മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്ക് ഭൂമി വാങ്ങിയതില്‍ നടന്ന അഴിമതിയില്‍ മന്ത്രി ജലീലിന് പങ്കെന്ന ആരോപണവുമായി യൂത്ത് ലീഗ്. സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ ജലീലീനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസാണ് രംഗത്തെത്തിയിരിക്കുന്നത്. നിര്‍മാണ യോഗ്യമല്ലാത്ത ഭൂമി വന്‍ തുകയ്ക്ക് ഏറ്റെടുത്തുവെന്നാണ് ഫിറോസ് ആരോപിച്ചത്. ഈ ഭൂമി സിആര്‍സെഡ് സോണ്‍ മൂന്നില്‍ പെടുന്നതാണെന്ന് ഹരിത ട്രിബ്യൂണലിന്റെ വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഭൂമി ഒരു തരത്തിലുള്ള നിര്‍മാണങ്ങള്‍ക്കും പറ്റിയ സ്ഥലമല്ലെന്ന് വ്യക്തമാക്കി ഹരിത ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചു. ഇത്തരം ഒരു ഭൂമി വന്‍ വിലകൊടുത്ത് ഏറ്റെടുത്തത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാന്റെയും താനൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ലില്ലീസ് ഗഫൂറിന്റെയും ബന്ധുക്കളുടെ ഭൂമി ഇതിലുണ്ടെന്നും പി.കെ. ഫിറോസ് പറഞ്ഞു. കെ.ടി. ജലീല്‍ ഇടപെട്ടാണ് ഭൂമിക്ക് പണം അനുവദിച്ചത്. 16 കോടി 63 ലക്ഷം രൂപ വില നിശ്ചിച്ച് ഏറ്റെടുത്ത ഭൂമിക്ക് ഒന്‍പത് കോടി ഇതിനകം അനുവദിച്ചു കഴിഞ്ഞു. ട്രിബ്യൂണലിന്റെ വിധി മറച്ചുവച്ച് ബാക്കി തുക കൂടി ആവശ്യപ്പെട്ടിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഗ്രീന്‍ ട്രിബ്യൂണലിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ ഭൂമി അടിയന്തിരമായി തിരിച്ചുപിടിക്കണമെന്നും അന്വേഷണം വേണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. ഇതില്‍ നിന്നും കെ.ടി. ജലീലും സിപിഎമ്മും എത്ര രൂപ കൈക്കലാക്കിയെന്നും ഫിറോസ് ചോദിച്ചു.
Discussion about this post