കൊച്ചി: രണ്ടാം മാറാട് കലാപക്കേസില്‍ പ്രതികളായ അമ്പതു പേരെ വെറുതെ വിട്ടതിനെതിരേ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി. കൊല്ലപ്പെട്ടവരിലൊരാളുടെ ബന്ധുവും അരയസമാജം പ്രതിനിധിയുമായ സൗമിനിയാണു ഹര്‍ജിക്കാരി. എല്ലാ പ്രതികളെയും ശിക്ഷിക്കണമെന്നും ശിക്ഷിക്കപ്പെട്ടവര്‍ക്കു കൂടുതല്‍ ശിക്ഷ വിധിക്കണമെന്നുമാണു ഹര്‍ജിയിലെ ആവശ്യം. ഒമ്പതു പേര്‍ കൊല്ലപ്പെട്ട കേസില്‍ 148 പേരായിരുന്നു പ്രതിപ്പട്ടികയില്‍. 62 പേരെ ശിക്ഷിച്ച മാറാട് പ്രത്യേക കോടതി മറ്റുള്ളവരെ വെറുതേവിട്ടു. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി 24 പേര്‍ക്കുകൂടി ജീവപര്യന്തം ശിക്ഷവിധിച്ചു. മറ്റു പ്രതികള്‍ക്കെതിരേ തെളിവില്ലെന്നു കണ്ട് വെറുതേവിട്ട ഹൈക്കോടതി ഉത്തരവിനെതിരേയാണു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ 2017 ജനുവരിയില്‍ എറണാകുളം സിജെഎം കോടതിയില്‍ മുസ്ലിം ലീഗ് നേതാക്കളടക്കമുള്ളവരെ പ്രതികളാക്കി എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണു പുതിയ ഹര്‍ജി. 2003 മേയ് രണ്ടിനായിരുന്നു രണ്ടാം മാറാട് കലാപം നടന്നത്. ആയുധധാരികളായ അക്രമികള്‍ മാറാട് കടപ്പുറത്ത് എട്ടുപേരെ കൊലപ്പെടുത്തി. നിരവധി പേര്‍ക്കു പരിക്കേറ്റു. ഹിന്ദുക്കളായ എട്ടു മത്സ്യത്തൊഴിലാളികളും ഒരു മുസ്ലിമുമാണു കൊല്ലപ്പെട്ടത്. 2002 ജനുവരിയില്‍ പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ടു തുടങ്ങിയ തര്‍ക്കം മൂന്നു മുസ്ലിങ്ങളുടെയും രണ്ടു ഹിന്ദുക്കളുടെയും കൊലപാതകത്തിലെത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണു രണ്ടാമത്തെ കലാപമെന്നാണു ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്.
Discussion about this post