ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ ഭീക്ഷണി വകവെക്കാതെ മുന്നോട്ട് പോകുമെന്ന് എന്‍എന്‍എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ കപട മതേതരത്വം പ്രചരിപ്പിക്കുകയാണ്. 2006ല്‍ എരുമേലിയിലെ അയ്യപ്പ ക്ഷേത്രത്തില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനത്തിനായി സുപ്രിംകോടതിയില്‍ കേസ് വന്നപ്പോള്‍ മുതല്‍ അയ്യപ്പ വിശ്വാസത്തെ ബാധിക്കുന്നതാകും എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് സുപ്രിംകോടതിയില്‍ പ്രഗത്ഭനായ അഭിഭാഷകനെ ചുമതലപ്പെടുത്തി കഴിഞ്ഞ 12വര്‍ഷമായി കേസു പറഞ്ഞതെന്ന് സുകുമാരന്‍നായര്‍ പറഞ്ഞു. ഈ വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാരോ, ആചാരാനുഷ്ടാനങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ദേവസ്വം ബോര്‍ഡോ തയ്യാറായില്ല. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡാണ് പുനഃപരിശോധന ഹര്‍ജി കൊടുക്കേണ്ടത്. എന്‍എസ്എസ് നല്‍കിയ റിവ്യൂപെറ്റിഷന്‍ നവംബര്‍ 13ന് ഓപ്പണ്‍ കോടതിയില്‍ കേള്‍ക്കുകയും വിധി വിശ്വാസികള്‍ക്ക് അനുകൂലമാകുമെന്നും പ്രതീക്ഷിക്കുന്നു, മറിച്ചാണെങ്കില്‍ എന്‍എസ്എസ് പിന്നോട്ടില്ല, നിയമപരമായ രീതിയിലും സമാധാന പരമായ മാര്‍ഗ്ഗത്തിലും പ്രതിഷേധം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.