“മാര്‍ക്‌സിനും ഏംഗല്‍സിനും തെറ്റ് പറ്റിയിരിക്കാം, കാരണം അവര്‍ ത്രികാലജ്ഞാനികളായ ഋഷികളല്ലായിരുന്നു” എന്ന ഇഎംഎസിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ‘മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്’ എന്ന തന്റെ പുസ്തകം പി. പരമേശ്വര്‍ജി ആരംഭിക്കുന്നത്. ത്രികാലജ്ഞാനികളായിരുന്നു ഋഷികളെന്നും അവര്‍ക്ക് തെറ്റ് പറ്റുകയില്ലെന്നും ഇഎംഎസ് വിശ്വസിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം.

അടിമുതല്‍മുടിവരെ ചുവന്നുകലങ്ങിയ മണ്ണായിരുന്നു ആലപ്പുഴയുടേതെന്നും ആ പരിസരത്ത് ജീവിക്കുന്ന ഒരാള്‍ അന്തരീക്ഷം കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റായിപ്പോകും എന്നും ഒരിക്കല്‍ പരമേശ്വര്‍ജി തന്റെ കുട്ടിക്കാലത്തെ ഓര്‍ത്തെടുത്തുകൊണ്ടു പറഞ്ഞു. പിന്നെന്തുകൊണ്ട് പരമേശ്വര്‍ജി കമ്മ്യൂണിസ്റ്റായില്ല എന്നതിന് അദ്ദേഹത്തിന്റെ ഉത്തരം ഇതായിരുന്നു, ‘ഞാന്‍ കുട്ടിയായിരിക്കുമ്പോഴേ വിവേകാനന്ദനെ വായിച്ചിരുന്നു, അറിഞ്ഞിരുന്നു.
വിവേകാനന്ദനെ അറിഞ്ഞ ഒരാള്‍ക്ക് ഒരിക്കലും കമ്മ്യൂണിസ്റ്റാവാന്‍ സാധ്യമല്ലല്ലോ.” അത് ഒരു തീര്‍പ്പായിരുന്നു. കമ്മ്യൂണിസ്റ്റ് വൈറസില്‍ നിന്ന് കേരളത്തെ മോചിപ്പിച്ചെടുക്കാനുള്ള സിദ്ധൗഷധം ചെറുപ്രായത്തിലേ കരഗതമാക്കിയ ഒരുവന്റെ തീര്‍പ്പ്. വിവേകാനന്ദന്‍ എന്നാല്‍ വിവേകം തന്നെയാണെന്നും അത് പകരുന്ന ആനന്ദമാണ് പരമവൈഭവശാലിയായ രാഷ്ട്രജീവിതത്തിലേക്ക് നയിക്കുകയെന്നും ഉറച്ച ബോധ്യമുള്ള ഋഷിയുടെ തീര്‍പ്പ്…..

കേരളത്തെയാകെ ഗ്രസിച്ച അതിപുരോഗമനവാദമുയര്‍ത്തിയ പാരമ്പര്യനിരാസത്തിന്റെയും നിഷേധാത്മകതയുടെയും നിരുത്തരവാദജീവിതത്തിന്റെയും വേരുകള്‍ തകര്‍ക്കുകയായിരുന്നു ആര്‍ഷജ്ഞാനം പകര്‍ന്ന ജാഗ്രതയിലൂടെ പരമേശ്വര്‍ജി ചെയ്തത്. കമ്മ്യൂണിസത്തിന്റെ കൊടി ഉയര്‍ത്തിയാണ് കേരളീയതയുടെ തനിമ ചോര്‍ത്തിക്കളയാനുള്ള പരിശ്രമങ്ങള്‍ ഈ അതിപുരോഗമനവാദികള്‍ നടത്തിയത്. കേരളീയജീവിതരീതിയെയും ആചാരങ്ങളെയും വിശ്വാസപ്രമാണങ്ങളെയുമെല്ലാം പഴഞ്ചനെന്ന് മുദ്രകുത്തിയും പിന്തിരിപ്പനെന്ന് അധിക്ഷേപിച്ചും നിരീശ്വരവാദത്തിന്റെയും അരാജകത്വത്തിന്റെതുമായ ഒരു തലമുറയ്ക്ക് വിത്തിട്ട് വിളവെടുപ്പിന് അവര്‍ കാത്തിരുന്ന കാലം. കമ്മ്യൂണിസ്റ്റുകളുടെ ആക്ഷേപത്തിന് ഇരയാകാത്തതായി ഒന്നും തന്നെ അവശേഷിച്ചില്ല. കാവും കുളങ്ങളും മുതല്‍ കൈകൂപ്പലും കാലുതൊട്ട് വണങ്ങലും വരെ അത് കടന്നുകയറി. പരപുച്ഛവും പരിഹാസവുമായിരുന്നു ആയുധങ്ങള്‍. മലയാളിയുടെ നിത്യജീവിതശീലങ്ങളെ വരെ കമ്മ്യൂണിസ്റ്റ് ധാര്‍ഷ്ട്യത്തിലേക്ക് വലിച്ചിഴച്ച ആ കാലവും തലമുറയും, പിറന്ന നാടിനോട്, പ്രാണന്‍ പകര്‍ന്ന ഇവിടുത്തെ മണ്ണിനോട്, ഗ്രാമങ്ങള്‍ പകര്‍ന്ന നന്മകളോട് തെല്ലും പ്രതിബദ്ധതയില്ലാത്തതായി മാറി. ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലുമെല്ലാം അന്യദേശത്തിന്റെ അപദാനം പാടുകയും പെറ്റ നാടിനോടുള്ള അവജ്ഞ തുളുമ്പുകയും ചെയ്തു. ദേശീയതയെ പിന്‍കാലുകൊണ്ട് തൊഴിച്ച് സാര്‍വദേശീയതയെ പുല്‍കി, ആത്മീയതയെ അപഹസിച്ച് വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന കീറാമുട്ടിയെ അടിച്ചേല്‍പിച്ച് തങ്ങളുടെ ആശയപാപ്പരത്തത്തിന് പ്രത്യയശാസ്ത്ര മേലങ്കി ചാര്‍ത്തി. അതിനുവേണ്ടി സൈദ്ധാന്തികരുടെയും ബുദ്ധിജീവികളുടെയും സാംസ്‌കാരിക നായകരുടെയും കുപ്പായമണിഞ്ഞ ചിലര്‍ അവതരിച്ചു. വിവേകാനന്ദനെയും ശ്രീനാരായണഗുരുദേവനെയുമൊക്കെ വര്‍ഗീയതയുടെയും ജാതീയതയുടെയും വിശേഷണങ്ങള്‍ ചേര്‍ത്ത് വിചാരണ ചെയ്തു. അത്തരത്തില്‍ കമ്മ്യൂണിസ്റ്റ് ആക്ഷേപങ്ങള്‍ കൊണ്ട് അങ്ങേയറ്റം മലീമസമായിപ്പോയ ഒരു ചിന്താപരിസരത്തിലേക്കാണ് സര്‍വാശ്ലേഷിയായ വിവേകാനന്ദദര്‍ശനവുമായി പി. പരമേശ്വരന്‍ കടന്നുവന്നത്. പിന്നീട് കേരളം കണ്ടത് മലയാളിത്തത്തിന്റെ വീണ്ടെടുപ്പിനായുള്ള നിതാന്തപരിശ്രമമാണ്.

കമ്മ്യൂണിസ്റ്റുകള്‍ ചോര്‍ത്തിക്കളഞ്ഞ കേരളീയതയെ ഓരോ അണുവിലും മടക്കിക്കൊണ്ടുവരാന്‍ ഒരേ സമയം സൈദ്ധാന്തികനും ബുദ്ധിജീവിയും സാംസ്‌കാരികനായകനും അതിനെല്ലാമുപരി സമാജസേവകനുമായ പി. പരമേശ്വരന്‍ യത്‌നിച്ചുകൊണ്ടേയിരുന്നു. കമ്മ്യൂണിസ്റ്റുകള്‍ക്കെതിരായ പരമേശ്വര്‍ജിയുടെ ആശയസമരത്തിന്റെ ഉന്നം ഒരു രാഷ്ട്രീയപാര്‍ട്ടിയെ ഇല്ലാതാക്കലായിരുന്നില്ല, മറിച്ച് ഇല്ലാതാക്കപ്പെട്ട കേരളീയ ജീവിതത്തിന്റെ വീണ്ടെടുപ്പായിരുന്നു എന്ന് സാരം. ജീവിതകാലമുടനീളം തുടര്‍ന്ന ആ പരിശ്രമത്തിനും നേടിയെടുത്ത വിജയങ്ങള്‍ക്കും പക്ഷേ ശത്രുതയുടെ, പകയുടെ ചൂരായിരുന്നില്ല. ഉണ്ടായിരുന്നത്. വാദേ വാദേ ജായതേ തത്വബോധഃ എന്ന ശങ്കരജീവിതാദര്‍ശമാണ് സാമൂഹിക ഇടപെടലുകളില്‍ പരമേശ്വര്‍ജിയെ സ്വീകാര്യനാക്കിയത്. ആശയസമരത്തെ തല്ലിയും കൊന്നും ഒതുക്കിക്കളയാമെന്ന ചുവപ്പന്‍ പാപ്പരത്തത്തെപ്പോലും പരമേശ്വര്‍ജി സംവാദത്തിന്റെ മേഖലയിലേക്ക് എത്തിച്ചു. സംഭാഷണമാണ് യഥാര്‍ത്ഥ പരിഹാരമെന്ന വിചാരഗതിക്ക് വഴങ്ങാന്‍ മാര്‍ക്‌സിസ്റ്റ് നേതാക്കളെ പ്രേരിപ്പിച്ചത് ബൗദ്ധികമേഖലയില്‍ പരമേശ്വര്‍ജി പുലര്‍ത്തിയ ധീരമായ സത്യസന്ധതയായിരുന്നു. ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ ചുമതലയിലിരിക്കെ ദത്തോപന്ത് ഠേംഗ്ഡിജിയുടെ സഹായത്തോടെ പരമേശ്വര്‍ജി നടത്തിയ പരിശ്രമങ്ങളാണ് അക്രമത്തിന്റെ വഴിയില്‍ അയവ് വേണമെന്ന നിലപാടിലേക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാക്കളെ കൊണ്ടെത്തിച്ചത്. പൂര്‍ണമായ അര്‍ത്ഥത്തില്‍ അക്രമം അവസാനിപ്പിച്ചുവെന്നല്ല അന്തരീക്ഷത്തിന് അയവുവന്നു എന്ന തോന്നലുളവാക്കാനെങ്കിലും കലുഷിതമായിരുന്ന ആ കാലയളവില്‍ സാധിച്ചു. ”പെറ്റ നാടുവിട്ടെങ്ങോ രക്ഷ നേടിയാല്‍ പോലും വിടാതെ പിന്തുടര്‍ന്ന് ചുറ്റികയാലേ തല്ലിവീഴ്ത്തുന്നതാണ് വിപ്ലവമാര്‍ഗ”മെന്ന് വല്ലാതെ ധരിച്ച ഒരു പാര്‍ട്ടിയുടെ നേതാക്കളെ ശമം എന്തെന്ന് പഠിപ്പിക്കുക എന്ന ദുസ്സാഹസത്തിനാണ് ആ കാലത്ത് പരമേശ്വര്‍ജി ശ്രമിച്ചത്. നാടിന്റെ ഉന്നതിക്ക് രാഷ്ട്രീയത്തിന്റെ പകപോക്കല്‍നയം തടസ്സമാകരുതെന്ന ദീര്‍ഘദര്‍ശിയുടെ ചുവടുവെയ്പുകളായിരുന്നു അത്. അതാകട്ടെ നിതാന്തജാഗ്രതയുടെ അടയാളങ്ങളുമായി.

