മാധവ ഗോവിന്ദ വൈദ്യയെന്ന മാ.ഗോ.വൈദ്യജിയുടെ ദേഹവിയോഗത്തോടെ അവസാനിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ഒരു യുഗമാണ്. ആധുനിക ഹൈന്ദവ നവോത്ഥാന ചരിത്രത്തോടൊപ്പം വളര്‍ന്ന ഒരപൂര്‍വ്വ പ്രതിഭ ആയിരുന്നു അദ്ദേഹം. സംഘത്തിന്റെ സാധാരണ സ്വയംസേവകനായി തുടങ്ങി അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് വരെയുള്ള പലതലത്തിലുമുള്ള ചുമതലകള്‍ സ്തുത്യര്‍ഹമാംവണ്ണം നിര്‍വഹിച്ച അദ്ദേഹം ആ ഐതിഹാസിക യാത്രയ്ക്കിടയില്‍ പൂജനീയ സംഘസ്ഥാപകന്‍ മുതല്‍ ഇപ്പോഴത്തെ സര്‍സംഘചാലക് മാനനീയ മോഹന്‍ജി വരെയുള്ള എല്ലാ സര്‍സംഘചാലകന്‍മാരോടൊപ്പവും പ്രവര്‍ത്തിച്ചു. ആ സൗഭാഗ്യം അനുഭവിച്ച ആരെങ്കിലും ഇനി ശേഷിക്കുന്നുണ്ടോ എന്ന് സംശയമാണ്.
സംഘആദര്‍ശം ആദരണീയരായ ആദ്യകാല പ്രവര്‍ത്തകന്‍മാര്‍ അവരുടെ സൂക്തമാത്രമായ അമൃതവാണികളിലൂടെയാണ് വ്യക്തമാക്കിയിരുന്നത്. അത്തരം മന്ത്രസമാനമായ വാക്കുകള്‍ സാധാരണക്കാരായ നമുക്ക് മനസ്സിലാക്കിച്ചുതന്നത് ഠേംഗിഡിജിയേയും വൈദ്യജിയേയും പോലെയുള്ള മഹാമനീഷികളായ വ്യാഖ്യാതാക്കളാണ്. അവരെയാണ് ഹിന്ദുശാസ്ത്രത്തില്‍ ഭാഷ്യകാരന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നത്. വൈദ്യജി ഹിന്ദുത്വത്തിന്റേയും സംഘത്തിന്റയും തികഞ്ഞ ഭാഷ്യകാരനായിരുന്നു. അത് അദ്ദേഹത്തിന്റെ ഇരുപതിലേറെ വരുന്ന കൃതികള്‍ വെളിപ്പെടുത്തിത്തരുന്നുണ്ട്. ഭാഷ്യകാരന്‍ എന്ന പദവിക്ക് മറ്റൊരര്‍ത്ഥത്തിലും അദ്ദേഹം അര്‍ഹനാണ്. മറാഠിയിലെ പ്രസിദ്ധ ദിനപത്രമായ തരുണ്‍ഭാരതില്‍ ഏതാണ്ട് ഇരുപത്തഞ്ചു വര്‍ഷക്കാലം അദ്ദേഹം ‘ഭാഷ്യ’ എന്നപേരില്‍ ഒരു കോളം എഴുതിയിരുന്നു. ചിരന്തനമായ ദര്‍ശനങ്ങളെ സരളമായ ഭാഷയില്‍ വിശദീകരിക്കുന്നതോടൊപ്പം ആനുകാലിക സംഭവവികാസങ്ങളെ അവിനാശിയായ ഹൈന്ദവമൂല്യങ്ങളുടെ ദൃഷ്ടികോണിലൂടെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശൈലി അനേകായിരം അനുവാചകര്‍ക്ക് മാര്‍ഗദര്‍ശനമേകി. ഇത്രയും ദീര്‍ഘകാലം തുടര്‍ന്നുപോന്ന ഒരു ധൈഷണികപരമ്പര വേറെ ആരും എഴുതിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. ‘ഭാഷ്യ’ എന്ന പ്രസിദ്ധമായ കോളത്തിന്റെ പേരിലും ഭാഷ്യകാരനായി ബൗദ്ധികലോകം അദ്ദേഹത്തെ ആദരിക്കുന്നുണ്ട്.
