ബ്ലാക്ക് ഡയമണ്ട് ആപ്പിൾ അഥവാ ബ്ലാക്ക് ആപ്പിൾ, മാലസ് ഡൊമെസ്റ്റിക്ക (Malus Domestica) എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത്. പേരിന് വിപരീതമായി ഈ ആപ്പിളിന് കറുത്ത നിറമല്ല, മറിച്ച് ഇരുണ്ട പർപ്പിൾ നിറമാണ്. സാധാരണ ആപ്പിൾ പോലെ തന്നെ ഇതിൽ ധാരാളം നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ആപ്പിളുകളുടെ നിറവും രൂപവും കാലാവസ്ഥയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു.
അതിമധുരമുള്ള ബ്ലാക്ക് ഡയമണ്ട് ആപ്പിൾ ടിബറ്റൻ പ്രദേശമായ നൈങ്ചിയിൽ (Nyingchi) കൃഷി ചെയ്യുന്ന ഹുവാ നിയു (Hua Niu) ആപ്പിളിൻ്റെ കുടുംബത്തിൽ പെട്ടതാണെന്ന് അവകാശപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 3,500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളിൽ പകൽ തീവ്രമായ അളവിൽ അൾട്രാവയലറ്റ് രശ്മികളും, രാത്രിയിൽ പ്രവചനാതീതമായ താപനിലയും അനുഭവപ്പെടുന്നു. ഈ ഘടകങ്ങളാവാം ആപ്പിളിന് ഈ നിറം വരാൻ കാരണം എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. പോഷകസമൃദ്ധമായ ഈ ആപ്പിളിന്റെ ഇലകൾക്കും ഔഷധ ഗുണമുണ്ടെന്ന് പറയപ്പെടുന്നു.
കറുത്ത ഡയമണ്ട് ആപ്പിൾ ന്യൂസിലാൻഡിൽ നിന്നുള്ള ഹുവ നിയു ആപ്പിളിൻ്റെ ഇനമാണെന്നും, ചൈനക്കാർ പിന്നീട് ടിബറ്റിലെ നൈങ്ചിയിൽ ഇത് നട്ട് പിടിപ്പിച്ചതാണെന്നും അവകാശപെടുന്നവരുണ്ട്.
കറുത്ത ഡയമണ്ട് ആപ്പിളിൻ്റെ മറ്റൊരു ഇനമായ അർക്കൻസാസ് ബ്ലാക്ക് (Arkansas Black) യുഎസിൽ കാണപ്പെടുന്നു. മറ്റ് ആപ്പിൾ ഇനങ്ങളിൽ നിന്നും വ്യത്യസ്തമായി കട്ടിയുള്ള തൊലിയും ഉറച്ച മാംസവുമാണ് ഇവക്ക്. മരത്തിൽ നിന്ന് ശേഖരിച്ച് മാസങ്ങളോളം ഇവ സംഭരണത്തിൽ സൂക്ഷിക്കും. എന്നാൽ മാത്രമേ ഇവക്ക് തനതായ രുചി ഉണ്ടാവുകയുള്ളു.
ബ്ലാക്ക് ആപ്പിൾ ഇനങ്ങൾ വളരെ ചെറിയ തോതിൽ മാത്രം കൃഷി ചെയ്യുന്നതിനാൽ അപൂർവ ഇനമായി കണക്കാക്കുന്നു.
Discussion about this post