ആര്‍എസ്എസ് എന്ന പേര് തന്നെ അക്രമത്തിന്റെ പര്യായമായി പരക്കെ പ്രചരിപ്പിക്കപ്പെട്ടിരുന്ന ഒരു കാലത്താണ് ആര്‍എസ്എസുകാരന്‍ എന്ന അസ്തിത്വത്തില്‍ തെല്ലും മുഖംമൂടിയിടാതെ പരമേശ്വര്‍ജി ആശയസംവാദത്തിന്റെ മേഖലയില്‍ തന്റേതായ ഇടം പിടിച്ചെടുത്തത്. പ്രസിദ്ധീകരണവിലക്കുകളുള്‍പ്പെടെ അപ്രഖ്യാപിതമായി നിലവിലുണ്ടായിരുന്ന പല തീണ്ടല്‍പ്പലകകളും പ്രതിഭാവിലാസം കൊണ്ട് മറികടന്നു അദ്ദേഹം. ആര്‍എസ്എസുകാരനായ പരമേശ്വര്‍ജിയെ കവിയായും ചിന്തകനായും ഗ്രന്ഥകാരനായും പൊതുപ്രവര്‍ത്തകനായുമൊക്കെ കാലത്തിനൊപ്പം അവര്‍ക്കും അംഗീകരിക്കേണ്ടിവന്നു. കേരളം മുന്നോട്ടുവെച്ച എല്ലാ ചര്‍ച്ചകളിലും പരമേശ്വര്‍ജി ആദ്യത്തെയോ അവസാനത്തെയോ വാക്കായി മാറിയത് അങ്ങനെയാണ്. ആ അഭിപ്രായം കൂടാതെ ഒരു സംവാദവും ഒരു പരിധി വരെ പല വിവാദങ്ങളും പൂര്‍ണമായിരുന്നില്ല. അതിന് കാരണം കേരളത്തെ അതിന്റെ തനിമയില്‍ നിന്ന് അടര്‍ത്തി സ്വന്തമാക്കാന്‍ കമ്മ്യൂണിസ്റ്റ്, ക്രൈസ്തവ, ഇസ്ലാം സെമിറ്റിക് ചിന്താകേന്ദ്രങ്ങള്‍ നടത്തിയ പരിശ്രമങ്ങളോട് പരമേശ്വര്‍ജി നടത്തിയ ചെറുത്തുനില്‍പായിരുന്നു. അത്തരം ചെറുത്തുനില്‍പിനിടയില്‍ അധിനിവേശത്തിന്റെ ഒരു ചെറിയ അംശം പോലും ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്ന നിര്‍ബന്ധബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാദ്യമായി അദ്ദേഹം കേരളത്തിന്റെ പൈതൃകത്തെക്കുറിച്ച് മലയാളികളോട് വാ തോരാതെ സംസാരിച്ചു.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യത്തെ ഘോഷ് ശിബിരത്തിന് കോട്ടയം വേദിയായപ്പോള്‍ കേരളത്തിലെ ഒരു മുന്‍നിര മാധ്യമം ‘എന്ത് കൊണ്ട് കോട്ടയത്ത് ‘ എന്ന ചോദ്യം ഉയര്‍ത്തി. അതിന് പരമേശ്വര്‍ജി നല്‍കിയ മറുപടിയില്‍ കോട്ടയത്തിന്റെ പാരമ്പര്യം നിറഞ്ഞുതുളുമ്പി, ”ഘോഷ് ശിബിരം എന്തുകൊണ്ട് ഇവിടെ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഞാനല്ല. എങ്കിലും സംഘാടകരെ അതിന് അബോധപൂര്‍വമായെങ്കിലും പ്രേരിപ്പിച്ചിരിക്കുക ഈ നഗരത്തിന്റെ പ്രൗഢമായ പാരമ്പര്യമായിരിക്കും എന്ന് ഞാന്‍ കരുതുന്നു. ഇത് സാക്ഷാല്‍ തിരുനക്കര തേവരെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ജില്ലയാണ്. ശബരിമലക്ഷേത്രം തീവെച്ച് നശിപ്പിച്ച് ആരാണെന്ന് ലോകത്തെ അറിയിച്ചത് ഈ നഗരത്തില്‍ നിന്നിറങ്ങിയ ദേശബന്ധു എന്ന പത്രമാണ്, കഥകളിയെ വളര്‍ത്തിയ മണ്ണാണിത്. കോട്ടയത്തിന്റെ മഹിതമായ ഈ പാരമ്പര്യത്തോടു ചേര്‍ന്നുനില്‍ക്കുന്നതാകണം സംഘത്തിന്റെ ആദ്യഘോഷ്ശിബിരമെന്ന സങ്കല്പം ഈ സംഘാടനത്തിന് പ്രേരണയായിട്ടുണ്ടാകും….” ആര്‍എസ്എസുകാരന്‍ എന്തിന് കോട്ടയത്ത് ഘോഷ് ശിബിരം നടത്തണമെന്ന ചോദ്യത്തിലെ സങ്കുചിതത്വത്തെ പ്രതികരണത്തിന്റെ ആര്‍ജ്ജവവും വിശാലതയും കൊണ്ട് മറ്റൊരു തലത്തിലേക്ക് പറിച്ചുനടുകയായിരുന്നു പരമേശ്വര്‍ജി.