സംഘകാര്യകര്‍ത്താവ് എന്ന ഠേംഗിഡിജിയുടെ കൃതിക്ക് വൈദ്യാജി എഴുതിയ അവതാരിക സത്യത്തില്‍ തദ്വിഷയകമായ ഒരു പൂര്‍ണ്ണഗ്രന്ഥം തന്നെയാണ്.
*1966 ല്‍ ആണ് അദ്ദേഹം തരുണ്‍ഭാരതിന്റെ പത്രാധിപസ്ഥാനം ഏറ്റെടുക്കുന്നത്. അതിനുമുന്‍പ് നാഗപൂരിലെ പ്രസിദ്ധമായ ഹിസ്ലോപ് കോളേജില്‍ സംസ്‌കൃത അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. അദ്ധ്യാപനം അദ്ദേഹത്തിനേറ്റവും ഇഷ്ടപ്പെട്ട കര്‍മ്മം ആയിരുന്നെങ്കിലും സംഘത്തിന് സമര്‍പ്പിയ്ക്കപ്പെട്ട യഥാര്‍ത്ഥ സ്വയംസേവകന്‍ എന്നനിലയില്‍ സംഘനിര്‍ദ്ദേശം പാലിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലുടനീളം അണുവിട തെറ്റാതെ പുലര്‍ത്തിയ വ്രതനിഷ്ഠയായിരുന്നു അത്. 1966 മുതല്‍ 1983 വരെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ആ കാലഘട്ടത്തില്‍ കക്ഷിഭേദമെന്യേ മഹാരാഷ്ട്രയിലെ സര്‍വ നേതാക്കളുടേയും രാഷ്ട്രീയ പാഠപുസ്തകമായിരുന്നു തരുണ്‍ഭാരത്. രാജനൈതികഗതിയെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന കുശാഗ്രബുദ്ധിയായ ആ മഹാപ്രതിഭയുടെ വിശകലനങ്ങളും നിരൂപണങ്ങളും ആയിരുന്നു അതിലെ മുഖ്യ ആകര്‍ഷണം. 1983 ന് ശേഷം 2013 വരെ മൂന്നു പതിറ്റാണ്ടുകള്‍ നീണ്ട ഭാഷ്യരചന പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഒരപൂര്‍വ്വ അദ്ധ്യായമായി.
അനിതരസാധാരണമായ ഓര്‍മ്മശക്തിയും അതിശയകരമായ പഠനവ്യഗ്രതയും അനവരതമൊഴുകുന്ന രചനാപാടവവും അദ്ദേഹത്തിന്റെ മുഖമുദ്ര ആയിരുന്നു. അസുഖം കലശലാവുമ്പോഴും അദ്ദേഹം ചെയ്തുകൊണ്ടിരുന്ന പ്രവൃത്തിയില്‍ നിന്നത് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഡോ.മോഹന്‍ജി ഭാഗവതിന്റെ വിവിധ പ്രഭാഷണങ്ങളുടെ ഗ്രന്ഥരൂപത്തിന് സശ്രദ്ധം അവതാരിക എഴുതുക എന്ന പ്രവൃത്തി ആയിരുന്നു അത്. പക്ഷെ അപ്പോഴും കൃത്യതയുടെയും വ്യക്തതയുടെയും സത്യതയുടെയും കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയ്ക്കും ആ ജ്ഞാനതാപസന്‍ ഒരുക്കമായിരുന്നില്ല. അവതാരികയെഴുതും മുമ്പേ പല തവണ പുസ്തകം വായിച്ച അദ്ദേഹം നൂറ്റിയരുപത്തഞ്ചോളം തിരുത്തലുകള്‍ വരുത്തി. അതായിരുന്നു ആ മഹാമനീഷിയുടെ കര്‍ത്തവ്യനിഷ്ഠ.
