സ്വര്‍ഗീയ ഭാസ്‌കര്‍റാവുവിനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം എല്ലാവരുടെയും മനസ്സില്‍ ഉയര്‍ന്നു വരുന്ന ഒന്നാമത്തെ കാര്യം അദ്ദേഹത്തില്‍ നിന്നും പകര്‍ന്നു കിട്ടിയ സ്‌നേഹമാണ്. ശുദ്ധവും സാത്വികവുമായ സ്‌നേഹമാണ് സംഘ കാര്യത്തിന്റെ അടിസ്ഥാനം എന്ന് ഗണഗീതത്തില്‍ പാടാറുണ്ട്. അത് ഭാസ്‌കര്‍റാവുവിന്റെ ജീവിതത്തിലൂടെ എല്ലാവര്‍ക്കും അനുഭവിച്ചറിയാന്‍ കഴിഞ്ഞു. തന്റെ കാര്യത്തില്‍ അദ്ദേഹത്തിന് പ്രത്യേക താല്പര്യവും പരിഗണനയുമുണ്ട് എന്ന് ഓരോ വ്യക്തിക്കും തോന്നുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. തങ്ങളുടെ വിഷമങ്ങളും പ്രശ്‌നങ്ങളും ഭാസ്‌കര്‍റാവുവിനോട് ഒരു സങ്കോചവും കൂടാതെ മനസ്സ് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് അനുഭവപ്പെട്ടിരുന്നു. ഓരോരുത്തരും വന്നുപറയുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്ന പ്രകൃതക്കാരനായതിനാല്‍ അദ്ദേഹത്തോട് പറഞ്ഞു കഴിഞ്ഞാല്‍ ഒരുപക്ഷേ പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ പോലും പൂര്‍ണ ശാന്തി ലഭിച്ച മനസ്സോടെ അവര്‍ തിരിച്ച് പോകുമായിരുന്നു. സംഘസ്ഥാപകന്‍ കേരളത്തില്‍ സംഘം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. വീണ്ടും രണ്ടു വര്‍ഷം കഴിഞ്ഞാണ് കേരളത്തില്‍ സംഘപ്രവര്‍ത്തനം ആരംഭിക്കുന്നത്. അതിനാല്‍ കേരളത്തിലെ സ്വയംസേവകര്‍ക്ക് ആര്‍ക്കും തന്നെ ഡോക്ടര്‍ജിയെ കാണാനുള്ള സൗഭാഗ്യമുണ്ടായിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ശ്രേഷ്ഠ ഗുണങ്ങള്‍ വായിച്ചറിഞ്ഞ സ്വയംസേവകര്‍ക്ക് ആ ഗുണങ്ങളെല്ലാം ഭാസ്‌കര്‍റാവുവില്‍ നേരിട്ട് കണ്ടനുഭവിക്കാന്‍ കഴിഞ്ഞു. അതിനാല്‍ ഭാസ്‌കര്‍റാവുവിനെ അവര്‍ ജീവിക്കുന്ന ഡോക്ടര്‍ജിയായിക്കണ്ടു. പ്രവര്‍ത്തന ക്ഷേത്രത്തിലെ സംഘപ്രവര്‍ത്തനവുമായി പൂര്‍ണ്ണമായും ലയിച്ചു ചേരണമെന്ന സംഘ ശൈലി ഭാസ്‌കര്‍ റാവു സ്വജീവിതത്തില്‍ പൂര്‍ണമായും നടപ്പിലാക്കി. 1946 ജൂലായില്‍ പ്രചാരകനായി എറണാകുളത്തെത്തിയ അദ്ദേഹം 2002 ജനുവരി 12ന് എറണാകുളത്ത് വെച്ച് നിര്യാതനാകുന്നതുവരെ കേരളീയനായിത്തന്നെ ജീവിച്ചു.
