മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ബജ്‌ന ഗ്രാമത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രകൃതിദത്ത ജലസംഭരണിയും പുണ്യസ്ഥലവുമാണ് ഭീംകുണ്ഡ്. മഹാഭാരത കാലം മുതൽ നിലകൊള്ളുന്ന ഈ ജലശ്രോതസ്സിന് നീലകുണ്ഡ് എന്നും നാരദകുണ്ഡ് എന്ന പേരുകളാലും അറിയപ്പെടുന്നു. ഇതിന്റെ ആഴം നൂറ്റാണ്ടുകളായി ജിജ്ഞാസയുടെയും ഊഹാപോഹങ്ങളുടെയും വിഷയമാണ്. 80 അടി ആഴമുണ്ടെന്ന് ചിലരും, 300 അടി ആഴമുണ്ടെന്ന് മറ്റുചിലരും പറയുന്നു, എന്നാൽ ഇത് അനന്തമാണെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. പലതവണ ശ്രമിച്ചിട്ടും ആർക്കും ഇതുവരെ കൃത്യമായി അളക്കാൻ കഴിഞ്ഞിട്ടില്ല. വെള്ളത്തിൽ വിചിത്രജീവികളെയും വസ്തുക്കളെയും കണ്ടതായി ചില മുങ്ങൽ വിദഗ്ധരും അവകാശപ്പെട്ടിട്ടുണ്ട്.
ഇവിടുത്തെ വെള്ളം വളരെ ശുദ്ധവും സ്ഫടികം പോലെ സുതാര്യവുമാണ്. വെള്ളത്തിൽ നീന്തുന്ന മത്സ്യങ്ങളെ മുകളിൽ നിന്ന് വ്യക്തമായി കാണാൻ കഴിയും. ഔഷധ ഗുണമുള്ള ഈ ജലം നിരവധി അസുഖങ്ങൾക്ക് ആശ്വാസം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഏകദേശം 3 മീറ്റർ ഉള്ളിൽ, ഒരു ഗുഹയിലാണ് കുണ്ഡ് സ്ഥിതി ചെയ്യുന്നത്. പ്രവേശന കവാടത്തിൻ്റെ ഇടതുവശത്ത് ഒരു ചെറിയ ശിവലിംഗമുണ്ട്.
ചുവന്ന കല്ലുകളാൽ ചുറ്റപ്പെട്ട ഭീംകുണ്ഡിൻ്റെ നിറമാണ് മറ്റൊരു രഹസ്യം. സമയത്തിനനുസരിച്ച് മാറുന്ന നിറം, സൂര്യപ്രകാശത്തിന്റെ കോണും ആകാശത്തിൻ്റെ പ്രതിഫലനവും അനുസരിച്ച് നീലയോ, പച്ചയോ ടർക്കോയ്സ് നിറത്തിലോ കാണപ്പെടാം.
ചുട്ടുപൊള്ളുന്ന സൂര്യൻ്റെ കീഴിൽ തളർന്നുവീണ ദ്രൗപതിയുടെ ദാഹശമനത്തിനായി ഭീമൻ തന്റെ ഗദയാൽ നിലത്തടിച്ചു. ഇങ്ങനെ രൂപം കൊണ്ടതിനാലാണ് ഭീംകുണ്ഡ് എന്ന പേര് വന്നതെന്നും ഐതിഹ്യമുണ്ട്. കുണ്ടിന്റെ തൊട്ട് മുകളിലായിയുള്ള ഗുഹയുടെ മേൽക്കൂരയിൽ, ഭീമൻ തൻറെ ഗദ കൊണ്ട് അടിച്ചതായി പറയപ്പെടുന്ന സ്ഥലത്ത് ഒരു ദ്വാരം ഇപ്പോഴും കാണാൻ സാധിക്കും.
മറ്റൊരു ഐതിഹ്യമനുസരിച്ച് പ്രപഞ്ചത്തിൻ്റെ സംരക്ഷകനായ മഹാവിഷ്ണുവിൻ്റെ വാസസ്ഥലമാണിതെന്നും വിശ്വസിക്കപ്പെടുന്നു.
വരാനിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളുടെ സൂചിക കൂടിയാണ് ഭീംകുണ്ഡ്, പ്രകൃതി ദുരന്തം ഉണ്ടാകുമ്പോഴെല്ലാം കുളത്തിലെ ജലനിരപ്പ് അസാധാരമായി വ്യത്യാസപ്പെടുമെന്ന് പ്രദേശവാസികൾ അവകാശപ്പെടുന്നു.
Discussion about this post