സാധാരണക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുതലെടുത്ത് ചതിക്കുഴിയില്‍ അകപ്പെടുത്തുന്ന ലോണ്‍ ആപ്പുകളുടെ വലയില്‍ കുടുങ്ങുന്നത് നിരവധി പേര്‍. തുച്ഛമായ തുക വായ്പയെടുക്കുന്നവര്‍ പോലും ഭീമമായ തുക തിരിച്ചടയ്‌ക്കേണ്ടി വരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. തല്ക്കാലത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് പലരും ലോണ്‍ ആപ്പുകളെ സമീപിക്കുന്നത്. ആവശ്യപ്പെടുന്ന പണം ഉടനടി അക്കൗണ്ടില്‍ എത്തും എന്നതാണ് ലോണ്‍ ആപ്പുകളിലേക്ക് സാധാരണക്കാര്‍ ആകൃഷ്ടരാകാന്‍ പ്രധാന കാരണം. വായ്പ എടുത്തുകഴിഞ്ഞാല്‍ പിന്നെ എത്ര രൂപ തിരിച്ചടച്ചാലും ആ ചതിക്കുഴിയില്‍ നിന്ന് കരകയറാന്‍ സാധിക്കില്ല. കോട്ടയം ജില്ലയിലും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായവരുണ്ടെന്നാണ് സൈബര്‍ സെല്ലില്‍ നിന്ന് ലഭിക്കുന്ന വിവരം. നൂറോളം പരാതികളാണ് ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്. ഇരയാക്കപ്പെടുന്നവര്‍ ഭീഷണികള്‍ക്ക് വഴങ്ങാതെ പോലീസിനെ സമീപിക്കുന്നത് കൂടുതല്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നുവെന്ന് അധികൃതര്‍ പറയുന്നു. ഇത്തരം തട്ടിപ്പുകളില്‍ വീഴാതെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പോലീസ് മേധാവിയും മുന്നറിയിപ്പ് നല്കുന്നു.
തട്ടിപ്പിന്റെ ആദ്യ പടി
സമൂഹ മാധ്യമങ്ങള്‍ സജീവമായ ഈ കാലത്ത് സോഷ്യല്‍ മീഡിയ മുഖേന പേഴ്‌സണല്‍ ലോണ്‍ എന്ന പേരില്‍ പരസ്യത്തിലൂടെയോ ഫോണ്‍ കോള്‍ വഴിയോ ആണ് തട്ടിപ്പുസംഘങ്ങള്‍ എത്തുന്നത്. ലോണ്‍ ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയാല്‍ ഒരു ലിങ്ക് അയച്ചു തരും. ആ ലിങ്കില്‍ ക്ലിക് ചെയ്ത് ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിക്കും. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും ഫോട്ടോയും നല്കിയാല്‍ ഉടന്‍ പണം അക്കൗണ്ടിലേക്ക് എത്തും. 2000 മുതല്‍ 5000 രൂപ വരെ പ്രൊസസിങ് ചാര്‍ജ് ഇനത്തില്‍ ഈടാക്കിയ ശേഷം ബാക്കി തുകയാണ് അക്കൗണ്ടിലെത്തുക. തിരിച്ചടവ് തീയതിക്ക് മുമ്പു തന്നെ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വിളിയെത്തും. പലിശയും പിഴപ്പലിശയും അടക്കം ഭീമമായ തുകയാവും പിന്നീട് തട്ടിപ്പുകാര്‍ ആവശ്യപ്പെടുക.
ഭയക്കണം ‘ആപ്പി’ നെ
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്തു തന്നെ ഗ്യാലറി, വീഡിയോ, കോണ്‍ടാക്ടുകള്‍, എസ്എംഎസ്, ഫയല്‍സ്, ക്യാമറ തുടങ്ങിയവ ആക്‌സസ് ചെയ്യാനുള്ള പെര്‍മിഷന്‍ ചോദിക്കാറുണ്ട്. അനുമതി നല്‍കുന്നതിലൂടെ എല്ലാ ഡാറ്റകളും കൈവശപ്പെടുത്താന്‍ സാധിക്കും. ഇതാണ് തട്ടിപ്പുകാരുടെ പിടിവള്ളി. വായ്പ എടുത്തയാളിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിയും. തിരിച്ചടവ് മുടങ്ങുന്നതോടെ തട്ടിപ്പിന് ഇരയായ വ്യക്തിയുടെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരിലേക്ക് ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അയക്കാന്‍ തുടങ്ങും. കൂടുതല്‍ പേര്‍ക്ക് അയക്കുമെന്ന ഭീഷണിയും. ഈ തന്ത്രത്തിലാണ് പലരും ഭയപ്പെട്ട് പോകുന്നത്. അതോടെ ചോദിക്കുന്ന പണം കൊടുക്കാന്‍ നിര്‍ബന്ധിതരാകും. മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെട്ട് അത്മഹത്യ ചെയ്തവരും ഏറെയുണ്ട്.