1948 ല്‍ ഗാന്ധിജി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌സംഘത്തെ നിരോധിച്ച കാലത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് പ്രവര്‍ത്തിക്കുന്ന പ്രചാരകന്മാര്‍ക്ക് സ്വന്തം സ്ഥലങ്ങളിലേയ്ക്ക് തിരിച്ച് പോകേണ്ടി വന്നു. അന്ന് കൊച്ചിയും തിരുവിതാംകൂറും പ്രത്യേകം സംസ്ഥാനങ്ങളായിരുന്നതിനാല്‍ മദിരാശി സ്റ്റേറ്റിന്റെ ഭാഗമായ മലബാറില്‍ ഉണ്ടായിരുന്നത്രയും നിഷ്‌ക്കര്‍ഷ ഈ സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നില്ല. അതോടൊപ്പം ഭാസ്‌കര്‍റാവു, സര്‍ക്കാരിന് തന്റെ പൂര്‍വികരുടെ മൂലസ്ഥലമായ സൗത്ത് കാനറയാണ് മേല്‍വിലാസമായി നല്‍കിയത്. അതുകൊണ്ടു ഭാസ്‌കര്‍റാവുവിന് കൊച്ചിയില്‍ തുടരാന്‍ സാധിച്ചുവെന്ന് മാത്രമല്ല തിരുവിതാംകൂര്‍/ മലബാര്‍, തമിഴ്‌നാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും സാധിച്ചു.
1965ല്‍ കേരള സംസ്ഥാനം മദിരാശി പ്രാന്തത്തില്‍ നിന്നും മാറി പ്രത്യേക പ്രാന്തമായതിനെ തുടര്‍ന്ന് അദ്ദേഹം കേരള പ്രാന്ത പ്രചാരകനായി. 1983ല്‍ നടന്ന ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്രാന്ത പ്രചാരകനെന്ന ചുമതലയില്‍ നിന്നും അദ്ദേഹം ഒഴിവായി. രോഗവിമുക്തനായതിന് ശേഷം വനവാസി കല്യാണാശ്രമത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ അദ്ദേഹം തന്റെ മേല്‍വിലാസം കൊടുത്തത് കെ.ഭാസ്‌കരന്‍, കേരള എന്നായിരുന്നു. അവസാന കാലത്ത് ക്യാന്‍സര്‍ രോഗിയായി ബോംബെയിലെ വിദഗ്ദ്ധ ചികിത്സയും വിഫലമായി ഇനിയൊന്നും വിശേഷമായി ചെയ്യാനില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചപ്പോള്‍, തന്റെ അന്ത്യം കേരളത്തിലായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങിനെ അദ്ദേഹം കേരളത്തിന്റെ പ്രാന്ത കാര്യാലയത്തില്‍ തിരിച്ചെത്തി. അന്ത്യശ്വാസം വരെ അവിടെത്തന്നെയായിരുന്നു. തന്റെ അവസാന നാളടുത്തു എന്ന് മനസ്സിലാക്കിയ അദ്ദേഹം തന്റെ മരണാനന്തര ചടങ്ങുകളെ കുറിച്ച് ഒട്ടും ചിന്തിക്കേണ്ടതില്ലെന്നും അതെല്ലാം കേരളത്തിലെ സ്വയംസേവകര്‍ യഥാവിധി നിര്‍വ്വഹിക്കുമെന്നും മുംബൈയിലെ ബന്ധുക്കള്‍ക്ക് എഴുതി. അദ്ദേഹം ആഗ്രഹിച്ച പോലെ മരണാനന്തര ചടങ്ങുകളും ശ്രാദ്ധാദി കാര്യങ്ങളും കേരളത്തിലെ സ്വയംസേവകര്‍ തന്നെ നിര്‍വ്വഹിച്ചു.