കേരളീയജീവിതത്തെ വേറെന്തൊക്കെയോ ആയി വ്യാഖ്യാനിക്കാനുള്ള ബുദ്ധിജീവി പ്രത്യയശാസ്ത്ര കസര്‍ത്തുകളെ ഹിന്ദുഏകീകരണത്തിന്റെ മുദ്രാവാക്യമുയര്‍ത്തി അദ്ദേഹം ചെറുത്തു. ആദിശങ്കരനെയും സ്വാമി വിവേകാനന്ദനെയും ശ്രീനാരായണഗുരുവിനെയുമൊക്കെ തുടര്‍ച്ചയായി അധിക്ഷേപിച്ചവര്‍ക്ക് കാലം നല്‍കിയ മറുപടിയായി പരമേശ്വര്‍ജി നെടുങ്കനെ നിന്നു. സ്വാമി ആഗമാനന്ദന്റെ ചിന്തകളെ കൂട്ടുപിടിച്ച് ആ വീരവാണി കേരളക്കരയിലുടനീളം അലയടിച്ചു. എതിര്‍ത്തുനിന്നവര്‍ വിവേകാനന്ദനിലും ശ്രീനാരായണഗുരുവിലും ശങ്കരനിലുമൊക്കെ നന്മകള്‍ കാണാന്‍ തുടങ്ങി. മാറ്റം പ്രകടമായിരുന്നു. ശ്രീനാരായണഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന ഒറ്റ പുസ്തകത്തിലൂടെ ഗുരുദേവദര്‍ശനത്തെപ്പറ്റിയുള്ള ചിന്തകളുടെ ദിശ മാറ്റി അദ്ദേഹം. സിമന്റ് നാണുവെന്ന് ഗുരുവിനെ അധിക്ഷേപിച്ചവര്‍ ഗുരുദേവന്‍ വിശ്വമാനവികനാണെന്നും ഹിന്ദുസന്യാസിയല്ലെന്നുമൊക്കെ വിമര്‍ശനത്തിന്റെ സൗമ്യമായ തലത്തിലേക്ക് മാറി. അക്കാലത്ത് ഭാരതീയ ജനസംഘത്തിന്റെ സമുന്നതനേതാക്കളിലൊരാളായിരുന്ന പരമേശ്വര്‍ജി ഗുരുദേവനെക്കുറിച്ച് പുസ്തകം തയ്യാറാക്കിയപ്പോള്‍ അതിലെവിടെയും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ കടന്നുവന്നതേയില്ല എന്നത് നിരൂപകരെ അതിശയിപ്പിച്ച ഘടകമായിരുന്നു.

”എഴുത്തുകാരന്റെ ഹൃദയത്തെ സങ്കോചിപ്പിക്കുന്ന ബാഹ്യശക്തികളില്‍ ഏറ്റവും ചീത്തയാണ് രാഷ്ട്രീയ താല്പര്യം എന്ന് ആരും സമ്മതിക്കും. എന്നിട്ടും ആ പരാധീനതയെ അതിലംഘിച്ചുയരുവാനും ലേഖനകലയോടോ ശ്രീനാരായണഗുരുവോടോ ഗുരു ചൈതന്യത്തിനോടൊ അപരാധം പ്രവര്‍ത്തിക്കാത്ത നിലയില്‍ രചന പൂര്‍ത്തിയാക്കുവാനും കഴിഞ്ഞ അദ്ദേഹത്തെ ആദരിക്കാതിരിക്കാന്‍ വയ്യ” എന്നാണ് സുകുമാര്‍ അഴീക്കോട് ആ പുസ്തകത്തെ വിലയിരുത്തിയത്. 1991 നവംബര്‍ 3ന് കോഴിക്കോട് സര്‍വകലാശാലയില്‍ നടന്ന ദര്‍ശനസംവാദം കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടന്നിട്ടുള്ള ആശയമുന്നേറ്റങ്ങളുടെ ഗതി വ്യക്തമാക്കുന്നതായിരുന്നു. ഇഎംഎസും പരമേശ്വര്‍ജിയും ഒരേ വേദിയില്‍ നിലപാടുകളുരച്ചുനോക്കിയ സംവാദ മണ്ഡലം. പരമേശ്വര്‍ജിയുടെ വാദങ്ങളെ തുണയ്ക്കാന്‍ പാര്‍ലമെന്റില്‍ ആകെ രണ്ടംഗങ്ങളേ ഉള്ളൂ എന്ന സഹതാപോക്തിയായിരുന്നു അന്ന് ഇഎംഎസ് ഉയര്‍ത്തിയ പരിഹാസം. കാലം പരമേശ്വര്‍ജിക്കൊപ്പം ചലിക്കുന്നത് പിന്നീടെത്രയോ തവണ ഇഎംഎസിന് കണ്ടുനില്‍ക്കേണ്ടിവന്നു എന്നത് ബാക്കിപത്രവും. കമ്മ്യൂണിസ്റ്റുകളുടെ കാപട്യങ്ങളോടും ഇടപെടലുകളോടുമെല്ലാം പരമേശ്വര്‍ജിയുടെ പ്രതികരണത്തിന് ശരവേഗമായിരുന്നു. പലതും മുളയിലേ നുള്ളിയെറിഞ്ഞു അദ്ദേഹം. മാപ്പിള ലഹളയെ കര്‍ഷകസമരമാക്കാനും കമ്മ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യസമരപോരാളികളാണെന്ന് വരുത്താനും സ്വയം നവോത്ഥാനക്കുപ്പായമെടുത്തണിയാനുമൊക്കെയുള്ള പരിശ്രമങ്ങള്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെട്ടു.
