മഴയും ഭൂഗർഭ നദികളുടെ ഒഴുക്കും കാരണം ചുണ്ണാമ്പുകല്ലിൻ്റെ തകർച്ച, ഗുഹകളുടെ ഘടനാപരമായ തകർച്ച എന്നിവയിലൂടെ ഭൂമിയിൽ തുറന്ന ഒരു ജലാശയം രൂപപ്പെടുന്നു. ഈ പ്രതിഭാസം വഴി ഭൂഗർഭ ജലാശയങ്ങളുടെ മനോഹാരിതയുടെ നുറുങ്ങുകൾ ഉപരിതലത്തിൽ തുറന്നുകാട്ടുന്ന ജലാശയങ്ങളാണ് സിനോട്ടെകൾ. മെക്സിക്കോയിലെ യുകാറ്റൻ പെനിൻസുലയിൽ (Yucatan Peninsula) വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലുമുള്ള ഏകദേശം 10000 സിനോട്ടെകൾ കണ്ടെത്തിയിട്ടുണ്ട്. ഉപദ്വീപുകളിലെ പ്രധാന ജലസ്രോതസ്സായി തുടരുന്ന സിനോട്ടെകൾ മായൻ സംസ്കാരത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
പുരാതന കാലത്ത് മായൻമാർ ഉപയോഗിച്ചിരുന്ന ‘ജലമുള്ള ഗുഹ’ എന്നർഥമുള്ള ഡിസോനോട്ട് (Dz’onot) എന്ന വാക്കിൽ നിന്നാണ് സിനോട്ടെ എന്ന പേര് ലഭിച്ചത്. കൂടാതെ, ഈ ജലകിണറുകൾ മരണാനന്തര ജീവിതത്തിലേക്കുള്ള കവാടങ്ങളായും ദൈവങ്ങളെ പ്രസാദിപ്പിക്കുന്നതിനുള്ള പുണ്യസ്ഥലമായുമാണ് മായന്മാർ കണക്കാക്കിയിരുന്നത്. പുരാവസ്തു ഗവേഷകർ ജേഡ് കല്ലുകൾ, മൺപാത്രങ്ങൾ, സ്വർണ്ണം, സുഗന്ധദ്രവ്യം എന്നിവക്ക് ഒപ്പം മനുഷ്യ അവശിഷ്ടങ്ങളും സിനോട്ടുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.ഭൂതകാലത്തിൻ്റെയും, മായൻ സംസ്കാരത്തിന്റെയും നിശ്ശബ്ദസാക്ഷികളായ സിനോട്ടെകളുടെ ശ്രദ്ധേയമായ കൗതുകങ്ങൾ ഗവേഷകർക്കിടയിലും, വിനോദസഞ്ചാരികൾക്കിടയിലും പ്രശസ്തി നേടിയിട്ടുണ്ട്.
Discussion about this post