തിരുവനന്തപുരം: സര്‍ക്കാര്‍ കമ്പനിയെന്ന വ്യാജേന രൂപീകരിച്ച സ്വകാര്യ കമ്പനിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാര്‍ സ്വത്തുക്കള്‍ യുഎസ്ടി ഗ്ലോബലിന് തീരെഴുതി. അഴിമതിക്ക് കളമൊരുക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ നീക്കങ്ങളുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടത് ആറന്മുള മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ. ശിവദാസന്‍ നായരാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉത്പന്നങ്ങളും കേന്ദ്രീകൃത സംവിധാനത്തിലൂടെ വാങ്ങിക്കുന്നതിനായി കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതാകട്ടെ ശിവശങ്കര്‍ ഡയറക്ടറായി രൂപീകരിച്ച കൊക്കോണിക്‌സ് എന്ന ഐടി ഭീമന്‍ യുഎസ്ടി ഗ്ലോബലിന്റെ ബിനാമി കമ്പനിക്കു വേണ്ടി മാത്രമായിരുന്നു. കൊക്കോണിക്‌സില്‍ നിന്നു കമ്പ്യൂട്ടര്‍ വാങ്ങിക്കാന്‍ വേണ്ടിമാത്രമായിരുന്നു ഇത്തരത്തില്‍ ഒരു ഉത്തരവിറക്കിയത്. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കേരളത്തിന്റെ തനത് ലാപ്‌ടോപ് നല്‍കാനായി സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തത്തോടെയാണ് കൊക്കോണിക്‌സ് എന്ന കമ്പനി രൂപീകരിച്ചത്. ഈ കമ്പനിയുടെ 51 ശതമാനം ഷെയര്‍ കൊക്കോണിക്‌സിനും 49 ശതമാനം സര്‍ക്കാരിനുമാണ്. കൊക്കോണിക്‌സിന്റെ കൈവശമുള്ള ഷെയറുകളില്‍ രണ്ടു ശതമാനം ആക്‌സിലറോണ്‍ എന്ന കമ്പനിക്ക് അവകാശപ്പെട്ടതാണ്. സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയില്‍ ഒരു സ്വകാര്യ വ്യക്തിക്കാണ് ഭൂരിഭാഗം ഓഹരി പങ്കാളിത്തമെന്നതു തന്നെ അഴിമതിക്കുള്ള ആദ്യത്തെ ചുവടുവയ്പായി കണക്കാക്കേണ്ടി വരും. കെല്‍ട്രോണിനു കീഴിലുള്ള തിരുവനന്തപുരം മണ്‍വിളയിലെ 66 സെന്റ് സര്‍ക്കാര്‍ ഭൂമിയാണ് കൊക്കോണിക്‌സിന് നല്‍കിയിരിക്കുന്നത്. കൊക്കോണിക്‌സിന് യാതൊരു സ്വത്തും (അസറ്റ്) ഇല്ല. കൊക്കോണിക്‌സിന് കെട്ടിടം നിര്‍മിച്ചു നല്‍കിയത് കെല്‍ട്രോണാണ്. സര്‍ക്കാര്‍ ഭൂമി എസ്ബിഐയില്‍ പണയം വച്ച് 24 കോടി രൂപയെടുത്താണ് കമ്പനി പ്രവര്‍ത്തിക്കാനുള്ള ഫണ്ട് കണ്ടെത്തിയിരിക്കുന്നത്. കല്‍ട്രോണിനും കെഎസ്‌ഐഡിസിക്കും പങ്കാളിത്തമുണ്ട് എന്നതുമാത്രമാണ് സര്‍ക്കാര്‍ പങ്കാളിത്തത്തിനുള്ള ആകെ തെളിവ്. ഇത്രയൊക്കെയാണെങ്കിലും കൊക്കോണിക്‌സ് ഒരു സര്‍ക്കാര്‍ കമ്പനി എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.
