്ടുവന്നത് ആര്‍എസ്എസും ഡല്‍ഹി- പഞ്ചാബ് പ്രദേശത്തെ അകാലിദളും മാത്രമായിരുന്നു. ബാക്കി രാഷ്ട്രീയ കക്ഷികളുടെ സമീപനം കാപട്യത്തിന്റെ മകുടോദാഹരണമായിരുന്നു. മൊറാര്‍ജി മന്ത്രിസങയെ മറച്ചിടാന്‍ ശ്രീ. ജോര്‍ജ് ഫെര്‍ണാണ്ടസ് അടക്കമുള്ളവര്‍ നടത്തിയ നീഗൂഢനീക്കങ്ങളില്‍ നിന്നുതന്നെ ഇതു വ്യക്തമാകുന്നു. അന്നും മൊറാര്‍ജി ദേശായിയോടൊപ്പം ശക്തമായി നിലകൊണ്ടത് പഴയ ജനസംഘം പ്രവര്‍ത്തകരും ആര്‍എസ്എസും ആണ്. അതുകൊണ്ടാണ് പിന്നില്‍ നിന്നും കുത്തി അവരെ പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി രൂപീകരിക്കേണ്ടി വന്നത്. ദയനീയമായിരുന്നു മുസ്ലീം സംഘടനകളുടെ നിലപാട്. ലീഗ് പരസ്യമായി ഭരണത്തില്‍വരെ പങ്കാളികളായിരുന്നു. മറ്റു മുസ്ലീം സംഘടനകള്‍ ഭയപ്പാടുകൊണ്ട് മാളത്തില്‍ ഒതുങ്ങിക്കഴിയുകയായിരുന്നു. പ്രതിരോധത്തിനോ പ്രതിഷേധത്തിനോ ഒരൊറ്റ മുസ്ലീം സംഘടനയും പരസ്യമായി രംഗത്തുവന്നതായി ആരും കണ്ടിട്ടില്ല.
Discussion about this post