മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അവഹേളനപരമായി കമന്റ് ചെയ്‌തെന്നാരോപിച്ച് ഒരു യുവാവിനെ ശിവസേനക്കാര്‍ മര്‍ദിച്ചവശനാക്കി മൊട്ടയടിച്ചു വിട്ടു. മുംബൈ വഡാലയിലെ ഹിരാമണി തിവാരി (30) ആണ് ശിവസേനക്കാരുടെ കോപത്തിനിരയായത്. പൗരത്വഭേദഗതി ബില്ലിനെതിരെ ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ നയിക്കുന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ തന്റെ ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു. ഡിസംബര്‍ 15നാണ് ഹിരാമണി തിവാരി രാഹുല്‍ തിവാരി എന്ന പേരില്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ഉദ്ധവ് താക്കറെയുടെ പോസ്റ്റിനെ അവഹേളിച്ച് പോസ്റ്റ് ഇട്ടത്. ജാമിയ മിലിയ വിദ്യാര്‍ഥികളുടെ സമരത്തില്‍ പോലീസ് സ്വീകരിച്ച നടപടികള്‍ ജാലിയന്‍വാലാബാഗിനെ അനുസ്മരിപ്പിക്കുന്നതാണെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പോസ്റ്റ്. അതിനടിയില്‍ പോസ്റ്റ് ചെയ്ത കമന്റിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നും ഭീഷണി സന്ദേശം ലഭിച്ചിരുന്നെന്ന് തിവാരി അറിയിച്ചു. തുടര്‍ന്ന് അദ്ദേഹം ആ പോസ്റ്റ് പിന്‍വലിച്ചു. എന്നിട്ടും തിവാരി ക്രൂരമായ മര്‍ദനത്തിന് വിധേയനാകുകയായിരുന്നു. ശിവസേനക്കാര്‍ രൂപീകരിച്ച സമാധാന്‍ ജുക്ദിയോ എന്ന സംഘടനയും പ്രകാശ് ഹസ്‌ബേ എന്നയാളുമാണ് ഹിരാമണി തിവാരിയെ അക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. തിവാരിയുടെ പരാതിയെ തുടര്‍ന്ന് അക്രമികള്‍ക്കെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്തു. അവഹേളനപരമായി പോസ്റ്റിട്ടതിന് ഹിരാമണി തിവാരിക്കെതിരെയും കേസ് എടുത്തതായി വഡാല പോലീസ് അറിയിച്ചു.
Discussion about this post