പ്രാചീനമായ അറിവുകളോടൊപ്പം അത്യാധുനികമായ ജ്ഞാനവും അദ്ദേഹം സ്വായത്തമാക്കി. രൂപഭാവങ്ങളിലും വേഷധാരണത്തിലും പ്രകടമാവുന്ന സാധാരണത്വം കൊണ്ട് വ്യക്തിത്വങ്ങളെ അളക്കാന്‍ ശ്രമിച്ച പല ലുട്ടിയന്‍ പത്രപ്രവര്‍ത്തക ധുരന്ധരന്മാര്‍ക്കും ആ ധിഷണയുടെ വിശ്വരൂപം കാണേണ്ടിവന്നിട്ടുണ്ട്.
സംഘദര്‍ശനത്തെ സ്വാത്മീകരിച്ച ഒരാള്‍ക്കേ അത്തരമൊരു രചന നിര്‍വഹിക്കാനാകൂ. അതിലാണദ്ദേഹം ഠേംഗിഡിജിയുടെ പുസതകത്തെ ‘സംഘോപനിഷത്ത്’ എന്ന് വിശേഷിപ്പിച്ചത്.
അത്ര ലളിതവും സരളവും സാരഗര്‍ഭവുമായ ആഖ്യാന ശൈലി ആദ്യമായി കേള്‍ക്കുന്നത് ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിനാലില്‍ തൃതീയവര്‍ഷസംഘശിക്ഷാവര്‍ഗ് പരിശീലനത്തിന് പങ്കെടുക്കുമ്പോഴാണ്. അന്ന് പക്ഷെ ദൂരെനിന്നെ കാണുവാനേ ആയുള്ളുവെങ്കിലും തൊണ്ണൂറില്‍ കേരളത്തില്‍ നിന്നുള്ള ശിക്ഷാര്‍ത്ഥികളോടൊപ്പം ബൗദ്ധിക് ചുമതലക്കാരനായി വീണ്ടും നാഗ്പൂരില്‍ പോയപ്പോള്‍ അടുത്ത് പരിചയപ്പെടാനായി. വര്‍ഗ് തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് ചര്‍ച്ചാപ്രവര്‍ത്തകര്‍ക്കായുള്ള പരിശീലനം തുടങ്ങും. അതില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഞങ്ങള്‍ മുപ്പത്താറു പേര്‍ക്കുള്ള ശിക്ഷണം അദ്ദേഹമായിരുന്നു നയിച്ചത്. അറിവിന്റെ ആഴവും പരപ്പും സംസ്‌കൃതം, ഹിന്ദി, മറാഠി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള അസാമാന്യമായ സ്വാധീനം, അതിവൈകാരികതയോ വലിഞ്ഞുമുറുകലോ ഇല്ലാത്ത പ്രതിപാദനസാരള്യം അതിനെല്ലാമുപരി ഒരു സംഘപ്രവര്‍ത്തകന്റെ അടിസ്ഥാന ഗുണമായ തുറന്ന ഹൃദയബന്ധം. ഇതെല്ലാമാണ് ഈ ജ്ഞാനയോഗിയെന്ന് മനസ്സിലായത് അപ്പോഴാണ്.
അന്നത്തെ ചര്‍ച്ചകള്‍ക്കിടയില്‍ ഉണ്ടായ ഒരു സംഭവം പല കാരണങ്ങള്‍കൊണ്ടും ഓര്‍മ്മയില്‍ മായാതെ കിടക്കുന്നു. വിവിധ ഇസങ്ങളെ കുറിച്ചുള്ള പ്രാഥമിക പരിചയം നല്‍കുന്ന വിഷയമായിരുന്നു അന്നത്തെ സംവാദ വിഷയം. സ്വാഭാവികമായും സോഷ്യലിസത്തിനും നാസിസത്തിനും ഫാസിസത്തിനും ഒപ്പം കമ്മ്യൂണിസവും ചര്‍ച്ച ചെയ്യപ്പെട്ടു. ഓരോന്നിന്റെയും പ്രമുഖരായ വക്താക്കളുടെ പേരുകളും ഭാരതത്തിലെ പ്രധാന നേതാക്കളുടെ പേരുകളും പരാമര്‍ശവിഷയമായി. ആദ്യമായി തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടതെവിടെ ആയിരുന്നു ആരായിരുന്നു അതിന്റെ തലവന്‍ എന്നദ്ദേഹം ചോദിച്ചു. അത്യാവേശത്തോടെ കേരളമെന്നും ഇ.