പരിപാടികളില്‍ കൂടി എന്നതിലുപരി വ്യക്തിപരമായ സമ്പര്‍ക്കത്തിലൂടെയായിരുന്നു ഭാസ്‌കര്‍ റാവു കാര്യകര്‍ത്താക്കളെ വളര്‍ത്തിയെടുത്തത്. അദ്ദേഹം ഒരു നല്ല പ്രസംഗകനോ പാട്ടുകാരനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ബൈഠക്കുകളിലെയും ശാഖയിലെ സാധാരണ സംസാരത്തിലെയും ഓരോ വാക്കും മനസ്സില്‍ തറയ്ക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ യാത്രകളില്‍ ശാഖയില്‍ സംസാരിക്കുന്നതിനെ അപേക്ഷിച്ച് താമസിക്കുന്ന വീട്ടില്‍ ആ സ്ഥലത്തെ സ്വയംസേവകര്‍ ഒരുമിച്ചു കൂടി അനൗപചാരിക ചര്‍ച്ചകളും സംഭാഷണങ്ങളും കളിതമാശകളും നടത്തിയിരുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. സ്വാഭാവികമായും സ്വയംസേവകരുടെ വളര്‍ച്ചയ്ക്കാവശ്യമായ ഒട്ടനവധി കാര്യങ്ങള്‍ അതില്‍ കൂടി കിട്ടുമായിരുന്നു. രാത്രി ഏറെ നേരം നടക്കുന്ന ഇത്തരം പരിപാടികള്‍ ആ വീട്ടിലെ അമ്മമാരും മാറിയിരുന്ന് കണ്ടും കേട്ടും ആസ്വദിക്കുമായിരുന്നു. സംഘത്തിന്റെ മുതിര്‍ന്ന അധികാരി എന്നതില്‍ കവിഞ്ഞ് കുടുംബത്തിലെ കാരണവര്‍ വന്ന അനുഭവവും സന്തോഷവുമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. വയനാട്ടിലെ അനവധി വനവാസി ഊരുകളില്‍ പോലും താമസിച്ച് അദ്ദേഹം ഇത്തരം ബൈഠക്കുകള്‍ നടത്തുകയും രാത്രി ഏറെ നേരം അമ്മമാര്‍ അടക്കമുള്ളവര്‍ ഇത്തരം പരിപാടികള്‍ ആസ്വദിക്കുകയും ചെയ്തിരുന്നു.
ഭാസ്‌കര്‍റാവുവുമായി ബന്ധപ്പെടാന്‍ സൗഭാഗ്യം സിദ്ധിച്ച ലക്ഷാവധി സ്വയംസേവകരുടെയും കാര്യകര്‍ത്താക്കളുടെയും മനസ്സില്‍ ഇത്തരം ഒട്ടനവധി സ്മരണകള്‍ തിങ്ങിവിങ്ങി ഉയര്‍ന്ന് വരുന്നുണ്ടാകും. വ്യക്തിപരമായ അനുഭവങ്ങളും നമുക്കോരോരുത്തര്‍ക്കും ഉണ്ടാകാം. എന്നാല്‍ ഇന്നത്തെ കാലഘട്ടം അദ്ദേഹത്തെക്കുറിച്ചുള്ള അപദാനങ്ങള്‍ പാടി ആത്മസംതൃപ്തിയടഞ്ഞു നിഷ്‌ക്രിയമായി ഇരിക്കാനുള്ളതല്ല. ആ മഹദ് വ്യക്തിയോടുള്ള നമ്മുടെ ആരാധന പ്രകടമാക്കേണ്ടത് അദ്ദേഹം തന്റെ സര്‍വ്വവും നല്‍കി വളര്‍ത്തി പൂര്‍ത്തിയാക്കാന്‍ ശ്രമിച്ച സംഘകാര്യത്തെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സ്വയം സന്നദ്ധരാവുക എന്നതില്‍ കൂടിയാണ്.