തന്റെ സ്വത്ത് മുഴുവന്‍ പാര്‍ട്ടിക്ക് സംഭാവന ചെയ്ത മഹാത്യാഗിയാണ് ഇഎംഎസെന്ന കല്ലുവെച്ച കള്ളത്തെ പരമേശ്വര്‍ജി പൊളിച്ചടുക്കിയത് ‘ഡോക്യുമെന്റ്‌സ് ഓഫ് ദ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ’ എന്ന പാര്‍ട്ടി ഔദ്യോഗിക രേഖകള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു. സാക്ഷാല്‍ ജ്യോതിബസു എഡിറ്റ് ചെയ്തിറക്കിയ ആ രേഖകള്‍ പാര്‍ട്ടിയുടെ നുണകളെ തിരിഞ്ഞുകുത്തി. അതേസമയം വിശാലഹിന്ദുസമ്മേളനമായും രാമായണമാസാചരണമായുമൊക്കെ കേരളീയസംസ്‌കൃതി ജാതി മറന്ന് ആചാരബദ്ധമായി ഉണര്‍ന്നുകൊണ്ടേയിരുന്നു. ആചാരങ്ങള്‍ അന്ധവിശ്വാസങ്ങളാണെന്നും അവയെ കാലത്തിന് അനുസരിച്ച് മാറ്റണമെന്നുമുള്ള വാദങ്ങളെ പരമേശ്വര്‍ജി ചെറുത്തത് ആചാരങ്ങള്‍ സംസ്‌കൃതിയുടെ നിലനില്‍പിനുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ്. അനാചാരങ്ങളെ ഇല്ലാതാക്കുകയും കാലത്തെ ആചാരോചിതമായി പരിഷ്‌കരിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തെ നിയമത്തിന് വിട്ടുകൊടുത്ത് മാറിനില്‍ക്കുകയല്ല വേണ്ടതെന്നത് രാമജന്മഭൂമിവിഷയത്തിന് മാത്രം ബാധകമായ നിലപാടായിരുന്നില്ല. ഏറ്റവുമൊടുവില്‍ ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം നടക്കുമ്പോഴും പരമേശ്വര്‍ജി വിശ്വാസസംരക്ഷണം ഹിന്ദുസമാജത്തെ കരുത്തുറ്റതാക്കും എന്ന നിലപാട് വ്യക്തമാക്കുകയായിരുന്നു.

‘സഹിഷ്ണുത എന്നാല്‍ ആരെയും അപമാനിക്കാതിരിക്കുക, അപമാനം സഹിക്കാതിരിക്കുക എന്നതാണ് അര്‍ത്ഥമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ അദ്ദേഹം വിളിച്ചുപറഞ്ഞു. ആദിശങ്കരന്‍ അദ്വൈതം പഠിച്ചത് ഇസ്ലാമില്‍ നിന്നാണെന്ന വാദവുമായി ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയുമായ കെ.ആര്‍. നാരായണന്‍ രംഗത്തുവന്നപ്പോള്‍ ശങ്കരദര്‍ശനത്തെയും ഇസ്ലാമികദര്‍ശനത്തെയും കുറിച്ച് അത്തരക്കാരെ പഠിപ്പിക്കേണ്ടി വരുമെന്ന് പരമേശ്വര്‍ജി പറഞ്ഞു. കാലത്തെയും ചരിത്രത്തെയും കുറിച്ച് ധാരണയില്ലാത്തവരുടെ ഇത്തരം കണ്ടെത്തലുകള്‍ അപകടകരമായ ദുരുദ്ദേശ്യത്തോടെയാണെന്ന് തിരിച്ചറിയാന്‍ പരമേശ്വര്‍ജിയുടെ ജാഗ്രതയ്ക്ക് വേഗത്തിലായി. അതുകൊണ്ടാണ് കേരളത്തിന്റെ സാഹിത്യമണ്ഡലത്തിലും പരമേശ്വര്‍ജി നടത്തിയ ഇടപെടലുകള്‍ പലരെയും പൊള്ളിച്ചതും അതിശയിപ്പിച്ചതും.