സുക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
ഓണ്‍ലൈന്‍ പണമിടപാടുകള്‍ വര്‍ധിച്ചതോടെ അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വര്‍ധിച്ചതായി സൈബര്‍ സെല്‍ അധികൃതര്‍ പറയുന്നു.
1. സുരക്ഷിത ഉറവിടത്തില്‍ നിന്നാണെന്ന് തിരിച്ചറിയുന്നില്ലെങ്കില്‍ ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. ലോണ്‍ ആപ്പിന് ആര്‍ബിഐ അംഗീകരിച്ച ബാങ്കിന്റെ പിന്തുണയുള്ളതാണോ അതോ എന്‍ബിഎഫ്‌സി ആയി രജിസ്റ്റര്‍ ചെയ്തതാണോ എന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
2. ആകര്‍ഷകമായ വായ്പ തിരിച്ചടവ് പരസ്യങ്ങളില്‍ വീഴാതിരിക്കുക. ലോണ്‍ എടുക്കേണ്ടി വന്നാല്‍, ആധികാരിക മാര്‍ഗത്തിലൂടെ പോകുക. ബാങ്ക്, നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നിവയെ സമീപിക്കുക. ഉപയോഗിക്കുന്ന സൈറ്റോ ആപ്പോ പ്രതിനിധീകരിക്കുന്നവര്‍ക്ക് ഫിസിക്കല്‍ ഓഫീസുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുക.
3. ലോണ്‍ പ്രോസസിങ്ങിനായി ലോണിന്റെ ഒരു ഭാഗം മുന്‍കൂട്ടി അടയ്‌ക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് തട്ടിപ്പാണെന്ന് മനസ്സിലാക്കുക.
4. കോണ്‍ടാക്റ്റുകള്‍, ലൊക്കേഷന്‍, ഫോട്ടോ തുടങ്ങിയ ഫോണ്‍ പെര്‍മിഷനുകള്‍ ഒന്നും ഈ ആപ്പുകള്‍ക്ക് നല്കരുത്. ആക്സസ് ചെയ്യാന്‍ അനുവദിച്ചാല്‍ മുഴുവന്‍ കോണ്‍ടാക്റ്റ് ലിസ്റ്റും, ഫോട്ടോകളും വീഡിയോകളും തട്ടിപ്പ് സംഘങ്ങള്‍ക്ക് ലഭിക്കുകയും അത് പിന്നീട് മറ്റ് കുറ്റകൃത്യങ്ങള്‍ നടത്താന്‍ അവര്‍ക്ക് സഹായകമാവുകയും ചെയ്യും.
5. ഇത്തരം ലോണ്‍ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ, നിങ്ങള്‍ ലോണ്‍ എടുത്തില്ലെങ്കില്‍ പോലും ലോണ്‍ എടുത്തതായി കണക്കാക്കി പണം ഈടാക്കാനുള്ള ശ്രമം നടത്തും.
കോണ്‍ടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്‌ക്ക് ലോണ്‍ എടുത്തയാള്‍ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഹണിട്രാപ്പില്‍പ്പെടുത്തുകയും ചെയ്യും.
6. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും നിയമവിരുദ്ധമായ നിരവധി ആപ്പുകള്‍ ഉണ്ട്. അവയുടെ നിലവാരം പ്ലേസ്റ്റോറില്‍ തന്നെ പരിശോധിക്കുക. കൂടുതല്‍ നെഗറ്റീവ് കമന്റുകള്‍, കുറഞ്ഞ ഡൗണ്‍ലോഡുകള്‍ എന്നിവയിലൂടെ ഈ ആപ്പുകളുടെ നിലവാരം തിരിച്ചറിയാന്‍ കഴിയും.
Discussion about this post