എം.എസ്സെന്നും ഞാന്‍ പറഞ്ഞു. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കവേ ഉത്തരഭാരതത്തില്‍ നിന്നുള്ള ഒരു പ്രവര്‍ത്തകന്‍ ഇ.എംഎസ്സിപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചു. എനിക്ക് ആ ചോദ്യം വിചിത്രമായി തോന്നി. സംഭവം നടക്കുന്നത് തൊണ്ണൂറിലാണെന്നോര്‍ക്കണം. ചോദ്യകര്‍ത്താവിന്റെ അജ്ഞാനത്തേക്കാള്‍ ഭാരതത്തില്‍ മാര്‍ക്‌സിസം എത്രകണ്ട് അപ്രസക്തമാണ് എന്ന വസ്തുത വെളിപ്പെടുത്തുന്നതായി രണ്ടാം ചിന്തയില്‍ ഞാന്‍ സ്വയം മനസ്സിനെ തിരുത്തുമ്പോഴേക്കും വൈദ്യജി ഇ എം എസ്സിനെ കുറിച്ചും അദ്ദേഹത്തിന്റെ വീക്ഷണത്തെക്കുറിച്ചും പറഞ്ഞുതുടങ്ങിക്കഴിഞ്ഞിരുന്നു. ഒപ്പം വൈചാരികമായി എതിര്‍ചേരിയില്‍ നില്‍ക്കുന്നവരേയും നാം ആദരവോടെ മനസ്സിലാക്കണമെന്നും ഓര്‍മ്മിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പ്രധാനമന്ത്രി നെഹ്റു പിരിച്ചു വിട്ടത് ജനാധിപത്യ മര്യാദകള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി പൂജനീയ ശ്രീ ഗുരുജി പ്രതികരിച്ചു എന്ന് അദ്ദേഹം വിശദീകരിക്കുന്നത് കേട്ടപ്പോള്‍ ആണ് ആദ്യമായി ആ സംഭവത്തിന്റെ ശരിയായ അര്‍ത്ഥം ഉള്‍ക്കൊണ്ടത്.
സംഘത്തില്‍ പ്രചാര്‍വിഭാഗ് തുടങ്ങുമ്പോള്‍ ആദ്യത്തെ അഖിലഭാരതീയപ്രചാര്‍പ്രമുഖായി നിയോഗിക്കപ്പെട്ടത് വൈദ്യജി ആയിരുന്നു. പിന്നീട് കുറച്ചു കാലം അദ്ദേഹം ദേശീയ വക്താവായും ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചു. ആ കാലഘട്ടത്തില്‍ ആണ് മുന്‍ചൊന്ന സംഭവങ്ങള്‍ നടന്നത്. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പുത്രന്‍ ഡോ.മന്‍മോഹന്‍വൈദ്യ അ. ഭാ. പ്രചാര്‍പ്രമുഖായിരുന്നു. ആ കാലയളവില്‍ ഇതെഴുതുന്ന ആള്‍ സഹപ്രചാര്‍ പ്രമുഖായി അദ്ദേഹത്തോടൊപ്പവും അല്ലാതെയും മാ.ഗോ.വൈദ്യജിയെ പലവട്ടം കണ്ടിട്ടുണ്ട്.