മാധവിക്കുട്ടി മതംമാറിയപ്പോള്‍ പലരും പ്രകോപിതരായി. ചിലര്‍ അതിനുള്ള അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരായി. ടി. പത്മനാഭനെപ്പോലുള്ളവര്‍ പില്‍ക്കാലത്ത് നൊബേല്‍ കിട്ടുമെന്ന് കരുതിയാണ് അവര്‍ മതം മാറിയതെന്ന് ആരോപിച്ചു. എന്നാല്‍ പരമേശ്വര്‍ജിയുടെ ഈ വിഷയത്തിലുള്ള മറുപടി ക്ലാസിക്കായിരുന്നു. ഒറ്റ വരിയില്‍ അദ്ദേഹം അത് ഒതുക്കി നിര്‍ത്തി. ‘ഇസ്ലാമിനെ ദൈവം രക്ഷിക്കട്ടെ’ എന്നായിരുന്നു ആ പ്രതികരണം. അതിലും മിതമായ രീതിയില്‍ ഒരു പ്രതികരണം ആ വിഷയത്തില്‍ സാധ്യമേയല്ലല്ലോ… എന്നാല്‍ മാധവിക്കുട്ടിക്ക് നല്‍കാതിരുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം കമലാസുരയ്യയ്ക്ക് നല്‍കിയപ്പോള്‍ പരമേശ്വര്‍ജിയുടെ പ്രതികരണം ശക്തമായിരുന്നു. മതംമാറ്റത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനസമ്മാനമാണ് ആ എഴുത്തച്ഛന്‍ പുരസ്‌കാരമെന്ന് കടന്നാക്രമിക്കാന്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.

പരമേശ്വര്‍ജിക്കെതിരെ സുകുമാര്‍ അഴീക്കോട് മുതല്‍ സക്കറിയ വരെയുള്ള എഴുത്തുകാര്‍ വാളെടുത്തിറങ്ങിയ കാലമായിരുന്നു അത്. അവാര്‍ഡ് നല്‍കിയ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുമ്പോള്‍ പരമേശ്വര്‍ജിക്ക് മുന്നില്‍ മാധവിക്കുട്ടിയോ കമലാസുരയ്യയോ ഉണ്ടായിരുന്നില്ല. തിരൂരിലെ അനാഥമായിക്കിടക്കുന്ന തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമയും മതംമാറ്റത്തിന് നല്‍കുന്ന പുരസ്‌കാരത്തിലൂടെ വഞ്ചിക്കപ്പെടുന്ന ഒരു സംസ്‌കൃതിയുമായിരുന്നു അദ്ദേഹത്തെ ആ പ്രതികരണത്തിലേക്ക് നയിച്ചത്. കമലസുരയ്യ മരിച്ചപ്പോള്‍ പരമേശ്വര്‍ജി തയ്യാറാക്കിയ അനുസ്മരണക്കുറിപ്പിലും തിളച്ചുനിന്നത് അനാഥമായിപ്പോകുന്ന ആ സംസ്‌കൃതിയെപ്പറ്റിയുള്ള ആകുലതയായിരുന്നു. ”ആര്‍ഷജ്ഞാനത്തിന്റെ നാലമ്പലത്തില്‍ ആരംഭിച്ച് പാളയം പള്ളിയിലെ ശവകുടീരത്തില്‍ അവസാനിച്ച ജീവിതയാത്ര തികച്ചും നാടകീയമായിരുന്നു” എന്നാണ് പരമേശ്വര്‍ജി അനുസ്മരണക്കുറിപ്പില്‍ എഴുതിയത്. പരമേശ്വര്‍ജി എഴുതി, ”കമലാസുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതത്തിന് ലക്ഷണമൊത്ത ഒരു ഗ്രീക്ക് ദുരന്തനാടകത്തിന്റെ സ്വഭാവമുണ്ട്. ധീരോദാത്ത നായകന്‍ അഥവാ നായിക സ്വന്തം സ്വഭാവത്തിലെ ദൗര്‍ബല്യം കൊണ്ട് അനിവാര്യമായ ദുരന്തത്തിലേക്ക് വഴുതി വീഴുകയാണ് അത്തരം നാടകങ്ങളുടെ സ്വഭാവം. ആര്‍ഷജ്ഞാനത്തിന്റെ നാലമ്പലത്തില്‍ ആരംഭിച്ച് പാളയം പള്ളിയിലെ ശവകുടീരത്തില്‍ അവസാനിച്ച ജീവിതയാത്ര തികച്ചും നാടകീയമായിരുന്നു. സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ അസാമാന്യ വൈഭവം, സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള തീവ്രാഭിലാഷം, അതിരുകളില്ലാത്ത സ്‌നേഹോന്മാദം മുതലായവ കൊണ്ട് അനുഗൃഹീതയായിരുന്ന മാധവിക്കുട്ടി പലപ്പോഴും വികാരാവേശത്തിന് അടിമപ്പെട്ടുപോയിരുന്നു.