നാലായിരം ലാപ്ടോപുകള്‍ നിര്‍മിച്ച് നല്‍കി എന്നാണ് കമ്പനി പറയുന്നത്. പക്ഷെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത പാര്‍ട്സുകള്‍ കൂട്ടി യോജിപ്പിച്ച് ലാപ്ടോപ് ആക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. ഇത് ഒരു അസംബ്ലിംഗ് യൂണിറ്റ് മാത്രമാണ്. കേരളത്തിന്റെ തനത് കമ്പ്യൂട്ടര്‍ നിര്‍മിക്കാന്‍ കെല്‍ട്രോണ്‍ ആണ് ടെന്‍ഡര്‍ ക്ഷണിച്ചത്. സര്‍ക്കാര്‍ വകുപ്പുകള്‍, സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെല്ലാം കേന്ദ്രീകൃത പര്‍ച്ചേസ് വഴി ഈ കമ്പനിയില്‍ നിന്ന് ലാപ്ടോപുകള്‍ ലഭ്യമാക്കും. കെല്‍ട്രോണ്‍ ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ എത്തിയത് ലെനോവ, കൊക്കോണിക്സ് എന്നീ കമ്പനികള്‍ മാത്രമാണ്. കൊക്കോണിക്സ് സ്ഥാപനത്തിനു 50 ശതമാനം ലെനോവ റേറ്റില്‍ നല്‍കാന്‍ തീരുമാനിച്ചു. കൊക്കോണിക്‌സ് കമ്പനിക്ക് ആകെ അഞ്ചു ഡയറക്ടര്‍മാരാണുള്ളത്. അതില്‍ ഒരാള്‍ ശിവശങ്കറാണ്. കൊക്കോണിക്സ് കമ്പനി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കിയ ഇ മെയില്‍ വിലാസമാണ് യുഎസ്ടി ഗ്ലോബലിലേക്ക് വിരല്‍ ചൂണ്ടിയത്. കൊക്കോണിക്‌സ് രൂപീകരിച്ചതിനു ശേഷം മൂന്നു മാസം കഴിഞ്ഞു ബംഗളൂരുവില്‍ ആക്സിലറോണ്‍ എന്ന പേരില്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനി ആരംഭിച്ചു. ആ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഒരു ഡയറക്ടര്‍ കൊക്കോണിക്സ് ഡയറക്ടര്‍ ആയ പ്രസാദ് കൊച്ചുകുഞ്ഞ് ആണ്. ഒരു അസറ്റും കൊക്കോണിക്സ് ക്രിയേറ്റ് ചെയ്തിട്ടില്ല. വര്‍മ ആന്‍ഡ് വര്‍മ കമ്പനി നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്രയും വലിയ യൂണിറ്റിന് അസറ്റ് ഇല്ലാതെ എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ആരും വ്യക്തമാക്കിയിട്ടില്ല. നാലായിരം ലാപ്ടോപ് വിറ്റു എന്നാണ് പറയുന്നത്. ഒരു ലാപ്ടോപ്പ് പോലും ഇവിടെ നിര്‍മിച്ചിട്ടില്ല. സര്‍ക്കാര്‍ ഡയറക്ടര്‍മാര്‍ ആരും കമ്പനിയിലില്ല. അതുകൊണ്ട് ഈ കമ്പനി പൂര്‍ണമായും യുഎസ്ടി ഗ്ലോബലിന്റെ കൈയിലാണെന്നു നിസംശയം പറയാം. സംസ്ഥാനത്തിന്റെ സ്ഥലം, സംസ്ഥാനത്തിന്റെ സൗകര്യം എല്ലാ അംഗീകാരവും നല്‍കി ലാപ്ടോപുകള്‍ വിതരണം ചെയ്യാനുള്ള അവകാശം യുഎസ്ടി ഗ്ലോബലിനെ ഏല്‍പ്പിച്ചിരിക്കുന്നു. രണ്ടു കമ്പനിക്കും എങ്ങനെ ഒരേ ഡയറക്ടര്‍മാര്‍ വന്നുവെന്നത് അഞ്ജാതമാണ്. ഈ കമ്പനിയുടെ മറ്റൊരു രണ്ടാമത് ഒരു ഡയറക്ടര്‍ വൃന്ദ വിജയന്‍ ആണ്. ആരാണ് വൃന്ദ വിജയന്‍ എന്നത് അറിയേണ്ടതുണ്ട്. കൊക്കോണിക്സ് കമ്പനിയുടെ പ്രസാദും വൃന്ദ വിജയനും ചേര്‍ന്നാണ് ആക്സിലറോണ്‍ രൂപീകരിച്ചത്. രണ്ടു ശതമാനം ഷെയര്‍ ആണ് ആക്സിലറോണ്‍ കൈവശമാക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത് മൂന്നു മാസത്തിനുള്ളിലാണ് രണ്ടു ശതമാനം കൊക്കോണിക്സ് ഷെയര്‍ ഇവര്‍ സ്വന്തമാക്കുന്നത്. സംശയാസ്പദമായ കാര്യങ്ങള്‍ ആണ് ഈ രണ്ടു കമ്പനികളുടെ കാര്യത്തിലും നടന്നിട്ടുള്ളത്.
Discussion about this post