സംഘം അതിന്റെ അവഗണന, പരിഹാസം, എതിര്‍പ്പ് എന്നീ ഘട്ടങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഇന്ന് സംഘം സ്വീകാര്യതയുടെ അവസ്ഥയില്‍ എത്തിയിരിക്കുന്നു. പരസ്പരം മല്ലടിച്ചിരുന്ന രാഷ്ട്രവിരുദ്ധ ശക്തികളും വിഘടനവാദികളും മതതീവ്രവാദികളും സാമൂഹ്യ വിരുദ്ധരും അവസരവാദ രാഷ്ട്രീയക്കാരും സ്വയം പരാജയം കണ്ടറിഞ്ഞ് ഒന്നു ചേര്‍ന്ന് അവസാനത്തെ പോരാട്ടത്തിന് തയ്യാറെടുത്തിരിക്കുകയാണ്. ഭാരതത്തിന്റെ അഖണ്ഡതയും സാംസ്‌കാരികത്തനിമയും നശിപ്പിക്കുക എന്ന അവരുടെ ഉദ്ദേശ്യത്തിന് ഏറ്റവും വലിയ വിലങ്ങുതടി സംഘമാണെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് എല്ലാവരും കൂടി അവരുടെ എതിര്‍പ്പിന്റെ കുന്തമുന സംഘത്തിന്റെ നേരെ തിരിച്ചിരിക്കുകയാണ്. ഭാസ്‌കര്‍റാവുവിനെ പോലെയുള്ള നമ്മുടെ മുന്‍ഗാമികള്‍ അവരുടെ സര്‍വ്വശക്തിയും നല്‍കി കേരളത്തില്‍ സംഘത്തിന് ശക്തമായ അടിത്തറ സൃഷ്ടിച്ചിട്ടുണ്ട്. സംഘശാഖകളുടെ വ്യാപ്തിയിലും സ്വയംസേവകരുടെ എണ്ണത്തിലും നിസ്സാരമല്ലാത്ത ശക്തി നമുക്കുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വ്യക്തിനിര്‍മ്മാണം, ഹിന്ദു സംഘാടനം തുടങ്ങിയ കാര്യങ്ങള്‍ പൂര്‍വ്വാധികം സജീവമായി തുടരുന്നതോടൊപ്പം കാലാനുസൃതമായ സമാജ ജാഗരണം, സമാജപരിവര്‍ത്തനം എന്നീ കാര്യങ്ങളില്‍ ഊന്നല്‍ കൊടുത്ത് സംഘം മുന്നേറുകയാണ്. സംഘത്തിന്റെ അനുഭവ സമ്പന്നരായ സ്വയംസേവകര്‍ എല്ലാം മറന്ന് സര്‍വശക്തിയും സമാഹരിച്ച് രംഗത്തിറങ്ങേണ്ട സമയമാണിത്. ഭാഗ്യവശാല്‍ വര്‍ത്തമാന കാലഘട്ടത്തിന്റെ ഗൗരവം മനസ്സിലാക്കി ഒട്ടനവധി സജ്ജനങ്ങള്‍ സംഘത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് നമ്മോടൊപ്പം പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുന്നു എന്ന സന്തോഷജനകമായ ദൃശ്യവും നാം കാണുന്നു. ഇത്തരുണത്തില്‍ എല്ലാ സ്വയംസേവകരും സമാജപരിവര്‍ത്തന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകേണ്ടതുണ്ട്. സമ്പര്‍ക്കം, പ്രചാരം, സേവാ തുടങ്ങിയ കാര്യവിഭാഗ് പ്രവര്‍ത്തനത്തിലോ കുടുംബ പ്രബോധന്‍, സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, ഗോസേവ, ഗ്രാമവികാസം, ധര്‍മ ജാഗരണം തുടങ്ങിയുള്ള ഗതിവിധി പ്രവര്‍ത്തനങ്ങളിലോ ഏതിലെങ്കിലും ഓരോ സ്വയംസേവകനും പങ്കാളിയാകണം. നമ്മുടെ സമ്പൂര്‍ണ്ണ ശക്തിയും സമാഹരിച്ച് സ്വര്‍ഗീയ ഭാസ്‌കര്‍റാവുവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സന്നദ്ധരാവുക എന്നതാണ് നമുക്കേവര്‍ക്കും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ അര്‍പ്പിക്കാനുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലി.
Discussion about this post