ആളുകളെയും അവസരങ്ങളെയും കൃത്യമായി വിലയിരുത്തുന്നതില്‍ അവര്‍ക്ക് പിഴവു പറ്റിയിരുന്നു. എടുത്ത തീരുമാനങ്ങളില്‍ പലപ്പോഴും അവര്‍ ചഞ്ചലചിത്തയായിരുന്നു. അത് അവരുടെ ആത്മസുഹൃത്തുക്കളെയും ആരാധകരെയും കഠിനമായി വേദനിപ്പിച്ചിട്ടുണ്ട്. അസ്വസ്ഥവും വ്യഥിതവുമായിരുന്ന അവരുടെ ആത്മാവ് അന്ത്യംവരെ, എത്തിപ്പിടിക്കാന്‍ കഴിയാത്ത എന്തോ മഹാസങ്കല്പത്തെതേടി അലയുകയായിരുന്നു. ഗ്രീക്കുദുരന്തനാടകങ്ങളെ പോലെ, അവരുടെ ജീവിതവും മരണവും ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ സഹതാപത്തിലും സങ്കടത്തിലും കൂടി ആത്മശുദ്ധീകരണത്തിനും ആത്മനിരീക്ഷണത്തിനും പ്രേരിപ്പിക്കും എന്നതിന് സംശയമില്ല”
അവരുടെ ശവശരീരം സംസ്‌കരിക്കേണ്ടത്, സ്വന്തം കഥകളിലൂടെ അവര്‍ ശാശ്വതീകരിച്ച പരിസരങ്ങളില്‍, പിറന്നുവീണ തറവാട്ടിലെ മണ്ണില്‍ത്തന്നെ ആയിരിക്കണമെന്ന പ്രൊഫ. അഴീക്കോടിന്റെ അഭിപ്രായം ഔചിത്യപൂര്‍ണമാണെന്ന് സമ്മതിക്കുമ്പോഴും പക്ഷേ, അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ദുരന്തനാടകത്തിന്റെ തീക്ഷ്ണത പാടേ നഷ്ടപ്പെട്ടുപോകുമായിരുന്നുവെന്നാണ് പരമേശ്വര്‍ജി ചൂണ്ടിക്കാട്ടിയത്.
ഒ.വി. വിജയനെ പരമേശ്വര്‍ജി പിന്തുടരുന്നതും കാണുന്നതും പോലും എതിര്‍പാളയങ്ങളില്‍ സൃഷ്ടിച്ച അങ്കലാപ്പ് ചെറുതായിരുന്നില്ല. 1996 ജൂണ്‍ 17ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ വിജയന്‍ എഴുതിയ ഹിന്ദുത്വ ആന്‍ഡ് ഡയലക്ടിസ് എന്ന ലേഖനത്തിന് അതേ പത്രത്തില്‍ 96 ജൂലൈ മൂന്നിന് പരമേശ്വര്‍ജി എഴുതിയ പ്രതികരണം വിജയനെ ഇടത് ലിബറല്‍ പാളയത്തില്‍ തളച്ചിടാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ബുദ്ധിജീവി നാട്യക്കാരെ അമ്പരപ്പിച്ചു. തന്റെ കറുത്ത ഹാസ്യത്തിലൂടെ ”അന്തമില്ലാത്ത ചോദ്യം ചെയ്യലിന്റെ തത്വശാസ്ത്രമായി നമുക്ക് ഹിന്ദുത്വയെ അംഗീകരിക്കാം” എന്ന് പറഞ്ഞാണ് വിജയന്‍ തന്റെ ലേഖനം അവസാനിപ്പിച്ചതെങ്കില്‍ ”ആ ചോദ്യം ചെയ്യല്‍ ഹിന്ദുത്വയില്‍ ഇല്ല” എന്നതായിരുന്നു പമേശ്വര്‍ജിയുടെ മറുപടി. വിജയന്‍ ഹിന്ദുത്വയിലും മാര്‍ക്‌സിസത്തിന്റെ ഡയലക്ടിക്‌സ് കണ്ടു എന്ന പരമേശ്വര്‍ജിയുടെ വിലയിരുത്തലാണ് വിജയന് ചുറ്റും വേലികെട്ടുന്ന തിരക്കിലായിരുന്ന ഇടത് ബുദ്ധിജീവികളെ ഞെട്ടിച്ചത്. വിജയന്‍ മാര്‍ക്‌സിയന്‍ ക്യാമ്പ് വിട്ടു എന്ന പരമേശ്വര്‍ജിയുടെ പരാമര്‍ശത്തിന്റെ വാസ്തവം ചികഞ്ഞ് അവര്‍ അന്ത്യകാലം വരെ അദ്ദേഹത്തെ പിന്‍തുടര്‍ന്നു. ഒ.വി. വിജയന്‍ മൃദു ഹിന്ദുത്വവാദിയാണെന്ന വിശേഷണവുമായി സക്കറിയയെപ്പോലെയുള്ളവരും കളം നിറഞ്ഞു. തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം വിജയന് സമര്‍പ്പിച്ചത് അവര്‍ക്ക് സഹിച്ചില്ല. എഴുത്തിന്റെ പ്രായം അസ്തമിക്കാറാവുമ്പോള്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ട്, ‘ഹൈന്ദവതയുടെ അനന്തസ്ഥലികള്‍ തേടുകയാണ് ഞാന്‍’ എന്ന് പരമേശ്വര്‍ജിക്ക് അദ്ദേഹം എഴുതിനല്‍കിയത് ഒരു ഇടപെടലിന്റെയും സമീപനത്തിന്റെയും ശരിയായ പരിണാമഗതിയായിരുന്നു.

ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു സന്ദേഹിയുടെ മനസ്സുമായി എത്തുമായിരുന്ന ഒ. വി. വിജയനെ പരമേശ്വര്‍ജി അനുസ്മരിച്ചിട്ടുണ്ട് പിന്നീട്. ദല്‍ഹിയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ ദത്തോപന്ത് ഠേംഗ്ഡിക്ക് മുന്നിലിരിക്കുന്ന വിജയനെയും അദ്ദേഹം ഓര്‍ത്തെടുത്തിട്ടുണ്ട്. പക്ഷഭേദങ്ങള്‍ക്കും രാഗദ്വേഷങ്ങള്‍ക്കുമതീതനായ ക്രാന്തദര്‍ശിയായ ഋഷിയുടെ ഭാഷയാണ് വിജയന്റെ എഴുത്തിനെന്ന് പരമേശ്വര്‍ജി നിരീക്ഷിച്ചിട്ടുണ്ട്. എന്നിട്ടും ഒ.വി. വിജയന്റെ സംസ്‌കാരത്തെയും ഹൈജാക്ക് ചെയ്യാന്‍ ചില പരിശ്രമങ്ങള്‍ നടന്നു. ചിതാഭസ്മം ചില പുസ്തകപ്രസാധകരുടെ വിപണനാലയങ്ങളില്‍ കാഴ്ചവസ്തുവാക്കാന്‍ കരുനീക്കം നടന്നു. അവിടെയും പരമേശ്വര്‍ജി ഇടപെട്ടു. നിളയുടെ തീരത്ത് ഐവര്‍മഠത്തില്‍ വിജയന്‍ അനശ്വരനായി. വിജയന്‍ പറന്ന ഉയരങ്ങളില്‍ നിന്ന് എത്രയോ താണ തലങ്ങളിലാണ് ഇന്നത്തെ ജനപ്രിയരെന്ന് കരുതപ്പെടുന്ന പല എഴുത്തുകാരും നില്‍ക്കുന്നതെന്ന വിലാപമായിരുന്നു പരമേശ്വര്‍ജിയുടെ അനുസ്മരണം. ഇനി ഒരു വിജയനുണ്ടാകുമോ എന്ന പരമേശ്വര്‍ജിയുടെ ആ ചോദ്യം ഇപ്പോഴും ബാക്കിയാണ്.
ശബരിമല മേല്‍ശാന്തിയെ ആങ്ങാമൂഴി പള്ളിയിലേക്ക് ആനയിക്കുമ്പോഴും മുസിരിസ് ഖനനത്തിന് കോടികള്‍ ഒഴുക്കുമ്പോഴും പന്തിരുകുലത്തില്‍പെട്ട ഉപ്പുകൊറ്റന്‍ ഹിന്ദുവായിരുന്നില്ല എന്ന കഥകള്‍ പടയ്ക്കുമ്പോഴും മാപ്പിളലഹളക്കാര്‍ സ്വാതന്ത്ര്യസമരസേനാനികളായി ആഘോഷിക്കപ്പെടുമ്പോഴും ഫ്രാന്‍സിസ് സേവ്യര്‍ വിശുദ്ധനായി കൊണ്ടാടപ്പെടുമ്പോഴുമൊക്കെ പരമേശ്വര്‍ജി തീര്‍ത്ത പ്രതിരോധം കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. പരമേശ്വര്‍ജി നടന്നുതീര്‍ത്ത വഴിയിലൊക്കെ ആദര്‍ശത്തിന്റെയും ദര്‍ശനത്തിന്റെയും തണല്‍മരങ്ങള്‍ ഇലനീര്‍ത്തിനില്‍ക്കുന്നുണ്ട്. കേരളം അദ്ദേഹം പറഞ്ഞതിനെക്കുറിച്ചാണ് പിന്നെയും പിന്നെയും ചര്‍ച്ച ചെയ്യുന്നത്. പൊള്ളയായ കേരളമോഡല്‍ പൊങ്ങച്ചങ്ങള്‍ക്ക് ബദല്‍ ജീവിതമാതൃകകള്‍ ചൂണ്ടിക്കാട്ടിയ വികസിതകേരളത്തിനായുള്ള ദശവത്സര പരിപ്രേഷ്യത്തില്‍ അവയുണ്ട്. പ്രകൃതി, ഭാഷ, സംസ്‌കൃതി, ഗീത, സമാജജീവിതം….. വെല്ലുവിളികള്‍ നേരിട്ടപ്പോഴെല്ലാം ഉറച്ച ശബ്ദത്തില്‍ ആ ഇടപെടലുണ്ടായി…. എല്ലാ ശൗര്യത്തോടെയും കടന്നാക്രമിച്ചു. ദേശീയതയ്‌ക്കെതിരായ എല്ലാ പ്രചാരവേലകളും പ്രത്യാക്രമണത്തിന്റെ ആ വിരാടരൂപത്തില്‍ തട്ടിത്തകര്‍ന്നു. ജാതീയതയും സങ്കുചിതമതവര്‍ഗീയതയും ആയുധമാക്കി രാഷ്ട്രീയബലിത്തറകള്‍ തീര്‍ത്തവര്‍ സമന്വയത്തിന്റെ സംഘാദര്‍ശത്തിന് മുന്നില്‍ തങ്ങളുടെ പിടിവാശികള്‍ കുഴിച്ചുമൂടി.
കമ്മ്യൂണിസത്തിനടിപ്പെട്ട് നിഷേധാത്മകതയിലേക്ക് കൂപ്പുകുത്തി വിഷാദയോഗത്തിലാണ്ടുപോയിരുന്നു കേരളം. അവിടെയാണ് പരമേശ്വര്‍ജി ഗീതയ്ക്ക് ജനകീയഭാഷ്യം തീര്‍ത്തത്. സാംസ്‌കാരിക നായകരുള്‍പ്പെടെയുള്ളവര്‍ കര്‍മ്മം മറന്ന കാലത്താണ് അദ്ദേഹം ഗീതാകാരനായത്. കേരളത്തിന് ആത്മവിശ്വാസം പകര്‍ന്നത്.



















Discussion about this post