എല്ലാ കാലത്തും സംഘവിധേയമായിരുന്നു അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും. 1969 ല്‍ അദ്ദേഹത്തെ എം എല്‍ സി ആയി തെരഞ്ഞടുത്തു. സത്യപ്രതിജ്ഞാ തീയതിയും പ്രഖ്യാപിച്ചു. ഈ വിവരം അദ്ദേഹത്തെ അറിയിച്ചപ്പോഴുള്ള പ്രതികരണം ശ്രദ്ധേയമായിരുന്നു. സംഘനിശ്ചയപ്രകാരമാണ് നിയുക്തി എന്നതുകൊണ്ട് ചുമതലയേല്‍ക്കുന്നതില്‍ വിരോധമില്ല, പക്ഷേ നിങ്ങളുടെ നിശ്ചയിക്കപ്പെട്ട ദിവസം സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യമല്ല. കാരണം അന്നേ ദിവസം നേരത്ത നിശ്ചയിക്കപ്പെട്ട സംഘയാത്രയും പരിപാടിയും ഉണ്ട്. അതു കഴിഞ്ഞ് വന്നശേഷമുള്ള ഏതെങ്കിലും ദിവസം പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാം, ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സംഘത്തിനാണ് ജീവിതത്തില്‍ എന്നും പ്രഥമസ്ഥാനമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് അദ്ദേഹം ആജീവനാന്തം പുലര്‍ത്തിയ ശാഖാനിഷ്ഠ. ലോകംമുഴുവന്‍ അറിയുന്ന സംഘദാര്‍ശനികന്‍ ആയിട്ടും ഒരു ദിവസം പോലും അദ്ദേഹം ശാഖ മുടക്കിയിട്ടില്ല. അദ്ദേഹത്തതിന് അഞ്ച് ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമായിരുന്നു. ആണ്‍മക്കളില്‍ രണ്ട് പേര്‍, ഡോ മന്‍മോഹന്‍ജിയും (ഇപ്പോഴത്തെ സഹസര്‍കാര്യവാഹ്) ഡോ. രാംവൈദ്യജിയും (വിശ്വവിഭാഗ് സഹസംയോജക്) പ്രചാരകന്മാരായി. ഗൃഹസ്ഥനായ അദ്ദേഹത്തെ പലരും പ്രചാരകനെന്ന് തെറ്റിദ്ധരിച്ചിരുന്നു. അത്തരം ഒരു സന്ദര്‍ഭത്തെ കുറിച്ച് രണ്ട് വര്‍ഷം മുന്‍പ് നടന്ന ഒരു അനുസ്മരണ പരിപാടിയില്‍ സംസാരിക്കവേ ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞ ഒരു സംഭവം വളരെയേറെ രസകരമാണ്. വൈദ്യജിയെ ഒരിയ്ക്കല്‍ ഒരു ബൈഠക്കില്‍ വച്ച് സംഘപ്രചാരകനെന്ന രീതിയില്‍ അടല്‍ജി പരിചയപ്പെടുത്തി. ഉടനടി വൈദ്യജി അതു ഖണ്ഡിച്ചു കൊണ്ട് പറഞ്ഞു, ‘പ്രചാരക് നഹീം, പ്രചാരകോം കെ ബാപ് ഹൈം’ (പ്രചാരകനല്ല പ്രചാരകന്മാരുടെ തന്തയാണ് ഞാന്‍). പെട്ടെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് അസുഖകരമായി തോന്നാമെങ്കിലും അഹങ്കാരലേശമെന്യേ തമാശയുടെ മേമ്പൊടി ചേര്‍ത്തുള്ള ഒരു സത്യപ്രസ്താവം മാത്രമായിരുന്നു അതെന്നതുകൊണ്ട് അടല്‍ജിയുള്‍പ്പടെ അവിടെ ഉണ്ടായിരുന്നവരെല്ലാം അതാസ്വദിച്ചു ചിരിച്ചു.
ആരാണ് പണ്ഡിതന്‍ എന്ന ഗീതാകാരന്റെ നിര്‍വചനത്തിനോട് നൂറുശതമാനവും യോജിക്കുന്ന പുണ്യ ജന്മമായിരുന്നു വൈദ്യജിയുടേത്.
യസ്യ സര്‍വേ സമാരംഭാ:
കാമസങ്കല്‍പവര്‍ജിതാ:
ജ്ഞാനാഗ്‌നിദഗ്ധകര്‍മാണം
തമാഹു: പണ്ഡിതം ബുധാ:
കാമസങ്കല്‍പങ്ങളെ പരിപൂര്‍ണമായും പരിത്യജിച്ച് കര്‍മ്മങ്ങളെ ഒക്കെയും ജ്ഞാനാഗ്‌നിയില്‍ ദഹിപ്പിച്ചു പ്രവര്‍ത്തിക്കുന്നവനെയാണ് ബുധജനങ്ങള്‍ പണ്ഡിതന്‍ എന്ന് വിളിക്കുന്നത്.
ലക്ഷണത്തികവാര്‍ന്ന ആ ധിഷണാവൈഭവത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ ആത്മപ്രണാമം..
Discussion about this post