ലഖ്‌നൗ: അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തത് ആസൂത്രിതമല്ലെന്ന് സിബിഐ കോടതി വിധി പ്രസ്താവിച്ചു. കേസില്‍ തെളിവില്ല. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയെല്ലാം വെറുതെ വിട്ടു. കേസിലെ 32 കുറ്റാരോപിതരേയും കുറ്റവിമുക്തരാക്കി കോടതി അറിയിച്ചു. ഗൂഢാലോചന നടത്തി തര്‍ക്കമന്ദിരം പൊളിച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്തു കൊണ്ടാണെന്നതിന് തെളിവില്ലെന്ന് ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്.കെ. യാദവ് വിധി പ്രസ്താവിച്ചു കൊണ്ടുപറഞ്ഞു. പെട്ടന്നുണ്ടായ വികാരത്തില്‍ ചെയ്ത പ്രവര്‍ത്തിയാണെന്നും കോടതി വിധിച്ചു. 2000 പേജുള്ളതാണ് വിധി. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി അടക്കം 32 പേരാണ് ആരോപണ വിധേയരായി പട്ടികയിലുള്ളത്. 1992 ഡിസംബര്‍ 6നാണ് തര്‍ക്കമന്ദിരം തകര്‍ക്കപ്പെടുന്നത്. നീണ്ട 28 വര്‍ഷത്തെ നിയമനടപടികള്‍ക്ക് ശേഷമാണ് കേസില്‍ ഇന്ന് വിധി പുറപ്പെടുവിച്ചത്.
2017ല്‍ എല്ലാ ദിവസവും വിചാരണ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടികള്‍ നീണ്ടു. ഈ വര്‍ഷം ഏപ്രിലോടെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് രണ്ടാമത് കോടതി ഉത്തരവിട്ടെങ്കിലും വീണ്ടും മൂന്ന് തവണ സമയം നീട്ടി നല്‍കി. അതിനിടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറോടെ വിരമിക്കാനിരുന്ന ജഡ്ജിയുടെ കാലാവധി സുപ്രീംകോടതി ഉത്തരവനുസരിച്ച് നീട്ടിനല്‍കി. ഇന്നു തന്നെയാണ് ജഡ്ജി വിരമിക്കുന്നതും.
എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിംഗ്, വിഎച്ച്പി നേതാവ് വിനയ് കത്യാര്‍ (അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദിലെ മുന്‍ എംപി), സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, ധരം ദാസ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, സതീഷ് ചന്ദ്ര നാഗര്‍ എന്നീ 15 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റമാണ് സുപ്രീംകോടതി 2017 ഏപ്രില്‍ 19ന് പുനഃസ്ഥാപിച്ചത്. ഇവരുള്‍പ്പെടെ കേസിലെ 48 പ്രതികളില്‍ 32 പേരാണ് ജീവിച്ചിരിക്കുന്നത്.
രാജസ്ഥാന്‍ ഗവര്‍ണറായിരുന്നതിനാല്‍ കല്യാണ്‍ സിങ്ങിന് വിചാരണ നേരിടുന്നതില്‍നിന്ന് സംരക്ഷണം ലഭിച്ചിരുന്നു. ഗവര്‍ണര്‍സ്ഥാനം ഒഴിഞ്ഞതോടെ കല്യാണ്‍ സിങ്ങും പിന്നീട് വിചാരണ നേരിട്ടു. ശിവസേനാ നേതാവ് ബാല്‍ താക്കറെ, വിഎച്ച്പി നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍, അശോക് സിംഘല്‍, മഹന്ത് അവൈദ്യനാഥ്, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ എന്നിവര്‍ വിചാരണകാലയളവില്‍ അന്തരിച്ചു.
Discussion about this post