പ്രയാഗ്രാജ്: ശബ്ദമലിനീകരണം ഉണ്ടാക്കുന്ന രീതിയില്‍ മുസ്ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്ന് പ്രയാഗ്രാജ് (അലഹബാദ്) ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതെ മനുഷ്യ ശബ്ദം മാത്രം മതിയെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതത് ജില്ല ഭരണകൂടത്തിന്റെ ഉത്തരവില്ലാതെ ഇനി മൈക്കും ലൗഡ് സ്പീക്കറും ഉപയോഗിക്കരുത്. ബാങ്ക് വിളി ലൗഡ് സ്പീക്കറിലൂടെ കേള്‍പ്പിക്കണമെന്ന് ഇസ്ലാം മതത്തില്‍ പറയുന്നില്ല. ബാങ്ക് വിളിക്ക് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 25 പ്രകാരം സംരക്ഷിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഭാരതത്തിലെ മറ്റൊരു പൗരന് ഇഷ്ടമില്ലാത്തതോ ആവശ്യമില്ലാത്തതോ ആയ ഒന്നും കേള്‍ക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും അത് വ്യക്തികളുടെ പൗരാവകാശം കവരുന്നതിന് തുല്യമാണെന്നും കോടതി ഉത്തരവ് പുറത്തിറക്കുന്നതിനിടെ വ്യക്തമാക്കി. ജസ്റ്റിസുമാരായ ശശികാന്ത് ഗുപ്ത, അജിത് കുമാര്‍ എന്നിവരാണ് വിധി പറഞ്ഞത്. ഖാസിപൂര്‍ ജില്ലയിലെ ബാങ്ക് വിളി നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ഖാസിപുര്‍ ബിഎസ്പി എംപി അഫ്‌സല്‍ അന്‍സാരിയാണ് കോടതിയെ സമീപിച്ചത്. നേരത്തെ സുപ്രീംകോടതിയും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വിധത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചിള്ള ബാങ്ക് വിളിക്കെതിരെ രംഗത്തുവന്നിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ ഈ വിധി മറ്റുകോടതികളില നിലനില്‍ക്കുന്ന കേസുകളെയും സ്വാധീനിക്കും.
Discussion about this post