നാഗ്പൂർ : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന അക്രമങ്ങൾ അപല പനീയമാണെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കൊലപാതകങ്ങളും തീവയ്പും സ്ത്രീകൾക്കെതിരായ മനുഷ്യത്വരഹിതമായ പീഡനങ്ങളും തടയാൻ ഉചിതമായ നടപടികൾ വേണം. എന്നാൽ നിലവിലെ ബംഗ്ലാദേശ് സർക്കാർ കാഴ്ചക്കാരായി നിൽക്കുകയാണ്. ബംഗ്ലാദേശി ഹിന്ദുക്കൾ സ്വയരക്ഷയ്ക്കുവേണ്ടി ജനാധിപത്യപരമായി ശബ്ദമുയർത്തുമ്പോൾ അത് അടിച്ചമർത്താനാണ് അവർ ശ്രമിക്കുന്നത്.
ഹിന്ദുക്കളുടെ സമാധാനപരമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഇസ്‌കോൺ സംന്യാസി പൂജ്യ ശ്രീ ചിൻമോയ് കൃഷ്ണ ദാസ് ജിയെ ബംഗ്ലാദേശ് സർക്കാർ അറസ്റ്റ് ചെയ്തത് അന്യായമാണ്. ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണം. പൂജ്യ ശ്രീ ചിൻമയ് കൃഷ്ണ ദാസ് ജിയെ ജയിലിൽ നിന്ന് മോചിപ്പിക്കണം, സർകാര്യവാഹ് ബംഗ്ലാദേശ് സർക്കാരിനോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരാനും ഇക്കാര്യത്തിൽ അന്താരാഷ്ട്ര പിന്തുണ നേടുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ഭാരത സർക്കാർ തയാറാകണം.
ഈ നിർണായക ഘട്ടത്തിൽ ഭാരതവും ആഗോള സമൂഹവും അന്താരാഷ്ട്ര സ്ഥാപനങ്ങളും ബംഗ്ലാദേശിലെ ഇരകൾക്കൊപ്പം നിൽക്കുകയും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും വേണം. ആഗോള സമാധാനത്തിനും സാഹോദര്യത്തിനും ആവശ്യമായ സാധ്യമായ ശ്രമങ്ങൾ നടത്താൻ ബന്ധപ്പെട്ട സർക്കാരുകൾ തയാറാകണമെന്ന് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു.
Discussion about this post